Asianet News MalayalamAsianet News Malayalam

അന്ന് ഞാനവനോട് യാചിച്ചു, അരുത് അത് ചെയ്യരുതെന്ന്; ആര്‍സിബിക്ക് ഐപിഎല്‍ കിരീടം നഷ്ടമായതിനെക്കുറിച്ച് കുംബ്ലെ

2009ലെ ഐപിഎല്‍ സീസണിലാണ് അനില്‍ കുംബ്ലെ നയിച്ച ആര്‍സിബി ആദ്യമായി ഫൈനലിലെത്തിയത്. ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാര്‍ജേഴ്സായിരുന്നു ഫൈനലിലെ എതിരാളികള്‍.

Anil Kumble reveals how RCB misses the golden Oppurnity ti win IPL Title in 2009 final vs Deccan Chargers
Author
First Published Apr 26, 2024, 11:42 AM IST

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെത്തി നില്‍ക്കുമ്പോഴും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് കിരീടം കിട്ടാക്കനിയാണ്. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഒരിക്കല്‍ പോലും കിരീടം കൈയെത്തിപ്പിടിക്കാനായില്ല. ഇത്തവണ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കുശേഷം ഇന്നലെ ഹൈദരാബാദിനെതിരെ ജയിച്ച ആര്‍സിബി ഒമ്പത് കളികളില്‍ രണ്ട് ജയം മാത്രമായി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഈ സീസണിലും നേരിയ പ്ലേ ഓഫ് പ്രതീക്ഷ മാത്രമാണ് ആര്‍സിബിക്കുള്ളത്. ഇതിനിടെ ആര്‍സിബിക്ക് ആദ്യമായി ഐപിഎല്‍ കിരീടം നഷ്ടമാകാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് മുന്‍ നായകന്‍ അനില്‍ കുംബ്ലെ. ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു കുംബ്ലെയുടെ തുറന്നു പറച്ചില്‍.

2009ലെ ഐപിഎല്‍ സീസണിലാണ് അനില്‍ കുംബ്ലെ നയിച്ച ആര്‍സിബി ആദ്യമായി ഫൈനലിലെത്തിയത്. ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാര്‍ജേഴ്സായിരുന്നു ഫൈനലിലെ എതിരാളികള്‍. രോഹിത് ശര്‍മ അടക്കമുളള താരങ്ങളുള്ള ഡെക്കാന്‍ ചാര്‍ജേഴ്സിനെ ആര്‍സിബി 143-6 റണ്‍സില്‍ എറിഞ്ഞൊതുക്കി. 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കുംബ്ലെ തന്നെയായിരുന്നു ആര്‍സിബിയെ മുന്നില്‍ നിന്ന് നയിച്ചത്. പ്രവീണ്‍ കുമാര്‍ മത്സരത്തില്‍ അഞ്ച് വൈഡുകള്‍ എറിഞ്ഞത് ഡെക്കാന്‍ ചാര്‍ജേഴ്സിനെ 143ല്‍ എത്താന്‍ സഹായിച്ചുവെന്ന് കുംബ്ലെ പറഞ്ഞു.

രോഹിത്തിന്‍റെ പിന്‍ഗാമിയായി അവനെ ക്യാപ്റ്റനാക്കരുത്, ബിസിസിഐക്ക് മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

മറുപടി ബാറ്റിംഗില്‍ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്ക് ആര്‍ പി സിംഗ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. കുംബ്ലെയും ഉത്തപ്പയും ആയിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ കുംബ്ലെ സിംഗിളെടുത്ത് സ്ട്രൈക്ക് ഉത്തപ്പക്ക് കൈമാറി. എന്നാല്‍ രണ്ടാം പന്തിലും മൂന്നാം പന്തിലും ഉത്തപ്പക്ക് റണ്‍സെടുക്കാനായില്ല. രണ്ട് തവണയും സ്കൂപ്പ് ചെയ്യാന്‍ ശ്രമിച്ചാണ് ഉത്തപ്പ പരാജയപ്പെട്ടത്. ആദ്യ തവണ സ്കൂപ്പ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴെ ഞാന്‍ അവന്‍റെ അടുത്ത് ചെന്ന് പറഞ്ഞു, ദയവു ചെയ്ത് സ്കൂപ്പ് ചെയ്യാന്‍ നോക്കരുത്. അവന്‍ അതിന് എറിഞ്ഞു തരില്ല, സ്ലോഗ് ചെയ്യൂ എന്ന്. എന്നാല്‍ വീണ്ടും അവന്‍ അത് തന്നെ ചെയ്തു. ഇത്തവണയും കണക്ടായില്ല.

വീണ്ടും ഞാന്‍ അവന്‍റെ അടുത്ത് ചെന്ന് യാചിച്ചു.ദയവു ചെയ്ത് അത് ചെയ്യരുത്, സ്ലോഗ് ചെയ്ത് സിക്സ് അടിക്കാന്‍ നോക്ക്, ഇല്ലെങ്കില്‍ സിംഗിളെടുത്ത് എനിക്ക് അവസരം താ, ഞാന്‍ ശ്രമിക്കാമെന്ന്. നാലാം പന്തില്‍ ഡബിളും അ‍ഞ്ചാം പന്തില്‍ ലെഗ് ബൈ ഫോറും അവസാന പന്തില്‍ സിംഗിളുമാണ് അവന് നേടാനായത്. ഇതോടെ ഞങ്ങള്‍ ആറ് റണ്‍സിന് തോറ്റു. അവനെ ഇപ്പോള്‍ കാണുമ്പോഴും ഞാന്‍ ചോദിക്കാറുണ്ട്. അന്ന് നീ ഒരു സിക്സ് അടിക്കാന്‍ നോക്കിയിരുന്നെങ്കിലെന്ന്.  ഇന്ന് അക്കാര്യം ഓര്‍ക്കുന്ന ഒരേയൊരാള്‍ ഒരുപക്ഷെ താനായിരിക്കുമെന്നും അനില്‍ കുംബ്ലെ അശ്വിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios