Asianet News MalayalamAsianet News Malayalam

'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്': ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യവകുപ്പ്

കേരളത്തില്‍ കൊവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗത്തിനുമായി ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

Department of Health says it has provided psychosocial services to 66 lakh people so far
Author
Kerala, First Published Jan 20, 2021, 7:59 PM IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗത്തിനുമായി ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 

ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 1304 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയത്. 2020 ഫെബ്രുവരി നാലിന് ആരംഭിച്ച സര്‍ക്കാര്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തില്‍ കഴിഞ്ഞിരുന്ന 28.24 ലക്ഷം പേര്‍ക്ക് മാനസികാരോഗ്യ പരിചരണം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുക്കള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരേയും ഐസിടിസി കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് വരുന്നത്.

നീരിക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധര്‍ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്യുന്നു.

കൂടാതെ കൊവിഡ്-19 രോഗം സ്ഥിരീകരിച്ച് ഐസോലെഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരെ പ്രത്യേകമായി വിളിക്കുകയും സാന്ത്വനം നല്‍കുകയും ചെയുന്നതിനൊപ്പം അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പറ്റുന്നിടത്തോളം സേവനങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കാന്‍ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങള്‍, അതിഥി തൊഴിലാളികള്‍, മനോരോഗത്തിന് ചികില്‍സയില്‍ ഉള്ളവര്‍ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ഡിഇഐസി., എംഐയു തെറാപ്പിസ്റ്റുകള്‍, ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ എന്നിവരും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമില്‍ പ്രവര്‍ത്തിച്ചു. 74,087 ഭിന്നശേഷി കുട്ടികള്‍ക്കും, മനോരോഗ ചികിത്സയില്‍ ഇരിക്കുന്ന 31,520 പേര്‍ക്കും ഇത്തരത്തില്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. 40,543 ജീവനക്കാര്‍ക്കാണ് മാനസികാരോഗ്യ പരിചരണം നല്‍കിയത്. നീരിക്ഷണത്തിലിരുന്ന 28,24,778 പേര്‍ക്ക് ആശ്വാസ കോളുകള്‍ നല്‍കി. ഇവര്‍ക്ക് 25,77,150 ഫോളോ അപ്പ് കോളുകളും നല്‍കിയിട്ടുണ്ട്. 55,253 കോളുകളാണ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ കിട്ടിയിട്ടുള്ളത്.

കൊവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സേവനങ്ങള്‍ സ്‌കൂള്‍ കുട്ടികളിലേക്കും 2020 ജൂണ്‍ മുതല്‍ വ്യാപിപ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് 5,62,390 കോളുകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 55,882 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും ലഭ്യമാക്കുകയുണ്ടായി.

എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയിന്‍ കീഴില്‍ സൈക്കോ സോഷ്യല്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ലഭ്യമാണ്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios