ഇടുക്കി: ദേവികുളം സബ് കളക്ടർക്ക് പിന്നാലെ കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യാഗസ്ഥരെയും മാറ്റിയ വിവാദ നടപടി പിൻവലിച്ചു. ചിന്നക്കനാൽ കയ്യേറ്റം അന്വേഷിക്കുന്ന സംഘത്തെ തിരിച്ചെടുത്തു. 12 അംഗ സംഘത്തിൽ 10 പേരെയാണ് മാറ്റിയിരുന്നത്. സംഘത്തെ തിരിച്ചെടുത്തുള്ള 
കളക്ടറുടെ ഉത്തരവ് ഇറങ്ങി. കയ്യേറ്റം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ പൊളിച്ച വിവാദ തീരുമാനം പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ്‌ ന്യൂസായിരുന്നു.

ഇടുക്കിയിലെ ഭൂമാഫിയക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുത്ത രേണു രാജിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നത്. ദേവികുളം സബ് കളക്ടർ ആയിരുന്ന വി ആർ പ്രേംകുമാറിന് പിന്നാലെയാണ് സർക്കാർ രേണു രാജിനെ സ്ഥലം മാറ്റിയത്. ജോയ്സ് ജോർജ്ജിന്റെയും കുടുംബാഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള 20 ഏക്കർ സ്ഥലത്തിന്റെ അഞ്ച് പട്ടയങ്ങൾ ആദ്യം റദ്ദാക്കിയത് ദേവികുളം സബ് കളക്ടർ ആയിരുന്ന പ്രേംകുമാറായിരുന്നു. പട്ടയം ഉടമകൾ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായില്ല. തുടർന്ന് എംപിയുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയില്‍ ഉണ്ടായ ക്രമക്കേട് ചൂണ്ടിക്കാട്ടി പട്ടയം റദ്ദാക്കുകയായിരുന്നു.