Asianet News MalayalamAsianet News Malayalam

മെമ്മറി കാര്‍ഡ് കാണാതായ കേസ്: കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും വിട്ടയക്കും; യദുവിനെ പൊലീസ് ചോദ്യം ചെയ്യും

സംഭവത്തിൽ കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററായ ലാൽ സജീവിനെ അനധികൃതമായി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് വന്നു

KSRTC bus memory card missing case police to release conductor and station master
Author
First Published May 10, 2024, 4:54 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കണ്ടക്ടര്‍ സുബിൻ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവിനെയും വിട്ടയക്കുമെന്നാണ് വിവരം. ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യാൻ പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിച്ചു.

ലാൽ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നു. രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പത്തോളം പോലീസുകാർ ലാൽ സജീവിനെ പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസാണെന്ന് പറഞ്ഞാണ് പൊലീസുകാര്‍ വന്നതെന്നും ലാൽ സജീവിനെ വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും ബിന്ദു പറയുന്നു. ഹൃദ്രോഗിയായ ലാൽ സജീവ് ആൻജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണ്. ഇദ്ദേഹത്തിന് വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഭര്‍ത്താവിനെ കേസിൽപെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി ബിന്ദു ആരോപിച്ചു.

എന്നാൽ സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. കണ്ടക്ടര്‍ സുബിനെയും സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവിനെയും വിശദമായി ചോദ്യം ചെയ്തു. ഇവരിൽ സംശയിക്കത്തക്കതായി ഒന്നും തന്നെയില്ലെന്ന് വ്യക്തമായി. സാഫല്യം കോംപ്ലക്സിലെ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്തത്. സുബിൻ ബസിൽ വീണ്ടും കയറുന്നത് ദൃശ്യങ്ങളിലുണ്ട്. മെമ്മറി കാർഡ് എടുത്തിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ മൊഴി നൽകിയെന്നും പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios