Asianet News MalayalamAsianet News Malayalam

മീന്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരള തീരത്ത് മത്തി തിരിച്ചെത്തുന്നു

2019ല്‍ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്.
 

Good news for fish lovers; Herring returns to the coast of Kerala
Author
Kochi, First Published Jan 1, 2021, 5:20 PM IST

കൊച്ചി: ഏറെക്കാലമായി കേരളതീരങ്ങളില്‍ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി കന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍, ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് സിഎംഎഫ്ആര്‍ഐ മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ ദിവസങ്ങളില്‍ പിടിക്കപ്പെട്ട മത്തിയുടെ വളര്‍ച്ചാപരിശോധന നടത്തിയപ്പോള്‍ ഇവ പ്രത്യുല്‍പാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ കണ്ടെത്തി. 14-16 സെ.മീ. വലിപ്പമുള്ള ഇവ പൂര്‍ണ പ്രത്യുല്‍പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ നിലവില്‍ കേരളതീരങ്ങളില്‍ തീരെ കുറവാണെന്നും സിഎംഎഫ്ആര്‍ഐയുടെ പഠനം വ്യക്തമാക്കുന്നു.  നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എംഎല്‍എസ്) 10 സെ.മീ. ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച,് ഇപ്പോള്‍ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.
   
കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരള തീരങ്ങളില്‍ മത്തിയുടെ ക്ഷാമമുണ്ട്. 2017ല്‍ ലഭ്യത ചെറിയ തോതില്‍ ഉയര്‍ന്നുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഗണ്യമായി കുറയുകയാണുണ്ടായത്. 2019ല്‍ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്ന് സിഎംഎഫ്ആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കാണുന്നതരം ചെറിയ മത്തികളെ പിടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തിയാല്‍ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാക്കാമെന്ന് സിഎംഎഫ്ആര്‍ഐയില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിര്‍ദേശം ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios