കൊച്ചി: ഭിന്നശേഷിക്കാരായി കുട്ടികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പ് തുക കൊവിഡിന്റെ പേരിൽ സർക്കാർ വെട്ടിക്കുറച്ചു. കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാൻ യാത്രാബത്ത എന്ന നിലയിൽ അനുവദിച്ചിരുന്ന 12,000 രൂപ നൽകേണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നിർദേശം. സ്‌കൂളുകൾ അടച്ചതിനാൽ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കാൻ വേണ്ടി പല രക്ഷിതാക്കളും ജോലിക്കു പോകാതിരിക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടി.

യൂണിഫോം അലവൻസായ 1,500 രൂപയും വെട്ടിക്കുറയ്ക്കാൻ നീക്കമുണ്ട്. സ്‌കൂൾ അടച്ചതിനാൽ ഇതൊന്നും വേണ്ടെന്നാണ് സർക്കാർ നിലപാട്. ഇവരുടെ ഓൺലൈൻ പഠനത്തിന് വേണ്ടി വരുന്ന അധികച്ചെലവും സർക്കാർ പരിഗണിച്ചില്ല. ഭിന്നശേഷി വിദ്യാർഥികളെ പരിചരിക്കാൻ സാമൂഹിക നീതി വകുപ്പ് ആശ്വാസകിരണം എന്നപേരിൽ നൽകിയിരുന്ന 600 രൂപ മുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. 

കൊവിഡിൻ്റെ പേരു പറഞ്ഞ് ഭിന്നശേഷിക്കുട്ടികൾക്ക് കിട്ടുന്ന തുച്ഛമായ തുക ഇല്ലാതാക്കിയത് ശരിയാണോയെന്ന് സർക്കാർ ആലോചിക്കണം.