ദില്ലി/ കൊച്ചി: മരട് കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാണെന്ന് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ മാപ്പ് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയിൽ മുന്നോട്ട് വച്ചിട്ടുണ്ട്. 

നിര്‍മ്മാണത്തിൽ ചട്ടലംഘനം കണ്ടെത്തിയ ഫ്ലാറ്റ് പൊളിച്ച് മാറ്റാൻ കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരാനിരിക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇന്ന് വിധി നടപ്പാക്കിയ ശേഷം റിപ്പോര്‍ട്ട് നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ എടുത്ത നടപടികൾ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. 

ഫ്ലാറ്റുടമകൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി, പൊളിച്ച് മാറ്റാൻ ടെൻഡര്‍ നൽകി. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നത്. കോടതി അനുവദിച്ച സമത്ത് ഉത്തരവ് നടപ്പാക്കിയെടുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നുണ്ട്. നേരിട്ട് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയും ചീഫ് സെക്രട്ടറി മുന്നോട്ട് വക്കുന്നുണ്ട്. 

ഏതായാലും ഫ്ലാറ്റ് പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. ചുരുങ്ങിയ സമയ പരിധിക്ക് അകത്ത് 343 ഫ്ളാറ്റുകൾ ഉള്ള അപ്പാർട്ടുമെന്‍റുകൾ പൊളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്, വലിയ സാങ്കേതിക സംവിധാനങ്ങൾ ഫ്ളാറ്റുകൾ പൊളിക്കാൻ ആവശ്യമാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ മദ്രാസ് ഐ ഐ ടിയുടെ വിദഗ്ദ ഉപദേശം കിട്ടിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.