Asianet News MalayalamAsianet News Malayalam

ലൈഫ് പദ്ധതിയുടെ പ്രഖ്യാപനത്തിന് സർക്കാർ പൊടിച്ചത് ലക്ഷങ്ങൾ; കുടുംബസംഗമത്തിന്‍റെ മാത്രം ചെലവ് 33 ലക്ഷം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കൂടിയാണ് ലൈഫിന്‍റെ പേരിൽ തലസ്ഥാനത്തെ പരിപാടിക്ക് മാത്രം 33 ലക്ഷം പൊടിച്ചുള്ള ധൂർത്ത്.

government spent lakhs for announcement Life mision Plan
Author
Thiruvananthapuram, First Published Oct 25, 2020, 1:16 PM IST

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ പ്രഖ്യാപനത്തിന് സർക്കാർ പൊടിച്ചത് ലക്ഷങ്ങൾ. ലൈഫ് മിഷൻ ഫെബ്രവരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ 33 ലക്ഷം ചെലവഴിച്ചതിന്‍റെ രേഖകൾ പുറത്തുവന്നു. മുഖ്യമന്ത്രി പങ്കെടുത്ത തിരുവനന്തപുരം ജില്ലയിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിന്‍റെ മാത്രം ചിലവാണ് 33 ലക്ഷം രൂപ.

രണ്ട് ലക്ഷം ഭവനങ്ങളുടെ പ്രഖ്യാപന ചടങ്ങായിരുന്നു ഫെബ്രുവരി 29 ന് മുഖ്യമന്ത്രി നിർവ്വഹിച്ചത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പരിപാടിൽ ജില്ലയിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും നടത്തി. 30 ലക്ഷം രൂപയായിരുന്ന ബജറ്റ്. ലൈഫ് മിഷൻ 20 ലക്ഷം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം, തിരുവനന്തപുരം നഗരസഭ അഞ്ച് ലക്ഷം ഇങ്ങനെയായിരുന്നു വകയിരുത്തൽ. എന്നാൽ ചെലവ് 30 ലക്ഷവും കടന്നു. ഒടുവിൽ പരിപാടിക്ക് 33,21,223 രൂപ ചിലവായതായാണ് ലൈഫ് മിഷന്‍റെ കണക്ക്. അധികം ചെലവിട്ട മൂന്നേകാൽ ലക്ഷവും ലൈഫ് മിഷൻ നൽകി. ഇത് തിരുവനന്തപുരത്തെ മാത്രം പരിപാടിയുടെ ചെലവാണ്. 

അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഗുണഭോക്താക്കളുടെ സംഗമം നടത്തി മുഖ്യമന്ത്രിയുടെ സന്ദേശം എത്തിച്ചു. ഇതിന്‍റെ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. ലൈഫ് മിഷനിൽ ഒരു ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് വീട് വയ്ക്കാൻ നൽകുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കൂടിയാണ് ലൈഫിന്‍റെ പേരിൽ തലസ്ഥാനത്തെ പരിപാടിക്ക് മാത്രം 33 ലക്ഷം പൊടിച്ചുള്ള ധൂർത്ത്.

Follow Us:
Download App:
  • android
  • ios