Asianet News MalayalamAsianet News Malayalam

വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമ്മോ അവഗണിച്ച് തൃപ്പൂണിത്തുറയിൽ രണ്ടരയേക്കർ നിലം നികത്തി

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ പേരിലുള്ള തൃപ്പൂണിത്തുറയിലെ നിലം കഴിഞ്ഞ ജൂണിലാണ് മണ്ണിട്ടു നികത്താൻ തുടങ്ങിയത്. സ്ഥലത്തു നിന്നിരുന്ന കണ്ടൽക്കാടുകൾ വെട്ടിമാറ്റിയ ശേഷമാണ് ഭൂമി തരം മാറ്റിയത്.

illegal conversion of wetland in Trippunithura
Author
Trippunithura, First Published May 15, 2019, 6:49 AM IST

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നടമ തെക്കും ഭാഗം വില്ലേജിലെ രണ്ടരയേക്കറോളം വരുന്ന നിലമാണ് നിയമം ലംഘിച്ച് നികത്തിയത്. പൊക്കാളി കൃഷി നടത്തിയിരുന്നതും കൃഷി നിലച്ചപ്പോൾ കണ്ടൽ കാടുകൾ നിറഞ്ഞു നിന്നിരുന്ന പാടശേഖരമാണ് മണ്ണിട്ട് നികത്തിയത് വില്ലേജ് അധികൃതരുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് ഈ നിയമവിരുദ്ധ നടപടി.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ പേരിലുള്ള ഈ നിലം കഴിഞ്ഞ ജൂണിലാണ് മണ്ണിട്ടു നികത്താൻ തുടങ്ങിയത്. സ്ഥലത്തു നിന്നിരുന്ന കണ്ടൽക്കാടുകൾ വെട്ടിമാറ്റിയ ശേഷമാണ് ഭൂമി തരം മാറ്റിയത്. സംഭവം സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് വില്ലേജ് അധികൃതർ കഴിഞ്ഞ ജൂണിൽ നിലം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകി. തുടർ നടപടിക്കായി ഫോർട്ടുകൊച്ചി ആഡിഒയ്ക്ക് റിപ്പോർട്ടും നൽകി. എന്നാൽ നിലം പൂർവ സ്ഥിതിയിലാക്കാൻ നടപടി ഒന്നുമുണ്ടായില്ല.

ഇതുമൂലം പ്രളയകാലത്ത് നികത്തിയ നിലത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറാനും നാശനഷ്ടങ്ങൾ വലുതാകാനും കാരണമായി. ഇപ്പോൾ ഈ സ്ഥലം പ്ലോട്ടുകളായി തിരിച്ച് വിൽക്കുന്നതിന് അളന്ന് കല്ലിട്ടു കൊണ്ടിരിക്കയാണ്. ഒപ്പം ഡേറ്റാ ബാങ്കിൽ പുരയിടം എന്നു രേഖപ്പെടുത്തി തരംമാറ്റാനും നീക്കം നടക്കുന്നുണ്ട്. നിലം നികത്തലിനെതിരെ മുമ്പ് കണ്ടൽ നട്ട് പ്രതിഷേധം സംഘടിപ്പിച്ചവരും ഇപ്പോൾ മൗനത്തിലാണ്.

Follow Us:
Download App:
  • android
  • ios