തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണത്തിന്‍റെ പേരില്‍ റബ്‌കോയുടെ കിട്ടാക്കടം  സർക്കാർ എഴുതിത്തള്ളിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റബ്കോ, വായ്പത്തുക  കേരള ബാങ്കിന് തിരിച്ചടയ്ക്കുന്നതിന് പകരം സര്‍ക്കാരിന് നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ഇതിനെ കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

റബ്കോ വായ്പ ഒഴിവാക്കുകയല്ല ചെയ്തത്. വിവിധ തലങ്ങളിൽ ദീർഘമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് റബ്കോയുടെ കടം അടച്ചുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ജനുവരിയിൽ എടുത്ത തീരുമാനമാണിത്. മന്ത്രിസഭാ യോഗം കഴിഞ്ഞദിവസമാണ് അനുമതി നല്‍കിയത് എന്നുമാത്രം.  വായ്പാത്തുക സർക്കാരിൽ അടക്കേണ്ട
കാലാവധി, പലിശ എന്നിവ റബ്കോയടക്കമുള്ള സ്ഥാപനങ്ങളുമായുളള കരാറിൽ ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച്. കേരള ബാങ്ക് രൂപീകരിക്കുന്നതിന്  ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്‍റെ വൻ കിട്ടാക്കടമായിരുന്നു. റബ്കോ, റബ്ബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ മൂന്നു സഹകരണ സ്ഥാപനങ്ങൾക്ക് 306.75 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുമായി വായ്പ കുടിശിക ഉണ്ടായിരുന്നു. ഈ തുക സര്‍ക്കാര്‍ അടച്ചുതീര്‍ത്താണ് വിവാദത്തിന് കാരണമായത്.