തൃശ്ശൂർ: മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡര്‍ കവയത്രിയായ വിജയരാജമല്ലികയുടെ കവിത പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തി. കാലടി സംസ്കൃത സർവകലാശാലയിലെ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ട്രാൻസ്ജെൻഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.

'ദൈവത്തിന്റെ മകള്‍' എന്ന കവിതാ സമാഹാരത്തിലെ 'നീലാംബരി' എന്ന കവിതയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയരാജമല്ലികയുടെ ആദ്യ കവിതാ സമാഹാരമാണ് ദൈവത്തിന്റെ മകള്‍. തൃശൂര്‍ അമല സ്വദേശി മനു ജയ കൃഷ്ണൻ, വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് കവിതയുടെ ഉള്ളടക്കം. കേരളത്തിലെ ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചും കവിത ചർച്ച ചെയ്യുന്നുണ്ട്.

60 കവിതകള്‍ അടങ്ങിയ വിജയരാജമല്ലികയുടെ നദി എന്ന സമാഹാരം ഉടൻ പുറത്തിറങ്ങും. ഇതോടൊപ്പം തന്റെ ആത്മകഥ രചിക്കാനുളള തയ്യാറെടുപ്പിലാണ് വിജയരാജമല്ലിക. തൃശൂര്‍ ലീഗൽ  സർവീസ് സൊസൈറ്റിയില്‍ പാരാ ലീഗല്‍ വളണ്ടിയറും കൂടിയാണവർ.