തിരുവനന്തുപരം: ഇടതുമുന്നണിയിൽ ചേർന്ന പല പാർട്ടികളും ഒരു വർഷം തികയും മുൻപ് മുന്നണി വിട്ട ചരിത്രമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ ചേരുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്. 

കാനത്തിൻ്റെ വാക്കുകൾ - 

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് എൽഡിഎഫ് ചർച്ച ചെയ്യും. കേരള കോൺ​ഗ്രസിൻ്റെ പഴയ നിലപാടിൽ മാറ്റം വന്നു. എൽഡിഎഫ് മുന്നണിയാണ് ശരിയെന്ന നിലപാടിലേക്ക് കേരള കോൺ​ഗ്രസ് എം എത്തി. ജോസ് കെ മാണിയെ മുന്നണിയിൽ ചേ‍ർക്കുന്ന കാര്യം സിപിഐ ച‍ർച്ച ചെയ്യും. തു‌ടർന്ന് ഇക്കാര്യത്തിലെ നിലപാട് എൽഡിഎഫിനെ അറിയിക്കും. എൽഡിഎഫ് കൂടാതെ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് അഭിപ്രായം പറയാനില്ല. സീറ്റുകൾ സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല. ഇടതുമുന്നണിയിൽ ചേർന്ന പല പാർട്ടികളും ഒരു വർഷം തികയും മുൻപ് മുന്നണി വിട്ട ചരിത്രമുണ്ട്.