തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് ചികിത്സക്കായി രോഗികള്‍ക്ക് പോകാന്‍ അനുവാദം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 ബാധയില്ലാത്ത രോഗികളെ കര്‍ണാടകയിലെ ആശുപത്രിയില്‍ ചികിത്സിക്കാനാണ് അനുവാദം ലഭിച്ചത്. കാസര്‍കോട് തലപ്പാടി ചെക്‌പോസ്റ്റില്‍ കര്‍ണാടക മെഡിക്കല്‍ സംഘം പരിശോധന നടത്തിയതിന് ശേഷം മാത്രമേ കടത്തി വിടൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്നും അവരെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലുള്ളവര്‍ക്കായി വയനാട് ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ബൈരക്കുപ്പ, മച്ചൂര്, തമിഴ്‌നാട്ടിലെ പന്തല്ലൂര്‍, ഗുഡല്ലൂര്‍ താലൂക്കുകളില്‍ നിന്നാണ് വയനാട്ടിലേക്ക് ചികിത്സക്കെത്തുന്നത്. കഴിഞ്ഞ ദിവസം ബൈരക്കുപ്പയിലെ 29 പേരും തമിഴ്‌നാട്ടില്‍ നിന്ന് 42 പേരും വയനാട്ടില്‍ ചികിത്സക്കെത്തിയിരുന്നു. ഇതൊക്കെയാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരെ ചികിത്സക്കായി കര്‍ണാടക പ്രവേശിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തിയിരുന്നു.