പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇന്ന് രാവിലെ കഞ്ചിക്കോടാണ് സംഭവം നടന്നത്. കാട്ടാനയുടെ അക്രമണത്തിൽ മരിച്ച അഞ്ജലി ദേവി സുബ്രഹ്മണ്യൻ എന്ന വീട്ടമ്മയുടെ കുടുംബത്തിനാണ് സഹായം അനുവദിച്ചത്. 

അടിയന്തിര സഹായം ലഭിക്കാൻ മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ നേരിൽ കണ്ടിരുന്നു. തുടർന്നാണ് സഹായധനം അനുവദിച്ചത്. കുടുംബത്തിന് അടിയന്തിരമായി അഞ്ച് ലക്ഷം രൂപ നൽകും. ബാക്കി അഞ്ച് ലക്ഷം രൂപ പിന്നീട് നൽകും. നാട്ടിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിൽ കയറ്റി വിടാൻ വനം വകുപ്പ് അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. കാട്ടാനകളും വന്യ ജീവികളും മനുഷ്യനും കൃഷിക്കും വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾക്ക് ഒരു അവസാനം കണ്ടെത്താൻ വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.