തിരുവനന്തപുരം: കൊവിഡ് വാക്സീനേഷന് സജ്ജമായി കേരളം. വാക്സീൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്സീൻ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്സിനേഷൻ സെന്‍ററുകളിലേക്ക് അയക്കുക . 1240 കോൾഡ് ചെയിൻ പോയിന്‍റുകളാണ് വാക്സീൻ സൂക്ഷിക്കാൻ തയാറാക്കിയിട്ടുള്ളത് . വാക്സീൻ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട് . 

കേന്ദ്ര സംഭരണ ശാലയില്‍ നിന്നെത്തിക്കുന്ന വാക്സീൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇവിടങ്ങളിലെ റീജിയണൽ വാക്സീൻ സ്റ്റോറുകളിലേക്ക് നല്‍കും . ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരം സ്റ്റോറില്‍ നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്റ്റോറില്‍ നിന്ന് എറണാകുളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട്ടെ സ്റ്റോറില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട് കേന്ദ്രങ്ങിലേക്കും വാക്സീൻ നല്‍കും .

എല്ലാ ജില്ലകളിലുമായി ചെറുതും വലുതുമായ 1658 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് 1150 ഡീപ് ഫ്രീസറുകളും സജ്ജമാണ്. എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം , കോഴിക്കോട് ജില്ലകളില്‍ 11 വീതം , ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സീനേഷനായി ഒരുക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ , നഗര ഗ്രാമീണ , ഉൾനാടൻ പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ വരെ ഈ പട്ടികയിലുണ്ട്. രാവിലെ 9 മുതൽ 5 വരെയുള്ള 8 മണിക്കൂര്‍ കൊണ്ട് ഒരോ കേന്ദ്രത്തിലും 100 വീതം പേര്‍ക്ക് കുത്തിവയ്പ് നല്‍കും. ആദ്യഘട്ടത്തില്‍ 354897 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സീനേഷനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്