തിരുവനന്തപുരം: കേരളത്തിലെ എംബിഎ കോളജുകളിലേക്കുളള പ്രവേശനത്തിന് നടത്തിയ കെ- മാറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് കെ -മാറ്റ് പരീക്ഷ നടത്തിയത്. പരീക്ഷ എഴുതിയ 4,689 പേരില്‍ 50 ശതമാനം മാര്‍ക്ക് നേടിയത് നാല് പേര്‍ മാത്രമാണ്. കട്ട് ഓഫ് മാര്‍ക്കായി നിശ്ചയിച്ചിരുന്ന 15 ശതമാനം മാര്‍ക്ക് കടക്കാനായത് 2,723 പേര്‍ക്കാണ്. ബാക്കിയുളളവര്‍ക്ക് കേരളത്തില്‍ പഠിക്കാനാവില്ല. 

2017 ല്‍ 10 ശതമാനമായിരുന്നു കട്ട് ഓഫ് മാര്‍ക്കായി പരിഗണിച്ചിരുന്നത് എന്നാല്‍ ഈ വര്‍ഷം കട്ട് ഓഫ് മാര്‍ക്ക് 15 ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ യോഗ്യത നേടിയവരുടെ എണ്ണം കുറഞ്ഞു. കേരളം ഒഴികെയുളള സംസ്ഥാനങ്ങളില്‍ ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

യോഗ്യത നേടിയവരുടെ എണ്ണം കുറഞ്ഞതോടെ മാനേജ്മെന്‍റ് കോഴ്സുകളില്‍ സംസ്ഥാനത്ത് നിലവിലുളള പതിനായിരത്തോളം സീറ്റുകളില്‍ പകുതിയില്‍ ഏറെ ഒഴിഞ്ഞു കിടക്കുമെന്നുറപ്പായി. പരീക്ഷ ഫലം asckerala.org, kmatkerala.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. സ്കോര്‍ കാര്‍ഡ് 26 മുതല്‍ ഓഗസ്റ്റ് 15 വരെ kmatkerala.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.