Asianet News MalayalamAsianet News Malayalam

കെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ,രണ്ട് ടണ്ണില്‍ താഴെ കളക്ഷൻ ഫീസ് ഉണ്ടാകില്ല

കെട്ടിടാവശിഷ്ടം ശേഖരിക്കാനുള്ള വിപുലമായ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കും. കെട്ടിടാവശിഷ്ടങ്ങള്‍  ജലാശയങ്ങളില്‍ തള്ളുന്നത് ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ക്ക് തടയിടുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ 

local bodies to start collection centres for building waste
Author
Thiruvananthapuram, First Published Aug 10, 2022, 3:58 PM IST

തിരുവനന്തപുരം;കെട്ടിടനിര്‍മ്മാണ-പൊളിക്കല്‍ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറങ്ങിയതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍ അറിയിച്ചു. നിലവില്‍ കെട്ടിടാവശിഷ്ടങ്ങള്‍  ജലാശയങ്ങളില്‍ തള്ളുന്നത് ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ പലരും ചെയ്യുന്നുണ്ട്. ഇതിന് തടയിടുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഒന്നിലധികം ജില്ലകള്‍ക്ക് വേണ്ടി ഒരു സംസ്കരണ യൂണിറ്റ് എന്ന നിലയില്‍ ആകും സംവിധാനം. മാലിന്യം ശേഖരിക്കാനുള്ള വിപുലമായ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കും.

കെട്ടിടാവശിഷ്ടം ശേഖരിക്കാനുള്ള മൊബൈല്‍ യൂണിറ്റുകള്‍, കെട്ടിട ഉടമയ്ക്ക് മാലിന്യം എത്തിച്ചുതരാനാകുന്ന കളക്ഷൻ സെന്‍ററുകള്‍ എന്നിവിടങ്ങളിലൂടെയാകും മാലിന്യ ശേഖരണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ശേഖരിക്കാനുള്ള വാഹനങ്ങളും ഒരുക്കും. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഒരു കളക്ഷൻ പോയിന്‍റ് എങ്കിലും ഒരുക്കാനാകണം. മാലിന്യ ശേഖരണ സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും, വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ കൂടിച്ചേര്‍ന്നും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ, പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാം. 

 രണ്ട് ടണ്ണില്‍ താഴെയുള്ള കെട്ടിടാവശിഷ്ടങ്ങള്‍ക്ക് കളക്ഷൻ ഫീസ് ഉണ്ടാകില്ല. കെട്ടിടസ്ഥലത്തെത്തി തദ്ദേശഭരണ സ്ഥാപനത്തിന്‍റെ നേതൃത്വത്തില്‍ മാലിന്യം ശേഖരിക്കുകയോ, കളക്ഷൻ കേന്ദ്രത്തില്‍ കെട്ടിട ഉടമ സ്വന്തം ചെലവില്‍ മാലിന്യം എത്തിക്കുകയോ ചെയ്യാം.രണ്ട് ടണ്ണിനും ഇരുപത് ടണ്ണിനും ഇടയിലുള്ള മാലിന്യങ്ങള്‍ ശേഖരിക്കാൻ കളക്ഷൻ ഫീസ് കെട്ടിട ഉടമ നല്‍കണം. ഇല്ലെങ്കില്‍ സ്വന്തം ചെലവില്‍ കളക്ഷൻ സെന്‍ററുകളില്‍ മാലിന്യം എത്തിച്ച് നല്‍കണം. 20 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍, കെട്ടിട ഉടമ സ്വന്തം ചെലവില്‍ കളക്ഷൻ കേന്ദ്രങ്ങളില്‍ മാലിന്യം എത്തിക്കുകയും, സംസ്കരണത്തിനുള്ള ഫീസ് അടയ്ക്കുകയും ചെയ്യണം. 

ജില്ലാ തല മേല്‍നോട്ട സമിതി കളക്ഷൻ ഫീസും സംസ്കരണ ഫീസും നിശ്ചയിക്കും. ജില്ലാ കളക്ടര്‍ ഈ സമിതിയുടെ അധ്യക്ഷനും ശുചിത്വമിഷൻ ജില്ലാ കോര്‍ഡിനേറ്റര്‍ കൺവീനറുമായിരിക്കും. ജില്ലയില്‍ എത്ര സംസ്കരണ പ്ലാന്‍റ് വേണമെന്നും ശേഷി എത്രയാകണമെന്നും ഈ സമിതി നിശ്ചയിക്കും. നിലവിലുള്ള ക്വാറികള്‍, ക്രഷറുകള്‍ എന്നിവ ഉപയോഗിക്കാനുള്ള സാധ്യതയും തേടും. ഹോളോ ബ്രിക്സ്, നടപ്പാത നിര്‍മ്മാണ യൂണിറ്റുകളെയും സംസ്കരണത്തിന് ഉപയോഗിക്കാം. 

സംസ്കരണകേന്ദ്രം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലോ, പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ സ്വകാര്യ ഉടമസ്ഥതയിലോ ആകാം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ആണെങ്കില്‍, ദിനംപ്രതി ചുരുങ്ങിയത് നൂറ് ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയുന്ന പ്ലാന്‍റ് ഒരുക്കാനുള്ള സ്ഥലം സര്‍ക്കാര്‍ നൽകും. യന്ത്രസാമഗ്രികളുടെയും നടത്തിപ്പിന്‍റെയും ചുമതല സ്വകാര്യ വ്യക്തി/കമ്പനികള്‍ക്ക് ആയിരിക്കും. സംസ്കരണ ഫീസും റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ വിറ്റുമാണ് വരുമാനം. കൈകാര്യം ചെയ്യാൻ കൊടുക്കുന്ന മാലിന്യത്തിന്‍റെ കുറഞ്ഞ അളവ് എത്രയെന്ന് തദ്ദേശ സ്ഥാപനം തീരുമാനിക്കണം. ആ അളവില്‍ മാലിന്യം നല്‍കാനായില്ലെങ്കില്‍ നഗരസഭ നഷ്ടപരിഹാരവും നല്‍കും. സ്വകാര്യ ഉടമസ്ഥതയിലാണ് സംസ്കരണ യൂണിറ്റെങ്കില്‍ പ്രതിദിനം 100ടൺ കൈകാര്യം ചെയ്യാൻ ഒരു ഏക്കര്‍ എന്ന നിരക്കില്‍ സ്ഥലം വേണം‍. ഏറ്റവും ചുരുങ്ങിയത് 75 സെന്‍റ് സ്ഥലം എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ യൂണിറ്റ് ആരംഭിക്കാനാകൂ. സംസ്കരണയൂണിറ്റിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ പൊതുസ്ഥാപനങ്ങളോ വീടുകളോ ആരാധനാലയങ്ങളോ പാടില്ല. 

സര്‍ക്കാരിന്‍റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുരുങ്ങിയത് 20% റീസൈക്കിള്‍ ചെയ്ത കെട്ടിടാവശിഷ്ടം ഉപയോഗിക്കണമെന്നും നിബന്ധനയുണ്ട്. റീസൈക്കിള്‍ ചെയ്ത കെട്ടിടാവശിഷ്ടം, പൊളിക്കല്‍ ആവശ്യമായി വരുന്ന എല്ലാ പുതുക്കിപ്പണിയലുകള്‍ക്കും 20% ഉപയോഗിക്കണം. ഈ നിബന്ധന സ്വകാര്യ കെട്ടിടങ്ങള്‍ക്കും ബാധകമാണ്. പ്രകൃതിചൂഷണം കുറയ്ക്കാനും പരമാവധി പുനരുപയോഗം ഉറപ്പാക്കാനും ഈ സംവിധാനം പ്രയോജനകരമാകും. ടൈലുകളും ഉപകരണങ്ങളും മരഉരുപ്പടികളുമടക്കം പരമാവധി വസ്തുക്കള്‍ പുനരുപയോഗിക്കാൻ സജ്ജമാക്കണമെന്നും മാര്‍ഗനിര്‍ദേശം പറയുന്നു. റോഡ് നിര്‍മ്മാണം, നികത്തലിൽ മണ്ണിന് പകരമായി,ടെട്രാപോഡ് നിര്‍മ്മാണത്തില്‍, കട്ടകളും ടെലുകളും ഹോളോ ബ്രിക്കുകളും നടപ്പാതകളും പാര്‍ക്ക് ബെഞ്ചുകളും നിര്‍മ്മിക്കാൻ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് റീസൈക്കിള്‍ ചെയ്ത കെട്ടിടാവശിഷ്ടങ്ങള്‍ ഉപയോഗിക്കാനാകും.

നിയമം കര്‍ശനമായി നടപ്പാക്കാൻ വിവിധ ശിക്ഷാനടപടികളും തീരുമാനിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ മറ്റ് മാലിന്യവുമായി കൂട്ടിക്കലര്‍ത്തിയാല്‍ പതിനായിരം രൂപയും പൊതുസ്ഥലത്ത് നിക്ഷേപിച്ചാല്‍ ഇരുപതിനായിരം രൂപയുമാണ് പിഴ. ജലാശയങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയാല്‍ മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം. കെട്ടിടം പൊളിച്ച് ഏഴ് ദിവസത്തിനകം മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ ഓരോ ടണ്ണിനും അയ്യായിരം രൂപ പിഴയിടാം. വേര്‍തിരിച്ച നിലയില്‍ കെട്ടിടാവശിഷ്ടം നല്‍കിയില്ലെങ്കിലും, ശരിയല്ലാത്ത രീതിയിലാണ് വാഹനത്തില്‍ കൊണ്ടുവരുന്നതെങ്കിലും പതിനായിരം രൂപയാണ് പിഴ. കെട്ടിടാവശിഷ്ടങ്ങള്‍ ലൈസൻസ് ഇല്ലാതെ കൈകാര്യം ചെയ്താലും പതിനായിരം രൂപ പിഴ ശിക്ഷയുണ്ട്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാം. 

 

Follow Us:
Download App:
  • android
  • ios