തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍. ഇ എസ് ബിജിമോള്‍ അധ്യക്ഷയായ നിയമസഭാ സമിതി റിപ്പോര്‍ട്ട് നല്‍കി രണ്ട് വര്‍ഷമായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികരിച്ചിട്ടില്ല.

ശ്രേഷ്ഠഭാഷ പട്ടികയില്‍ ഇടം പിടിച്ച മലയാളം ഔദ്യോഗികഭാഷ എന്ന നിലയില്‍ എവിടെ നില്‍ക്കുന്നു എന്നതായിരുന്നു സമിതി പരിശോധിച്ചത്. ഉന്നത വിദ്യാഭ്യാസം, റവന്യൂ, ആഭ്യന്തരം, നിയമം എന്നീ വകുപ്പുകളില്‍ നിന്ന് വിവരശേഖരം നടത്തിയ സമിതി തിരുവനന്തപുരം, എറണാകുളം കളക്ടറേറ്റുകളിലും കണ്ണൂര്‍ സര്‍വകലാശാലയിലും സിറ്റിംഗ് നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2017 മെയ് 22-ന് നിയമസഭയ്ക്ക് മുമ്പാകെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. പിഎസ്‍സി പരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ മലയാള ഭാഷാ പരിജ്ഞാനം അളക്കുന്നതിന് ഒരു പേപ്പര്‍ നിര്‍ബന്ധമാക്കണം. ഈ പേപ്പറിന് നിശ്ചിത മാര്‍ക്ക് ലഭിക്കാത്തവരുടെ ഒഎംആര്‍ ഷീറ്റ് മൂല്യനിര്‍ണയം നടത്തരുത്.

2. മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പിഎസ്‍സിയില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് മലയാളം തുല്യത പരീക്ഷ പാസാകേണ്ടതാണ്, അല്ലാത്ത പക്ഷം പരീക്ഷയ്ക്കിരിക്കാന്‍ അര്‍ഹതയുണ്ടാവരുത്.

3. വിവിധ പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പിഎസ്‍സി വഴിയല്ലാത്ത നിയമനങ്ങളില്‍ മലയാളം തുല്യത പരീക്ഷ പാസായവരെ മാത്രമെ നിയമിക്കാവൂ.

ഇതിനു പുറമെ, മലയാളം ഭരണഭാഷയാക്കുന്നതു സംബന്ധിച്ച സുപ്രധാന നിര്‍ദ്ദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. താഴെ പറയുന്നവയാണ് അവ-

1. കോടതി ഭാഷ മലയാളമാക്കുന്നതിന് നിയമവകുപ്പും ആഭ്യന്തര വകുപ്പും നടപടി സ്വീകരിക്കണം, കേരളാ ജുഡീഷ്യല്‍ അക്കാദമിയില്‍ വാദവും വിധിന്യായവും എഴുതുന്നതിന് പ്രത്യേക പരിശീലനം നല്‍കണം.

2. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മലയാളത്തില്‍ തയ്യാറാക്കുന്നതിന് പൊലീസ് വകുപ്പ് നടപടിയെടുക്കണം.

3. മലയാളം രണ്ടാം ഭാഷയാക്കാന്‍ തയ്യാറാകാത്ത അണ്‍എയ്‍ഡഡ് അണ്‍റെകഗ്നൈസ്ഡ് സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. 
 
ഓരോ വകുപ്പും നിശ്ചിത ശതമാനം തുക ഭരണഭാഷാ പുരോഗതിക്കുളള പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്നും ഇങ്ങനെ ചെയ്യാത്ത വകുപ്പ് വകുപ്പ് തലവന്‍മാര്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് പൂര്‍ണ നിസംഗതയാണ് എല്ലാ വകുപ്പുകളും പ്രകടിപ്പിക്കുന്നത്. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതടക്കമുളള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് സമിതി വ്യക്തമാക്കി.