മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ്ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 

ആലുവ: സിഐ സൈജു കെ പൗലോസ് അവധിയില്‍ പ്രവേശിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എന്നാല്‍ മോഫിയ ആത്മഹത്യക്കേസില്‍ മുന്‍ സിഐക്കെതിരെ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ രണ്ട് എസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആര്‍ വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തില്‍ മുനമ്പം ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.ആലുവ സിഐയോടും വിശദീകരണം തേടിയിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അവധി. 

മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ്ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അല്‍ അമീന്‍, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വിവാദമായ പരാമര്‍ശമുണ്ടായത്. 

പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ മോഫിയയെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സിഐയെ സസ്‌പെന്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആലുവ സ്റ്റേഷന്‍ ഉപരോധിച്ചത്. സ്റ്റേഷനില്‍ തന്നെ ഉണ്ടുറുങ്ങി എം പിയും എംഎ് എമാരും അടക്കം നടത്തിയ സമരം സിഐക്ക് സസ്‌പെന്‍ഷന്‍ കിട്ടിയതോടെ മൂന്നാം നാള്‍ വിജയം കാണുകുയം ചെയ്തു. സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തിലൊന്നും തീവ്രവാദബന്ധമോ മറ്റെന്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ പൊലീസ് സംശയം ഉന്നയിച്ചിട്ടില്ല.