തിരുവനന്തപുരം: സാധാരണക്കാരിലേക്ക് ഇറങ്ങാൻ മുഖം മിനുക്കി തപാൽ വകുപ്പ്. രാജ്യത്തിനകത്തും പുറത്തും ഇനി കുറഞ്ഞ ചെലവിൽ സാധനങ്ങൾ എത്തിക്കാം. സംസ്ഥാനത്ത് മൂന്നിടത്താണ് ആദ്യ ഘട്ടത്തിൽ സൗകര്യം നിലവിൽ വന്നത്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പാർസൽ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ ജനറൽ പോസ്റ്റ്‌ ഓഫീസിലേക്ക് വന്നാൽ മതി. പാക്കിംഗ് മുതൽ സുരക്ഷിതമായി എത്തിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ അവര്‍ ഏറ്റു.

ഇടപാടുകാരുടെ സംശയങ്ങൾക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാൻ ജീവനക്കാർ സദാ സമയവും ഇവിടെ ഉണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പദ്ധതി വിജയിച്ചാൽ എല്ലാ പോസ്റ്റ്‌ ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഗ്രാമീണ മേഖലയിലേക്ക് സേവനം എത്തുന്നതോടെ കൂടുതൽ ഇടപാടുകൾ പോസ്റ്റ്‌ ഓഫീസുകൾ വഴി നടക്കും എന്നാണ് വിലയിരുത്തൽ.