തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന ആശ്വാസത്തിൽ സംസ്ഥാനം. എന്നാല്‍ സമൂഹവ്യാപനം ഉണ്ടായാലും നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സംസ്ഥാനം സജ്ജമാക്കിയെന്ന് സർക്കാർ ആവർത്തിക്കുന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി റേറ്റിൽ ദേശീയ ശരാശരിയിലും താഴെ എന്നുള്ളതും ആരോഗ്യവകുപ്പിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

സമൂഹവ്യാപനത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കകള്‍ ഓരോ ദിവസവും ഉയരുന്ന കൊവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടി ആരോഗ്യമേഖലയിലെ വിദഗ്‍ധര്‍ പ്രകടിപ്പിക്കുമ്പോഴാണ് അങ്ങനെയല്ലെന്ന് കണക്കുപറഞ്ഞ് മുഖ്യമന്ത്രിയുടെ വിശദീകരണം. 
എല്ലായിനത്തിലുമായി ഇതുവരെ 80091 പരിശോധന നടത്തി. ഒരു ദശലക്ഷത്തിന് 2335 എന്നതാണ് കേരളത്തിൻറെ കണക്ക്. അതായത്100 ടെസ്റ്റുകൾ നടത്തുമ്പോൾ 1.7 ആളുകൾക്കാണ് പൊസിറ്റീവാകുന്നത്. അതായത് ടെസ്റ്റ് പൊസിറ്റീവിറ്റി റേറ്റ് അഥവാ ടിപിആർ 1.7 ശതമാനം. രാജ്യത്തിന്‍റേത് 5 ശതമാനമാണ്. കൊറിയയിലേത് രണ്ടുശതമാനവും. വിദേശരാജ്യങ്ങളെല്ലാം കൊറിയയുടെ നിലവാരത്തിലെത്താൻ ശ്രമിക്കുമ്പോൾ കേരളം ഇതിനകം നേടിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

കേസ് ഫെറ്റാലിറ്റി റേറ്റ് 0.5 ശതമാനമാണ്. സെൻറിനൽ സർവൈലൻസ് പരിശോധനയിൽ ആകെ പൊസിറ്റീവ് 4 ശതമാനമാണ്. ഓഗ്മെൻഡ് പരിശോധനയിൽ കണ്ടെത്തിയതും നാലുകേസ് മാത്രം. ഈ സാഹചര്യത്തിലാണ് സമൂഹവ്യാപന സാധ്യത മുഖ്യമന്ത്രി തള്ളുന്നത്.