പാലക്കാട്: ആദിവാസി കോളനികളിലെ മദ്യദുരന്തത്തോടൊപ്പം തന്നെ ചർച്ച ചെയ്യേണ്ടതാണ് ഇവിടങ്ങളിലെ സാമൂഹ്യ അന്തരീക്ഷവും. അടച്ചുറപ്പുളള ഒരു വീട് പോലും മിക്ക കോളനികളിലുമില്ല. സാമൂഹ്യമായുളള പിന്നാക്കാവസ്ഥ പലരും മുതലെടുക്കുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്നാണ് കോളനി നിവാസികൾ തന്നെ പറയുന്നു. കേന്ദ്ര എസ്‍സി എസ്ടി കമ്മീഷൻ ഇന്ന് കോളനി സന്ദർശിക്കും.

മദ്യദുരന്തമുണ്ടായി രണ്ടുദിവസത്തിനകം അഞ്ചുപേർമരിച്ച ചെല്ലങ്കാവ് കോളനിയുടെ അവസ്ഥ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം. ഇരുള വിഭാഗത്തിൽ പെട്ട 20 കുടുംബങ്ങളുണ്ട് ദുരന്തം നടന്ന സ്ഥലത്തുമാത്രം. ചുടുകട്ടയടുക്കി കെട്ടിയ ചുമരിൻമേൽ ഓലമേഞ്ഞ കുടിലുകൾ. പലതിലും അടുപ്പ് പുകയാറുപോലുമില്ല. കൂലിപ്പണിയാണ് മിക്കവർക്കും. കൊവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളും അതും കൊണ്ടുപോയി. അരവയർ നിറയ്ക്കാനുളള പാച്ചിലിൽ സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചോ ഭവന പദ്ധതികളെക്കുറിച്ചോ എങ്ങിനെ ചിന്തിക്കും. സാഹചര്യങ്ങൾ മുതലെടുത്തുകൊണ്ട് പുറമെനിന്നുളള ചൂഷണങ്ങൾ വേറെ. 

കൃഷിയിൽ സ്വയംപര്യാപ്തരാവാൻ ഓരോ കുടുംബത്തിനും ഒരേക്കർ വരെ പട്ടയഭൂമി സർക്കാർ നൽകി. എന്നാലിത് എങ്ങിനെയെന്നത് ആരും പറഞ്ഞുകൊടുത്തിട്ടില്ല. വേണ്ടത് കൈത്താങ്ങിനൊപ്പം ബോധവത്കരണമാണ്.

ദുരന്തമുണ്ടാകുമ്പോൾ മാത്രം ഓടിയെത്തുന്ന അധികൃതരും രാഷ്ട്രീയ നേതാക്കളും പതിവ് മാറ്റിയാൽ ഇപ്പോൾ സംഭവിച്ചത് ഒഴിവാക്കാമായിരുന്നെന്ന് കോളനി നിവാസികൾ പറയുന്നു.