തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ്. 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ കോളയാട് കുമ്പ മാറാടി 75, തിരുവനന്തപുരം വലിയ തുറ മണിയൻ 80, ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ 52 എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് ബാധിച്ചത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21625 പരിശോധനകൾ നടത്തി.

പോസിറ്റീവ് കേസുകള്‍: തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പ്രതിരോധത്തിനൊപ്പം എലിപ്പനി, ഡങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനവും നടക്കുന്നു. ആലപ്പുഴ തീരമേഖലയിൽ കൊവിഡ് വ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളിൽ രോഗം വർധിക്കുന്നു. കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയിൽ കൊവിഡ് സമ്പർക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂർ ക്ലസ്റ്ററിന്‍റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കി. എറണാകുളം ഫോർട്ട് കൊച്ചി മേഖലയിൽ രോഗം വ്യാപിക്കുന്നു. കണ്ടെയിന്‍മെന്‍റ് സോണിലെ വ്യവസായ ശാലകൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. ജില്ലയിലെ മാർക്കറ്റുകൾ മാർഗനിർദ്ദേശം പാലിച്ച് തുറക്കാം.

തൃശ്ശൂരിൽ മങ്കര, മിനാലൂർ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടു. കോഴിക്കോട് ഒരു വീട്ടിൽ അഞ്ചിലേറെ പേർ രോഗികളായ 24 വീടുകൾ കോർപ്പറേഷൻ പരിധിയിലുണ്ട്. പുറത്ത് പോയി വരുന്നവർ വീടുകൾക്കുള്ളിൽ കൊവിഡ് മുൻകരുതൽ സ്വീകരിക്കണം. മത്സ്യബന്ധനത്തിന് എത്തിയ 68 അതിഥി തൊഴിലാളികൾക്ക് കൊവിഡ്. ഇവർ മത്സ്യബന്ധനത്തിനെത്തി കടലിൽ തന്നെ കഴിയുന്നത് ശ്രദ്ധയിൽപെട്ടു. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയും പാസില്ലാതെയും വരുന്നവരെ മത്സ്യബന്ധനത്തിന് അനുവദിക്കില്ല. ബേപ്പൂരിൽ നിരീക്ഷണം ശക്തിപ്പെടുത്തും. കോഴിക്കോട് ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി. ഡയാലിസിസ് സെന്‍റര്‍ നിലനിർത്തി. രോഗികളുടെ സുരക്ഷയ്ക്ക് കൊവിഡ് വാർഡുമായി ബന്ധമില്ലാത്ത വിധത്തിൽ ഡയലാസിസ് സെന്‍റര്‍ പ്രവർത്തിക്കും.

കണ്ണൂരില്‍ സമ്പർക്ക രോഗബാധ കൂടുതൽ കണ്ടെത്തിയ ചക്കരക്കൽ പൊലീസ് പരിധിയിലെ കൂടുതൽ പ്രദേശം അടച്ചു. പത്ത് ദിവസത്തിനകം 1146 രോഗികളിൽ കാസർകോട് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട ആളുകളിൽ രോഗം വർധിക്കുന്നു. ഇവിടെ ഇതുവരെ 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ മേഖലയിലെ പൊലീസിന്‍റെ പ്രവർത്തനം വിലയിരുത്തി. ആരോഗ്യപ്രവർത്തകരുമായി ചേർന്ന് നടത്തുന്ന കോണ്ടാക്ട് ട്രേസിങ് പൊതുജനം സ്വാഗതം ചെയ്യുന്നു. രോഗവ്യാപനം വർധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കർശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി സുരേന്ദ്രൻ എന്നിവർ മലപ്പുറത്ത് ക്യാംപ് ചെയ്യും.

മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. രണ്ടാമതും പിടിക്കപ്പെട്ടാൽ 2000 രൂപ ഈടാക്കും. തിരുവനന്തപുരം കരമനയിൽ കണ്ടെയിന്‍മെന്‍റ് സോൺ സ്വയം നിശ്ചയിച്ച് നിയന്ത്രണത്തിന് ജനം തയ്യാറായി. ഈ മാതൃക ജനമൈത്രി പൊലീസിന്‍റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ഏറ്റെടുക്കും. ബോധവത്കരണവും നിരീക്ഷണവും ശക്തിപ്പെടുത്തും. നാട്ടുകാരുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കും. റസിഡന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കും. സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണം പാലിക്കുന്നതെന്ന് പ്രചരിപ്പിക്കും. മാസ്ക് ധരിക്കൽ, അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കും.

തീരദേശ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ സാമൂഹിക സാമ്പത്തിക സാംസ്കാരിക ഘടകങ്ങൾ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും. കൊല്ലം റൂറലിൽ മാർക്കറ്റ് കമ്മിറ്റി, മാർക്കറ്റ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് എന്നിവ ഫലപ്രദം. ഇത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. തൃശ്ശൂർ സിറ്റി മാതൃകയിൽ മാർക്കറ്റ് മാനേജ്‍മെന്‍റ് സംവിധാനം സംസ്ഥാനത്തെ വലിയ മാർക്കറ്റുകളിൽ നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവർമാരെ സുരക്ഷിതമായി താമസിപ്പിക്കും. കൊല്ലം സിറ്റി മാതൃകയിൽ സംസ്ഥാനത്തെ എല്ലാ കണ്ടെയിന്‍മെന്‍റ് സോണിലും ക്ലോസ്ഡ് ഗ്രൂപ്പ് രൂപം നൽകും. മാസ്ക് ധരിക്കാത്ത 6954 സംഭവം ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീന്‍ ലംഘിച്ച പത്ത് പേർക്കെതിരെ കേസെടുത്തു.

 വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ദ്വൈവാര പ്രവചനത്തിൽ അടുത്തയാഴ്ച കേരളത്തിൽ സാധാരണ മഴ പ്രവചനം. ഓഗസ്റ്റ് 15 ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടും. അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് വിലയിരുത്തൽ. നദികളിലെ ജലനിരപ്പ് അപകട നിരപ്പിൽ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥിതി മാറി. മലയോര മേഖലയിൽ പ്രവചനം തെറ്റിച്ച് മഴ ശക്തി പ്രാപിച്ചാൽ പ്രത്യേക ഇടപെടൽ നടത്തും. എല്ലാ ജില്ലയിലും ദുരിതാശ്വാസ ക്യാംപ് തുറന്നു. കൊവിഡ് ക്വാറന്‍റീനില്‍ കഴിയുന്നവർക്ക് പ്രത്യേക ക്യാംപ് ഒരുക്കി. സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 493 ക്യാംപ് തുറന്നു. 21205 പേർ അവിടെയുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങിപ്പോകുന്നു. തിരികെ പോകുന്നവർ പാലിക്കേണ്ട മുൻകരുതൽ പാലിക്കണം. രാജമല പെട്ടിമുടി ദുരന്ത മേഖലയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 52 ആയി.

പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്‍റെ കരട് ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കും. പല നിർദ്ദേശങ്ങളോടും യോജിക്കാനാവില്ലെന്നാണ് സംസ്ഥാന നിലപാട്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതൽ ചർച്ച നടത്തി മാത്രമേ അന്തിമ തീരുമാനം എടുക്കാവു. സംസ്ഥാന സാഹചര്യം പരിഗണിച്ച് ചില കാര്യങ്ങളിൽ മാറ്റം വേണമെന്ന് പ്രത്യേകമായി പറയുന്നു. ഖനനാനുമതിയുമായി ബന്ധപ്പെട്ട് ഇടത്തരം വിഭാഗത്തിലെ അഞ്ച് ഹെക്ടറിൽ തുടങ്ങി നൂറ് ഹെക്ടർ വരെയെന്നാണ് കിടക്കുന്നത്. ഇതിന് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് വേണം. ഇതിലെ അഞ്ച് ഹെക്ടർ രണ്ട് ഹെക്ടറായി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം
രണ്ട് ഹെക്ടറിന് താഴെ നിലവിലെ ആനുകൂല്യം തുടരും.

ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുൻപുള്ള വിശദമായ പരിശോധന നടത്തുന്നതിനുള്ള സംവിധാനമായിരുന്നു ജില്ലാ സമിതികൾ. സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിൽ ജില്ലാ സമിതികൾക്ക് നിർണായകമായ പങ്കുണ്ട്. ഇവയെ നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. കൊവിഡ് 19 വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ലോകമാകെ സാമ്പത്തികമായ വലിയ വെല്ലുവിളി ഇതുയർത്തി. പ്രതിസന്ധിയെ കൈയ്യും കെട്ടി നോക്കിനിൽക്കാനല്ല തീരുമാനം. വികസന പ്രവർത്തനം തടസം മറികടന്ന് മുന്നോട്ട് കൊണ്ടുപോകാനും പുതിയ പദ്ധതികളും നിക്ഷേപവും കൊണ്ടുവരും. സംസ്ഥാനത്തെ സംരംഭക സൗഹൃദമാക്കാൻ രൂപം നൽകിയ കെ സ്വിഫ്റ്റ് സംവിധാനം വഴി 2547 എംഎസ്എംഇ സംരംഭങ്ങൾക്ക് സർക്കാർ അംഗീകാര പത്രം നൽകി.

ഇവയ്ക്ക് പുറമെ 361 സേവനങ്ങൾക്കുള്ള അംഗീകാരവും നൽകി. 717 കോടി 80 ലക്ഷം രൂപയുടെ നിക്ഷേപം ഇതിലൂടെ വരും. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു. ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള കെ സ്വിഫ്റ്റിലേക്ക് സംരംഭകർ നിക്ഷേപ നിർദ്ദേശം പൊതു അപേക്ഷാ ഫോമിൽ സമർപ്പിച്ചാൽ മതി. തിരുവനന്തപുരത്താണ് പദ്ധതി വഴി എംഎസ്എംഇകൾക്കായി ഏറ്റവുമധികം അപേക്ഷ വന്നത്. 10 കോടി വരെ നിക്ഷേപം വരുന്ന പദ്ധതികൾക്ക് തത്സമയം അനുമതി നൽകും. സംരംഭം തുടങ്ങുന്നതിന് 15 സർക്കാർ വകുപ്പുകളെയും ഏജൻസികളെയും കെ സ്വിഫ്റ്റ് വഴി ബന്ധപ്പെടാം.

നിലവിൽ ഓൺലൈൻ സംവിധാനം ഇല്ലാത്ത വനം വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, ചീഫ് ടൗൺ പ്ലാനിങ് എന്നിവയെ കൂടി ബന്ധിപ്പിക്കും. ആരോഗ്യം, കൃഷി, റവന്യു, ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി ഇവയെല്ലാം പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും. നടപടികൾ കൂടുതൽ സുഗമമാക്കാനും ഔദ്യോഗിക ഇടപെടൽ കുറയ്ക്കാനുമാവും. സിഐഐ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. നാടിന്‍റെ സാമ്പത്തിക നില നല്ല പോലെ ചലിക്കണമെന്നത് സർക്കാരിന്‍റെ ആഗ്രഹമാണ്. മുൻകരുതലില്ലാതെ കൊവിഡ് കാലത്ത് എടുത്തുചാടാനാവില്ല. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ സഹായം നൽകും. സാധാരണ നിലയിലുള്ള സാമ്പത്തിക ചലനം ഉറപ്പാക്കാൻ സർക്കാർ പരിശ്രമിക്കുന്നു.

അടുത്ത അക്കാദമിക് വർഷം സീറോ അക്കാദമിക് വർഷമാക്കണമെന്ന ചർച്ച ദേശീയ തലത്തിൽ ഉയരുന്നു. അധ്യയനവും പരീക്ഷയും ഒഴിവാക്കാനാണ് ഉദ്ദേശം. യുജിസി അന്തിമ തീരുമാനം എടുത്തിട്ടില്ല. കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ സർവ്വകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്റർ ഓൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിന്‍റെ ഭാഗമാകും. ക്ലാസുകൾ ഉടനെ തുടങ്ങാനാവില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസാരംഭിക്കാമെന്ന നിർദ്ദേശം വന്നു. സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും.

പുതിയ കേന്ദ്ര തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കും. ത്രിവത്സര-പഞ്ചവത്സര കോഴ്സുകളിലേക്ക് 60 വിദ്യാർത്ഥികൾ അടങ്ങിയ ബാച്ചിനേ അംഗീകാരം നൽകു എന്ന് ബാർ കൗൺസിൽ നിലപാട്. സർക്കാർ കോളേജുകളിൽ 240 സീറ്റുകൾ നഷ്ടമാകും. അഡീഷണൽ ബാച്ച് തുടങ്ങി ഇത് നികത്തും. ഫലത്തിൽ സീറ്റ് കുറയില്ല, കൂടും.

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം സാധനം ഉൾപ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം തുടങ്ങും. 2000 പാക്കിങ് കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകരുടെ കൂടി സഹായത്തോടെ കിറ്റുകൾ തയ്യാറാക്കും. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ സാധനം എത്താനുണ്ടായ ബുദ്ധിമുട്ട് തരണം ചെയ്യും.

ഉദ്ദേശം 500 രൂപ വിലയുള്ള ഉൽപ്പന്നം കിറ്റിലുണ്ടാകും. സപ്ലൈകോ കേന്ദ്രത്തിൽ പാക്ക് ചെയ്യുന്ന കിറ്റ് റേഷൻ കടവഴി വിതരണം ചെയ്യുന്നു. അന്ത്യോദയ വിഭാഗത്തിന് ആദ്യം. 31 ലക്ഷം മുൻഗണനാ കാർഡുകൾക്ക് പിന്നീട്. ആഗസ്റ്റ് 13, 14, 16 തീയതികളിൽ മഞ്ഞ കാർഡുകൾക്ക് വിതരണം ചെയ്യും. 19,20,22 തീയതികളിൽ പിങ്ക് കാർഡുകൾക്ക് വിതരണം ചെയ്യും. ഓണത്തിന് മുൻപ് നീല വെള്ള കാർഡുകൾക്ക് കിറ്റ് വിതരണം ചെയ്യും. ഓണച്ചന്ത എല്ലാ ജില്ലാ കേന്ദ്രത്തിലും ഓഗസ്റ്റ് 20 മുതൽ പത്ത് ദിവസത്തേക്ക് നടത്തും. ഇത് കൂടാതെ റേഷൻ കട വഴി കുറഞ്ഞ അളവിൽ ധാന്യം ലഭിച്ച മുൻഗണന ഇതര കാർഡുടമകൾക്ക് പത്ത് കിലോ വീതം സ്പെഷ്യല്‍ അരി നൽകും. 

വോട്ടർപട്ടികിൽ പേര് ചേർക്കാനുള്ള സൈറ്റ് ഓപ്പണായെന്ന പേരിൽ വ്യാജപ്രചാരണം നടക്കുന്നു. നിലവിലെ വോട്ടർമാരുടെ ലിസ്റ്റ് കാണുന്നതിനുള്ള ലിങ്കാണ് പ്രചരിപ്പിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് സ്ഥിരീകരിച്ചു. പച്ച നമ്പർ ബോർഡുള്ള സംസ്ഥാന ഊർജ്ജ വകുപ്പിന്‍റെ കാർഡിന്‍റെ പടം മതസ്പർദ്ധ രാഷ്ട്രീയ വിദ്വേഷം എന്നിവയ്ക്കായി പ്രചരിപ്പിക്കുന്നു. ഇലക്ട്രിക് വാഹനത്തിൽ നമ്പർ പ്രദർശിപ്പിക്കുന്നത് പച്ച ബോർഡിലാണ്. രണ്ട് വാർത്തയും തെറ്റാണെന്ന് പിആർഡി ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. പിആർഡി ഫാക്ട് ചെക് ഫലപ്രദമായി ഇടപെടും. നിയമനടപടി ഉണ്ടാവും. 

ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവർക്ക് പൊലീസ് നൽകിയ ഭക്ഷണ പൊതിയിൽ തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ച് കുമ്പളങ്ങി സ്വദേശി മേരി കാട്ടിയത് മാതൃക. കഷ്ടപ്പാട് അനുഭവിക്കുന്നവർക്കായി തന്‍റെ അധ്വാനത്തിന്‍റെ പങ്ക് മാറ്റിവച്ചു. ഇത് ഏവർക്കും പ്രചോദനമാകട്ടെ.

കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിൽക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. അവരുടെ മനോവീര്യം തകർക്കുകയെന്ന ദുഷ്ടലാക്കോടെ ചിലർ ആദ്യ ഘട്ടം മുതൽ ഇടപെടുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്ക് വേണ്ടി നിലനിൽക്കണം. ജനങ്ങളാണ് പ്രധാനം. അത്തരം ശബ്ദങ്ങൾ ബധിര കർണ്ണത്തിലാണ് പതിച്ചത്. പൊലീസുമായി ബന്ധപ്പെട്ട് തീരുമാനിച്ചപ്പോൾ ആരോഗ്യപ്രവർത്തകരെ ഒഴിവാക്കിയെന്ന് ആരോപണം വന്നു. എല്ലാവരും കടുത്ത ജോലിഭാരം അനുഭവിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കാൻ സാധിക്കും. ഫലപ്രദമായി ഇടപെടാനും സഹായിക്കാനും പൊലീസിന് സാധിക്കും.

കേരളത്തിലെ പൊതു ആരോഗ്യസംവിധാനം പരാജയപ്പെട്ടുവെന്ന് ആരോപണം വന്നു. രാജ്യത്ത് ആദ്യം കൊവിഡ് ബാധിച്ചത് കേരളത്തിൽ. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശം കൂടിയാണ് കേരളം. സാധാരണ നിലയിൽ മരണനിരക്ക് വളരെ കൂടുതലായിരിക്കും. അത് പിടിച്ചുനിർത്താൻ കേരളത്തിനായി. കുറഞ്ഞ മരണനിരക്കും കേരളത്തിലാണ്. രോഗം ഇരട്ടിക്കുന്നതിനുള്ള സമയം ദേശീയ ശരാശരിയേക്കാൾ കേരളത്തിൽ നാല് ദിവസം കൂടുതലാണ്. നമ്മളാണ് അക്കാര്യത്തിൽ രാജ്യത്ത് രണ്ടാമതുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു രോഗിയെ ലക്ഷണം കുറഞ്ഞാൽ ഉടനെ വീട്ടിലേക്ക് അയക്കും. കേരളത്തിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാലേ വീട്ടിലേക്ക് വിടു. 

റിക്കവറി റേറ്റ് കുറവാണെന്ന ആരോപണം ഉണ്ട്. രോഗലക്ഷണത്തിൽ കുറവ് വന്നാൽ പറഞ്ഞുവിടുന്ന സ്ഥലങ്ങളുമായി താരതമ്യം ചെയ്താൽ അവിടെ റിക്കവറി റേറ്റ് കൂടുതലുണ്ടാവും. അത് സ്വാഭാവികമാണ്. അങ്ങനെയുള്ള റിക്കവറിയാണോ വേണ്ടതെന്ന് അത്തരം ആക്ഷേപം ഉന്നയിക്കുന്നവർ തന്നെ ആലോചിക്കണം. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് എടുത്താൽ രാജ്യത്ത് മികച്ച നാല് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. എന്നിട്ടും പറയുന്നു കേരളം ടെസ്റ്റ് ചെയ്യുന്നില്ലെന്ന്. പ്രതിദിന പരിശോധന 25000 കടന്നിട്ടും പറയുന്നത് പിആർ വർക്കിന്‍റെ ഭാഗമായി രോഗികളുടെ എണ്ണം കുറയ്ക്കാൻ പരിശോധന കുറയ്ക്കുന്നുവെന്നാണ്. പ്രതിപക്ഷ നേതാവടക്കം അതിന് തയ്യാറായി. 

ആകെ പരിശോധനകൾ ഒൻപത് ലക്ഷം കടന്നു. ലക്ഷക്കണക്കിന് പരിശോധന ഒരുമിച്ച് നടത്തിയാൽ എല്ലാം ഒന്നിച്ച് ശരിയാകുമോ? ബഹുഭൂരിപക്ഷത്തിനും പരിശോധിച്ചാലും നെഗറ്റീവായവർക്ക് വീണ്ടും രോഗം ബാധിക്കാം. കയ്യിലുള്ള കിറ്റുകളെല്ലാം വേഗത്തിൽ തീർക്കാനാവില്ല. കരുതലോടെയാണ് പ്രവർത്തനം. പിപിഇ കിറ്റുകളുടെ പുനരുപയോഗത്തെ കുറിച്ച് എയിംസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളും സിഡിസി പോലുള്ള ഏജൻസികളും പറയുന്നു. നമ്മുടെ സംസ്ഥാനം ഇതുവരെ ആ വഴിക്ക് പോയിട്ടില്ല. 

പുനരുപയോഗിക്കാൻ തയ്യാറായിട്ടില്ല. ആശങ്ക ഉയരേണ്ടതില്ല. സംസ്ഥാനത്ത് 1.25 ലക്ഷം കിടക്കകളുണ്ട്. സർക്കാർ തലത്തിൽ 50000-60000 കിടക്കകൾ. സ്വകാര്യ ആശുപത്രികളിൽ 75000 കിടക്കകളും നിലവിലുണ്ട്. ഇതുപയോഗിച്ചാണ് ആരോഗ്യപ്രശ്നം ഫലപ്രദമായി നേരിടുന്നത്. ജില്ലാ തലത്തിൽ സർവേയും ജിഐഎസ് മാപ്പിങും തുടക്കത്തിൽ നടത്തി. ആവശ്യമായ ബെഡ് സ്ട്രെങ്ത്ത് തുടക്കത്തിൽ തന്നെ ഉറപ്പാക്കി. കൊവിഡ് രോഗികളെ ചികിത്സിക്കാൻ പ്രാദേശിക തലത്തിൽ സിഎഫ്എൽടിസികൾ സ്ഥാപിച്ചു. 16435 കിടക്കകൾ ഈ രീതിയിൽ ക്രമീകരിച്ചു. ശരിയായ റെഫറൽ സിസ്റ്റമാണ് ഉള്ളത്. രോഗലക്ഷണം തീവ്രമായാൽ രോഗിയെ മാറ്റും. ഇത്തരത്തിൽ 8472 കിടക്കകൾ സർക്കാർ മേഖലയിലുണ്ട്. 871 ഐസിയു കിടക്കകളുണ്ട്. 538 വെന്‍റിലേറ്റര്‍ സൗകര്യമുണ്ട്. സംസ്ഥാനത്താകെ ശരിയായ രീതിയിലാണ് പ്രവർത്തനം. ഇതെല്ലാം പലവട്ടം പറഞ്ഞതാണ്. ജനം കാണുന്നതാണ്.

സൈബര്‍ ആക്രമണം

നിങ്ങൾ നേരത്തെ പറഞ്ഞ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിട്ടു. വ്യക്തിപരമായ ആക്രമണത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കും. ആർക്കെതിരെ ആയാലും അതാവും നിലപാട്. ശരിയായ രീതിയിൽ അന്വേഷണം നടക്കട്ടെ. എല്ലാവരും വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്ന് മാറിനിൽക്കണം. മാധ്യമപ്രവർത്തകരും ഒഴിഞ്ഞുനിൽക്കണം. വ്യാജവാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അത് കണ്ടെത്താൻ പ്രത്യേക സംവിധാനം തന്നെ ഒരുക്കി നല്ല രീതിയിൽ ഫലം സൃഷ്ടിക്കാനാവും. ഇത്തരം കാര്യം കൈകാര്യം ചെയ്യാൻ ചില പ്രയാസങ്ങളുണ്ട്.

കുറേക്കൂടി നിയമപരമായ കരുത്ത് വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പൊതു അഭിപ്രായം പരിശോധിക്കും. അധിക്ഷേപ വാർത്ത, തെറ്റായ കാര്യം പ്രചരിപ്പിക്കൽ, ആള്‍മാറാട്ടം നടത്തൽ, എന്തും വിളിച്ചുപറയാവുന്ന സ്ഥിതിയെല്ലാം കൂടുതൽ കർക്കശമായി നേരിടും. മാധ്യമ മേധാവികളുടെ യോഗം ചേർന്നിരുന്നു. കൂടുതൽ കർക്കശമായ നിലപാട് വേണമെന്ന് അവരും അഭിപ്രായപ്പെട്ടു. അതുമായി ബന്ധപ്പെട്ട്  ഔദ്യോഗിക തീരുമാനം മാത്രം പോര. ചില നിയമ ഭേദഗതികൾ കൂടി വേണം. അത് കൂടുതൽ ചർച്ച ചെയ്യണം. പൊതു അഭിപ്രായം തേടും. നടപടി എടുത്ത് പോകും. ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാൽ കയ്യടിക്കുകയും മറ്റ് ചിലർക്ക് എതിരെ വന്നാൽ എതിർക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പാടില്ല. എല്ലാവരും ഒരേ നിലപാട് സ്വീകരിക്കണം. ആശയ സംവാദമാകാം.