പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ  റോയി ഡാനിയലിനേയും ഭാര്യയെയും മക്കളെയും റിമാന്റ് ചെയ്തു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ വിഡിയോ കോൺഫറനസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. തട്ടിപ്പിൽ റോയിയുടെ മക്കളായ റിനു മറിയത്തിനും റിയ ആനിനുമാണ് മുഖ്യ പങ്കെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്യലിൽ പൊലീസിന് നിർണയകമായ വിവരങ്ങൾ കിട്ടി. 2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. അന്നു മുതലാണ് പോപ്പുലറിന്റെ പതനത്തിനും തുടക്കം കുറിച്ചത്. 

ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്സ, പോപ്പുലർ പ്രിന്റേഴ്സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചത് എൽഎൽപി വ്യവസ്ഥയിൽ.  എൽഎൽപി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ചാൽ നിക്ഷേപകർക്ക് കന്പനിയുടെ ലാഭ വിഹിതമാണ് കിട്ടുക. കന്പനി നഷ്ടത്തിലായാൽ ആനുപാദികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാൽ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തിൽ പോലും നിക്ഷേപകരെ അറിയിച്ചിരുന്നില്ല.

നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകൾ 2000 കോടി രൂപ തട്ടിയെന്നാണ് റിമാന്റ് റിപ്പോർട്ട്. നിക്ഷേപകരെ ചതിച്ച് പണം വിദേശത്ത് നിക്ഷേപിച്ചെന്നും അഞ്ച് സംസ്ഥാനങ്ങളിലുള്ള ആളുകൾ കബളിപ്പിക്കപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.