05:15 PM (IST) Sep 05

വോട്ടെടുപ്പ് വൈകുന്നതിനെതിരെ ചാണ്ടി ഉമ്മൻ

വോട്ടെടുപ്പ് വൈകുന്നതിനെതിരെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രംഗത്ത്. പോളിംഗ് താമസിക്കുന്നത് സംശയകരമാണെന്നും ആളുകളെ ബുദ്ധിമുട്ടിക്കുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. യന്ത്ര തകരാ‍ര്‍ പരിഹരിക്കാൻ ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥർ വരുന്നില്ല. കാത്ത് നിൽക്കുന്ന മുഴുവൻ ആളുകൾക്കും വോട്ട് ചെയ്യാൻ അവസരം വേണം. സമയം നീട്ടി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

02:44 PM (IST) Sep 05

സൈബർ ആക്രമണം; ജെയ്കിന്‍റെ ഭാര്യയുടെ പരാതിയിൽ കേസ്

സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ ജെയ്ക് സി തോമസിന്‍റെ ഭാര്യ ഗീതുവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്. ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു.

02:43 PM (IST) Sep 05

ഉത്സവ പ്രതീതിയിൽ വോട്ട് ചെയ്യുന്ന ജനം, ജെയ്ക്കിന് നല്ല പ്രതീക്ഷ

പുതുപ്പള്ളിയിലെ മികച്ച പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിൽ ജനങ്ങൾ ഉത്സവ പ്രതീതിയിൽ വോട്ട് ചെയ്യുന്നു. ഇത് ജെയ്ക്കിന് നല്ല പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി എംഎൽഎയായി തുടർന്ന 53 വർഷത്തിന് ശേഷം, ചാണ്ടി ഉമ്മന് ഈസി വാക്കോവറാണ് യുഡിഎഫ് ആദ്യം പ്രതീക്ഷിച്ചത്. എന്നാൽ മണ്ഡലത്തിൽ വികസനം ചർച്ചയായതോടെ ആ സാഹചര്യം മാറി. ഇടത് അനുകൂലമായി സാഹചര്യങ്ങളുണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു. 

02:42 PM (IST) Sep 05

പുതുപ്പള്ളി 50 % കടന്ന് പോളിംഗ്, പ്രതീക്ഷയോടെ മുന്നണികൾ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് 2 മണിവരെ അമ്പത് ശതമാനത്തിലേറെ പോളിംഗ്. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

09:51 AM (IST) Sep 05

ഉമ്മൻചാണ്ടി ഡയറി എഴുതിയിരുന്നു, ചികിത്സയെക്കുറിച്ച് അതിലുണ്ട്'

20 വർഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്ന് ചാണ്ടി ഉമ്മൻ. ആരോഗ്യസ്ഥിതിയെയും രോഗ ചികിൽസയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സാ വിവാദത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഒക്ടോബറിലാണ് ഡയറി എഴുതിയത്. ഇതെല്ലാം ജനങ്ങൾ അറിയട്ടെയെന്നും തന്റെ പിതാവിനെ ഞാൻ ദൈവമായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു

09:51 AM (IST) Sep 05

തല വെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ഉദയനിധി

ചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻറെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് ഉദയനിധി. തനിക്കെതിരെ സന്യാസി നടത്തിയ പ്രകോപന പ്രസ്താവനക്ക് ചുട്ട മറുപടിയാണ് ഉദയനിധി സ്റ്റാലിൻ നല്‍കിയത്.

09:49 AM (IST) Sep 05

പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകും തികഞ്ഞ പ്രതീക്ഷയെന്ന് ജെയ്ക് സി തോമസ്

തുപ്പള്ളിയിൽ ഇടതിന് തികഞ്ഞ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസന സംവാദത്തിൽ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമർശനമുന്നയിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് ജെയ്ക് മാധ്യമങ്ങളോട് സംസാരിച്ചത്. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനം എന്നാണ് വോട്ടെടുപ്പ് ദിനത്തെ ഇടത് സ്ഥാനാർത്ഥി വിശേഷിപ്പിച്ചത്. 

07:37 AM (IST) Sep 05

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സതീഷ് കുമാർ, പിപി കിരൺ എന്നിവരെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ വർഷങ്ങൾക്ക് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

07:15 AM (IST) Sep 05

എല്ലാം ജനങ്ങൾ തീരുമാനിക്കും; ഇന്ന് ജനങ്ങളുടെ കോടതിയിൽ

 എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും ഇന്ന് ജനങ്ങളുടെ കോടതിയിലെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട്. പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാരാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും വികസനം ആണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

07:15 AM (IST) Sep 05

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്

സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ട്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.