Asianet News MalayalamAsianet News Malayalam

വിവാദങ്ങൾക്കിടെ കല്യാണ വീട്ടിൽ കണ്ടുമുട്ടി ഇ.പിയും കെ സുധാകരനും; ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു

ബിജെപിയിലേക്ക് പോകാൻ ഇപി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെയാണ് വിവാദം കത്തിയത്. 

Ep jayarajan and K Sudhakaran met at a wedding reception venue at kannur amid controversies
Author
First Published Apr 28, 2024, 12:23 AM IST

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ടുമുട്ടി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും കെ സുധാകരനും. കണ്ണൂർ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇപിയും സുധാകരനും കണ്ടത്. ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. ബിജെപിയിലേക്ക് പോകാൻ ഇപി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെയാണ് വിവാദം കത്തിയത്. പിന്നീട് നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇപി വോട്ടെടുപ്പ് ദിനത്തിൽ സമ്മതിക്കുകയും ചെയ്തു. ഇതിനെ മുഖ്യമന്ത്രി പിന്നീട് വിമർശിച്ചു. അതിന് ശേഷം പ്രതികരണത്തിന് എൽഡിഎഫ് കൺവീനർ തയ്യാറായിട്ടില്ല.

അതേസമയം ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. ജാവദേക്കറെ കണ്ടത് ജയരാജൻ മൂടി വച്ചത് അതീവ ഗൗരവത്തോടെ സിപിഎം ചർച്ച ചെയ്യുമെന്ന് പാർട്ടി നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അച്ചടക്ക നടപടിയെടുക്കുന്ന കാര്യം കേന്ദ്ര കമ്മിറ്റി ആലോചിക്കുമെന്നാണ് സൂചന. 

ഇപി ജയരാജൻ ഇന്നലെ നടത്തിയ തുറന്ന് പറച്ചിൽ സിപിഎം കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിജെപിയുടെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തി എന്നത് നിസാരമായി തള്ളാനാവില്ലെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചോരുന്നത് പാർട്ടി ആയുധമാക്കുമ്പോൾ ഈ ചർച്ച വൻ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുന്നത് സാധാരണമാണ്. എന്നാൽ ബിജെപി നേതാവ് സിപിഎം സിസി അംഗത്തെ വീട്ടിൽ വന്ന് കാണുന്നത് അസാധാരണമാണ്. അങ്ങനെയൊരു കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജൻ പാർട്ടിയെ ഇക്കാര്യം അറിയിച്ചില്ല. ഇത് അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്ന നേതാവ് മൂടിവച്ച് പാർട്ടിവിരുദ്ധമാണ്. 

കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ഇന്നലെ പറഞ്ഞതിന് പരസ്യ ശാസനയുടെ സ്വഭാവുമുണ്ട്. എന്നാൽ കൂടുതൽ കർശനമായ നടപടി ആലോചിക്കേണ്ടി വരും എന്ന സൂചനയാണ് നേതാക്കൾ നല്‍കുന്നത്. മുമ്പ് ബന്ധു നിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ ഇടപെട്ടാണ് ഇ പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. പുതിയ വിവാദത്തിൽ കേരളത്തിൽ ആലോചിച്ച ശേഷം എന്ത് നടപടി വേണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം ചർച്ച ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios