തിരുവനന്തപുരം: ഗൾഫിൽ കുടുങ്ങി പോയ പ്രവാസികളെ തിരികെ കൊണ്ടു വരില്ലെന്ന കേന്ദ്രസർക്കാർ നിലപാട് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികൾ, പ്രായമയവർ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ പൂർണഗർഭിണികൾ എന്നിവരെ ചാർട്ടേഡ് വിമാനം വഴി തിരിച്ചു കൊണ്ടു വരാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കരകയറാൻ കേരളം എന്ന തത്സമയ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല. നിരവധിയാളുകളാണ് വിവിധ വിഷയങ്ങളിൽ പരാതിയും സഹായവും തേടി പ്രതിപക്ഷനേതാവിനെ വിളിച്ചത്. കൂടുതൽ പരാതികളുമായി വിളിച്ചത് പ്രവാസികളാണ്. 
പ്രതിപക്ഷനേതാവിന് വന്ന പരാതികളും അദ്ദേഹത്തിൻ്റെ മറുപടികളും 

ഞങ്ങൾ ഈ അതി‍ർത്തി പ്രദേശയമായ നെയ്യാറ്റിൻകര, പാറശ്ശാല ഭാ​ഗത്തു നിന്നുള്ള നിരവധി ഡോക്ട‍‍ർമാ‍‍‍ർ കളിയക്കാവിള, മാ‍ർത്താണ്ഡം അടക്കമുള്ള തമിഴ്നാട് മേഖലയിലേക്ക് പോയി ജോലി ചെയ്യുന്നുണ്ട്. ഇതുവരെ നമ്മൾ സാധാരണ പോലെ ജോലിക്ക് പോയി വന്നതാണ് എന്നാൽ ഇന്ന് മുതൽ കേരളത്തിൽ നിന്നുള്ള ഡോക്ട‍ർമാരെ അതി‍ർത്തി കടക്കാൻ അനുവ​ദിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നും ഇങ്ങോട്ട് വരാൻ പ്രശ്നമില്ല കേരളത്തിൽ നിന്നും പോകാനാണ് ബുദ്ധിമുട്ട് - ഡോ.വിഷ്ണു, നെയ്യാറ്റിൻകര

ഈ കാര്യം തീ‍ർച്ചയായും ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താം. വാളയാറിലും സമാന അവസ്ഥയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. തമിഴ്നാ‌ട് ചീഫ് സെക്രട്ടറിയോട് വിഷയം ച‍‍ർച്ച ചെയ്യാം എന്ന് അദേഹം അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും കുറേ പേ‍‍ർ ഇങ്ങോട്ട് വരാൻ നിൽക്കുന്നുണ്ട്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യമായതിനാൽ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ട്. എങ്കിലും ഡോക്ടർമാരുടെ കാര്യത്തിൽ ഇളവ് അനുവദിക്കും. 

രാജ്യത്തിനകത്താണെങ്കിലും നമ്മളും പ്രവാസികളാണ്. ലോക്ക് ഡൗൺ വന്ന ശേഷം നമ്മുക്കും ജോലിയില്ല. കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. അതേസമയം നമ്മുടെ കാര്യം ആരും പരാമർശിച്ചു കേട്ടില്ല. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്താണ് നമ്മൾ താമസിക്കുന്നത്. ഹെന്നൂ‍ർ-​ഗൊത്തന്നൂർ എന്ന സ്ഥലത്താണ് നമ്മൾ പാർക്കുന്നത്. ഇവിടെ കുറച്ചു പേ‍ർക്ക് സർക്കാർ ഭക്ഷ്യവസ്തുകൾ എത്തിക്കുന്നുണ്ട്. എന്നാൽ ഭക്ഷണം കിട്ടാത്ത ഒരുപാട് പേരുണ്ട്  - ജോസഫ് ജോൺ, ബെം​ഗളൂരു

പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിൽ വരുന്ന ഇത്തരം പരാതികളിൽ സർക്കാർ തലത്തിലും പാർട്ടിതലത്തിലും ഇടപെടുന്നുണ്ട്. ഇന്ത്യയിലെ വിവിധ ന​ഗരങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ കാര്യത്തിലും തികഞ്ഞ കരുതലോടെയാണ് സർക്കാരും ഇടപെടുന്നത്. താങ്കൾ ഉന്നയിച്ച പ്രശ്നം ഞാൻ ബെ​ഗംളൂരു കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്താം. 

ഞാൻ 27 വർഷമായി മസ്ക്കറ്റിൽ താമസിക്കുന്ന ആളാണ്. പ്രവാസികൾക്ക് വലിയ ബഹുമാനവും സ്നേഹ​വും നൽകി പോന്നവരാണ് ഇന്ത്യയും കേരളവും. എന്നാലിപ്പോൾ ഈ രോ​ഗം വന്നപ്പോൾ എല്ലാവരും ഞങ്ങളെ അപരൻമാരെ പോലെയാണ് കാണുന്നത്. ഇപ്പോൾ ബഹുമാനപ്പെട്ട പരോമന്നത സുപ്രീംകോടതി പോലും പ്രവാസികളെ അങ്ങോട്ട് കൊണ്ടു വരേണ്ട എന്നു പറഞ്ഞിരിക്കുന്നു. നാടിനും കുടുംബത്തിനും വേണ്ടിയാണ് ഞങ്ങളെ പോലുള്ള പ്രവാസികൾ വിദേശത്തേക്ക് പോയത്. ഇപ്പോൾ ഒരു അപകടം വന്നപ്പോൾ ഞങ്ങളെ നിങ്ങൾക്ക് വേണ്ടാതായോ.. - മോഹൻ കാലയിൽ, മസ്ക്കറ്റ്

താങ്കളുടെ വികാരത്തെ പൂർണമായും ഉൾക്കൊള്ളുന്നു. പ്രവാസികളായ നിങ്ങളാണ് നമ്മുടെ നാടിനെ പിടിച്ചു നിർത്തുന്നതും പോറ്റി വളർത്തുന്നതും നിങ്ങൾക്കൊരു ബുദ്ധിമുട്ട് വരുമ്പോൾ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്. ഞാൻ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇക്കാര്യത്തിൽ കത്തയച്ചിരുന്നു. വിവിധ പ്രവാസിസംഘടനാ പ്രതിനിധികളുമായി ഞാനും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി അധ്യക്ഷനും ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചിരുന്നു. എല്ലാവരും ആവശ്യപ്പെടുന്നത് പ്രവാസികളെ തിരിച്ചെത്തിക്കാം എന്നാണ്. പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ അവരുടെ പൗരൻമാരെ ഇതിനോകടകം ​ഗൾഫ് രാജ്യങ്ങളിൽ നിന്നും കൊണ്ടു പോയി ജർമ്മനിയും കൊണ്ടു പോയി. കേരളത്തിൽ നിന്നും വരെ വിവിധ രാജ്യങ്ങൾ അവരുടെ പൗരൻമാരെ കൊണ്ടു പോയി

നിങ്ങൾ തിരികെ വന്നാൽ നിങ്ങളെ ഇവിടെ നിരീക്ഷണത്തിൽ നിർത്താം. ചികിത്സിക്കാം അതിനു വേണ്ട കാര്യങ്ങൾ ഇവിടെ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. ഏപ്രിൽ 20-ന് ശേഷം ഇളവുകൾ വരുന്ന മുറയ്ക്ക് നിങ്ങളെ തിരികെയെത്തിക്കാൻ വേണ്ട കാര്യങ്ങൾ സർക്കാരും പ്രതിപക്ഷവും മറ്റെല്ലാവരും ഒറ്റക്കെട്ടായി ചെയ്യും. 

എൻ്റെ മോൻ ഒന്നരമാസമായി എയർപോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിലാണ് ലോക്ക് ഡൗൺ തുടങ്ങിയത്. ഇപ്പോൾ 25 ദിവസമായി അവർ  റൂമിൽ തന്നെ ഇരിക്കുകയാണ്. എൻ്റെ മോനടക്കം നാല് പേരുണ്ട് അവിടെ. ഇവരൊക്കെ ബെം​ഗളൂരു എയർപോർട്ടിലാണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ വണ്ടിയുമായി അവിടെ പോയി ഇവരെ കൂട്ടിക്കൊണ്ടു വരാൻ വേണ്ട സഹായം സാർ ചെയ്തു തരണം - സൂസൻ,പുനലൂ‍ർ

ഇക്കാര്യത്തിൽ നിങ്ങൾ കുറച്ചു ദിവസം കൂടി ക്ഷമിച്ചേ മതിയാവൂ. ഇപ്പോൾ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനാതിർത്തി കടന്നു സഞ്ചരിക്കുന്നത് പ്രായോ​ഗികമല്ല. അവരിപ്പോൾ ഇങ്ങോട്ട് വന്നാലും പ്രശ്നമാണ്. യാത്ര പുനക്രമീകരിച്ചാൽ എല്ലാവർക്കും വരാനുള്ള അവസരം ലഭിക്കും. 

ഞങ്ങളിൽ പലരും ജോലിയില്ലാതെ ഒരു മാസമായി റൂമിൽ കഴിയുകയാണ്. സംഘടനകൾ വഴിയാണ് പലർക്കും ഭക്ഷണം കിട്ടുന്നത്. കൂട്ടത്തിൽ പലർക്കും അസുഖങ്ങളുണ്ട് അവരെയെങ്കിലും നാട്ടിലെത്തിക്കാൻ എന്തെങ്കിലും വഴിയുണ്ടോ.. ? - ഹർഷാദ്, സൗദി

​ഗൾഫ് മേഖലയിലെ നമ്മുടെ സഹോദരങ്ങൾ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിൽ രോ​ഗമുള്ളവരുണ്ട്, പ്രായമായവരുണ്ട്, ​ഗർഭിണികളുണ്ട്. ഇവരൊയൊക്കെ ചാർട്ടേഡ് വിമാനത്തിലെങ്കിലും നാട്ടിലെത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലെ കേന്ദ്രസർക്കാർ നടപടിയെ ഞങ്ങൾ പൂർണമായും എതിർക്കുകയാണ്. 

സർ ഒരു മാസത്തോളമായി ഇവിടെ ദുബായിൽ കുടുങ്ങി കിടക്കുകയാണ്. ശമ്പളമോ മറ്റു വരുമാനമോ ഇല്ലാത്തതിനാൽ ലോണും ക്രെഡിറ്റ് കാർഡുകളും അടയ്ക്കാൻ പറ്റുന്നില്ല. റൂമിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. റൂം വാടക, വൈദ്യുതി ബിൽ അടക്കം പല ബില്ലുകളും വരുന്നുണ്ട്. ബാങ്കിൽ നിന്നൊക്കെ വിളിക്കുന്നുണ്ട് നമ്മുക്കൊന്നും ചെയ്യാൻ പറ്റുന്നില്ല - നൗഷാദ്, ദുബായ്

റൂം വാടക കൊടുക്കാൻ പറ്റാത്തവർ മറ്റു സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ എന്നിങ്ങനെ നിരവധി പേരുണ്ട് ​ഗൾഫ് മേഖലയിൽ. ഇവരുടെയൊക്കെ പ്രശ്നത്തിൽ അതതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി ഇടപെടുക എന്നതാണ് സാധ്യമായ മാർ​ഗം. എൻ്റെ കൺട്രോൾ റൂമിലും ഏറ്റവും കൂടുതൽ ആളുകൾ വിളിക്കുന്നത് ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവരാണ്. ജോലി നഷ്‌ടപ്പെട്ട് റൂം വാടക പോലും കൊടുക്കാൻ പറ്റാത്ത നിരവധി പേരുണ്ട്. 

കെഎംസിസി അടക്കമുള്ള സംഘടനകൾ ഇടപെട്ട് നിരവധി പേർക്ക് അവിടെ ഭക്ഷണവും മറ്റു സൗകര്യങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. എങ്കിലും അടിസ്ഥാ പ്രശ്നം പരിഹരിക്കപ്പെടാത്ത അവസ്ഥ. നാട്ടിലെത്താൻ പറ്റാത്ത അവസ്ഥയും ജോലിയും വരുമാനവും പ്രതിസന്ധിയിലാവുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന മാനസിക സമ്മർദ്ദം കാരണം ഇവർക്കെല്ലാം കൗൺസിലിം​ഗ് നൽകേണ്ട അവസ്ഥയാണ്. അവിടുത്തെ ഭരണാധികാരികൾ നല്ല രീതിയിൽ തന്നെ കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ അതു മാത്രം പോരാ. അവിടുത്തെ ലേബർ ക്യാംപുകളിലൊക്കെ സ്ഥിതി വളരെ മോശമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് തീർത്തും അപലപനീയമാണ്. 

സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഞങ്ങളുടെ ലിസ്റ്റ് കാലാവധി ജൂണിൽ തീരുകയാണ്. ഈ വർഷം സർവ്വീസിൽ നിന്നും വിരമിച്ചവരുടെ വിവരങ്ങളൊന്നും തന്നെ ഇതുവരെ പിഎസ്‍സിക്ക് പൊലീസ് റിപ്പോർട്ട് ചെയ്തിട്ടില്ല. യൂണിവേഴ്സിറ്റി കത്തിക്കുത്തുമായി ബന്ധപ്പെട്ട് നാല് മാസത്തോളം ഈ ലിസ്റ്റിൽ നിന്നുള്ള നിയമനം മരവിപ്പിച്ചിരുന്നു. ഇപ്പോൾ രണ്ട് മാസത്തോളം കൊവിഡ് ബാധ കാരണവും നഷ്ടമാകുന്ന അവസ്ഥയാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി എടുക്കാൻ സാറിൻ്റെ ഇടപെടലുണ്ടാവണം - ​ഗോകുൽ, കൊല്ലം

ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചതാണ്. ഈ വിഷയത്തിൽ നേരത്തെ തന്നെ എനിക്ക് പരാതികൾ ലഭിച്ചതാണ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അതു ചെയ്യും എന്നു തന്നെയാണ പ്രതീക്ഷിക്കുന്നത്. 

സാർ, ഞാനൊരു കെട്ടിട്ടനിർമ്മാണതൊഴിലാളിയാണ്. ഞങ്ങളെക്കുറിച്ച് ആരുമൊന്നും മിണ്ടുന്നില്ല. അരിയൊക്കെ കിട്ടിയെങ്കിലും മറ്റു അവശ്യചിലവുകൾക്ക് പണമില്ലാത്ത അവസ്ഥയാണ്. ഞങ്ങൾ ക്ഷേമനിധികളിലൊന്നും അം​ഗമല്ല. - ദിവ്യ, കണ്ണൂർ‌‌

കെട്ടിട്ട നിർമ്മാണം അടക്കമുള്ള ജോലികൾക്ക് കേന്ദ്രസർക്കാർ ഇളവുകൾ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ഉടനെ ഇളവുകൾ പ്രതീക്ഷിക്കുന്നു. ക്ഷേമനിധികളിൽ അം​ഗമല്ലാത്ത ആൾക്കാ‍ർക്കും ആയിരം രൂപ വീതം വച്ചു നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതെന്ത് കൊണ്ടാണ് നിങ്ങൾക്ക് കിട്ടാത്തത് എന്ന് പരിശോധിക്കും. ഈ തുക ഉടനെ വിതരണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുക തന്നെ ചെയ്യും.