Asianet News MalayalamAsianet News Malayalam

കൊല്ലത്ത് അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസ്; രണ്ടാം പ്രതി പിടിയിൽ

കൊല്ലം ചെമ്മാമുക്കിൽ മകൻ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിലെ രണ്ടാം പ്രതി പിടിയിൽ. മകൻ സുനിൽ കുമാറിന്റെ സുഹൃത്ത് കുട്ടൻ ആണ് പിടിയിലായത്.

son killed mother second accused arrested
Author
Kollam, First Published Oct 14, 2019, 3:07 PM IST

കൊല്ലം: കൊല്ലത്ത് മകൻ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ കൂട്ടുപ്രതി പിടിയിൽ. മകന്‍റെ സുഹൃത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ കുട്ടനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്. അതേസമയം, ക്രൂര മര്‍ദ്ദനത്തിനിരയായ സാവിത്രിയമ്മ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും മൃതദേഹം കുഴിച്ചിടാനും തെളിവുകള്‍ നശിപ്പിക്കാനുമടക്കം കുട്ടന്‍റെ സഹായം സുനില്‍ കുമാറിന് കിട്ടിയിട്ടുണ്ട്. ഭാര്യയുമായി പിണങ്ങി കഴിയുന്ന കുട്ടൻ പല ദിവസങ്ങളിലും സുനിൽ കുമാറിന്‍റെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് രാത്രി തങ്ങിയിരുന്നത്. സംഭവ ദിവസം രാത്രിയിലും ഇവിടെ എത്തിയ കുട്ടനോട് സുനിൽ കുമാര്‍ അമ്മ ബോധരഹിതയായി കിടക്കുന്ന കാര്യം അറിയിച്ചു. മര്‍ദ്ദിച്ചെന്നും പറഞ്ഞു. കട്ടിലില്‍ കിടക്കുകയായിരുന്ന സാവിത്രിയമ്മ മരിച്ചെന്ന് കുട്ടൻ പറഞ്ഞതോടെയാണ് കുഴിച്ചുമൂടാൻ സുനിൽകുമാര്‍ കുട്ടന്‍റെ സഹായം തേടിയത്. 

ചെറിയ തൂമ്പ കൊണ്ട് ചെറിയ കുഴി എടുത്തശേഷം മൃതദേഹത്തിന്‍റെ കാലുകൾ മടക്കി വച്ച് ചരിച്ച് കുഴിയിലേക്കിറക്കി മണ്ണിട്ട് മൂടുകയായിരുന്നു. അതിനുശേഷമുള്ള ദിവസങ്ങളിലും കുട്ടൻ ഇവിടെ എത്തിയിരുന്നു. എന്നാല്‍, പൊലീസ് സുനില്‍ കുമാറിനെ പിടിച്ചതോടെ കുട്ടൻ ഒളിവില്‍ പോയി. കുട്ടന്‍റെ സഹായം കിട്ടിയെന്നുള്ള സുനില്‍കുമാറിന്‍റെ മൊഴി കിട്ടിയതോടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടനേയും സുനില്‍കുമാറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

അതേസമയം, ക്രൂരമർദ്ദനത്തിന് ഇരയായാണ് സാവിത്രി അമ്മ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്നും സംശയമുണ്ട്. ശ്വാസംമുട്ടിയാണ് എൺപത്തിനാലുകാരിയായ സാവിത്രിയമ്മയുടെ മരണം സംഭവിച്ചത്. മകൻ സുനില്‍കുമാര്‍ കഴുത്ത് ഞെരിച്ചു കൊന്നതോ അല്ലെങ്കില്‍ മര്‍ദ്ദനത്തില്‍ ബോധരഹിതയായ സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചിട്ടതോ ആകാം ഇതിനു കാരണമെന്നാണ് നിഗമനം. സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ഇത് അവരെ നിലത്തിട്ട് ചവിട്ടിയപ്പോൾ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. തലയ്ക്ക് പുറകില്‍ ക്ഷതമേറ്റിട്ടുണ്ട്. 

Also Read: കൊല്ലത്ത് മകൻ അമ്മയെ കുഴിച്ച് മൂടിയത് ജീവനോടെ? നാല് വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു

ഒരു മാസം മുമ്പാണ് സാവിത്രിയമ്മയെ ഇയാൾ തല്ലിക്കൊന്നത്. എന്നാൽ ഒരു മാസം ആരുമറിയാതെ ഇയാൾ നടന്നു. ഒരു കൂസലുമില്ലാതെ പൊലീസ് സ്റ്റേഷനിലെത്തി അമ്മയെ കാണാനില്ലെന്ന് പരാതി നൽകി. പിന്നീടാണ് പൊലീസ് വലയിലാകുന്നത്. 

Also Read: കൊല്ലത്ത് അമ്മയെ മകൻ സ്വത്തിന് വേണ്ടി കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചുമൂടി

Follow Us:
Download App:
  • android
  • ios