കൊല്ലം: കൊല്ലം നഗരത്തിലെ ചെമ്മാമുക്കിൽ മകൻ അമ്മയെ കൊന്ന് കുഴിച്ചു മൂടി. തല്ലിക്കൊന്ന് കുഴിച്ചുമൂടിയ മൃതദേഹം വീട്ടുമുറ്റത്ത് തന്നെയാണ് കുഴിച്ചിട്ടത്. തുടർന്ന് അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകി മകൻ തന്നെയാണെന്ന് വ്യക്തമായത്. ചെമ്മാമുക്ക് നീതിനഗർ സ്വദേശിനി സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. മകൻ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന കുട്ടൻ എന്നയാൾ ഒളിവിലാണ്. 

മരിച്ച സാവിത്രിയമ്മ മകൻ സുനിലിന്‍റെ കൂടെയാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പേയാണ് മകൾ അമ്മയെ കാണാനില്ലെന്ന് കാട്ടി കൊല്ലം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസെത്തി അന്വേഷണം നടത്തിയപ്പോൾ തനിക്കും പരാതിയുണ്ടെന്നും അമ്മ എവിടെപ്പോയെന്ന് അറിയില്ലെന്നും സുനിൽ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി.

പരിസരവാസികളോടൊക്കെ അന്വേഷിച്ചപ്പോൾ സുനിൽ നന്നായി മദ്യപിക്കാറുണ്ടെന്നും, എന്നും രാത്രി മദ്യപിച്ച് എത്തി അമ്മയെ മർദ്ദിക്കാറുണ്ടെന്നും വിവരം കിട്ടി. തുടർന്ന് വീട്ടിൽത്തന്നെ നടത്തിയ പരിശോധനയിൽ മുറ്റത്തെ ഒരു കുഴി നികത്തിയതുപോലെയുള്ള ഇടം കുഴിച്ച് നോക്കിയപ്പോഴാണ് വല്ലാത്ത ദുർഗന്ധമുയർന്നത്. തുടർന്നാണ് മകൻ സുനിൽ അമ്മയെ കൊന്നെന്ന് പൊലീസിനോട് തുറന്ന് സമ്മതിച്ചതും. 

രാത്രി മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ടെന്നും മർദ്ദിച്ചപ്പോൾ അമ്മ മരിച്ചെന്നും സുനിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് കൂട്ടുകാരനെ വിളിച്ച് കൊണ്ടുവന്ന് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിട്ടെന്നും പൊലീസിനോട് സമ്മതിച്ചു. സ്വത്തിന് വേണ്ടിയാണ് അമ്മയുമായി വഴക്കിടാറെന്നും, തർക്കം രുക്ഷമായപ്പോൾ കയ്യിൽ കിട്ടിയ എന്തോ എടുത്ത് അമ്മയെ മർദ്ദിച്ചെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. 

കസ്റ്റഡിയിലെടുത്ത സുനിൽകുമാറിനെ പിന്നീട് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിന് എത്തിച്ചു. മൃതദേഹത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.