പത്തനംതിട്ട: ജല അതോറിറ്റിയുടെ പിടിപ്പുകേടിനെ തുടർന്ന് പത്തനംതിട്ടയിൽ  നിറയെ കുഴികളായ മൂന്ന് റോഡുണ്ട്. ശബരിമല തീർത്ഥാടനകാലമായിട്ട് പോലും ഈ റോഡുകളിലെ കുഴികൾ അടയ്‍ക്കുകയോ പ്രശ്‍നം പരിഹരിക്കാൻ പൊതുമരാമത്ത് നടപടി എടുക്കുകയോ ചെയ്‍തിട്ടില്ല. പൂങ്കാവ് കൈപ്പട്ടൂർ റോഡിലെ പൂങ്കാവ് ജംഗ്ഷന് സമീപത്തെ കുഴിമൂലം അപകടം പതിവാണ്. രണ്ടുവർഷമായി ഇവിടുത്തെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. എന്നാല്‍ അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.

ഏഴംകുളം - പത്തനംതിട്ട റോഡിലെ ഇടത്തിട്ട ഭാഗത്താണ് മറ്റൊരു കുഴി. പൈപ്പ് അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചതിനെ തുടർന്നാണ് ഇവിടെ അപകട മേഖലയായി മാറിയത്. ഇതിനകം നിരവധി പേർക്ക് കുഴിയിൽ വീണ് പരിക്കേറ്റു. പരാതിക്കൊടുവിൽ കണ്ണിൽപൊടിയിടൽ മെറ്റൽകൊണ്ടുവന്നു. അതാകട്ടെ ഇരട്ടി ബുദ്ധിമുട്ടാണ് നാട്ടുകാർക്ക് ഉണ്ടാക്കിയത്. പൂങ്കാവ് - കോന്നി റോഡിലക്ക് വന്നാൽ യാത്രക്കാരുടെ നടുവൊടിയും. അറ്റകുറ്റപ്പണി നടക്കാറില്ല ഇവിടെ പാറപ്പൊടിയാണ് കുഴിയടക്കാനുള്ള ഉപാധി. അറ്റകുറ്റപ്പണിയെചൊല്ലി പൊതുമരാമത്തും ജലഅതോറിറ്റിയും തമ്മിലുള്ള ചക്കളത്തിപോരിൽ ഇനിയും ജീവനുകൾ നഷ്‍ട്ടപ്പെടരുതെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.