തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ തീരപ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടും പരിശോധന കൂട്ടാതെ ആരോഗ്യവകുപ്പ്. ഏറ്റവും മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്താനാണ് അവരിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രോഗവ്യാപന ശക്തമായ  പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ്.

ആരോഗ്യവകുപ്പിന്റെ തന്നെ കഴിഞ്ഞ ദിവസത്തെ സ്രവ ശേഖരണ കണക്കുകൾ പ്രകാരം തിരുവല്ലം, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ദിവസം നൂറ് ആന്റിജൻ പരിശോധനകളും, മറ്റിടങ്ങളിൽ 50 ആന്റിജൻ പരിശോധനകളുമാണ് നടന്നത്. ഈ പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. അടിമലത്തുറയിൽ ഇന്നലെ നടന്ന 38 പരിശോധനകളിൽ 20 പൊസിറ്റീവ്, അഞ്ചുതെങ്ങിൽ നടന്ന 53 പരിശോധനകളിൽ 15 പേർ പോസിറ്റീവ്, പൂന്തുറയിൽ 71ൽ 24 പേർക്കും പുതുക്കറിച്ചിയിൽ 50ൽ 13 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പുല്ലുവിളയിൽ 14 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ ആന്റിജൻ പരിശോധകളുടെ എണ്ണം ഉയർത്തണമെന്നാണ് ആവശ്യം.

പരിശോധനകളുടെ എണ്ണം ഉയർത്തുന്നതിൽ അല്ല, കൊവിഡ് ബാധിച്ചാൽ മരണസാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണ് ഇപ്പോൾ പരിഗണനയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായാണ് പ്രായമായവർക്കും, മറ്റ് രോഗമുള്ളവർക്കും കുട്ടികൾക്കും പരിശോധനയിൽ മുൻഗണന നൽകുന്നതെന്നാണ് വിശദീകരണം. തിരുവനന്തപുരം നഗരത്തിൽ യാചകർക്കും കൊവിഡ് പരിശോധനയും ഇന്ന് തുടങ്ങി. പരിശോധനയ്ക്ക് ശേഷം ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.