തിരുവനന്തപുരം: ചെലവ് ചുരുക്കൽ നിർദേശങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനത്തെ വിജിലൻസ് ഓഫീസുകൾ മോടിപിടിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനായി 70 ലക്ഷം രൂപ അനുവദിച്ച് സെക്രട്ടറിയേറ്റിലെ വിജിലൻസ് വിഭാഗത്തിൽ നിന്നും ഉത്തരവിറങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ കഴിഞ്ഞ മാസം 16 നാണ് ചെലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനും മന്ത്രി സഭ തീരുമാനിച്ചത്. 

അതിലൊന്നായിരുന്നു അടുത്ത ഒരു വർഷത്തേക്ക് സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ ഒഴിവാക്കൽ , ഫ‌ണിച്ചറുകളും വാഹനങ്ങളും വാങ്ങരുത് തുടങ്ങിയ തീരുമാനങ്ങൾ. എന്നാൽ മന്ത്രിസഭാ തീരുമാനങ്ങളെ കാറ്റിൽ പറത്തിയാണ് വിജിലൻസ് വകുപ്പിന്‍റെ പുതിയ ഉത്തരവ്. 

സംസ്ഥാനത്തെ വിജിലൻസ് ഓഫീസുകളിൽ ഓഫീസ് കാബിനറ്റൊരുക്കുന്നതിനും, പുതിയ ഫർണിച്ചറുകൾ വാങ്ങുന്നതിനും മറ്റ് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 70 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. അനുവദിച്ച തുക വിജിലൻസ് വകുപ്പിന്‍റെ ആധുനീകവൽക്കരണവുമായി ബന്ധപ്പെട്ട വകുപ്പിൽ നിന്നും എടുക്കും.

കൊവിഡും പ്രളയവും സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് ഓഫീസ് മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ അനുവദിച്ചുക്കൊണ്ടുള്ള നീക്കം.