Asianet News MalayalamAsianet News Malayalam

പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വിഎസ്, വിഎസ് ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി

തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ സാങ്കേതികത പരിശോധിക്കുമ്പോള്‍  എട്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ മൂന്ന് തവണ മാത്രമാണ് വിഎസ് തോല്‍വിയറിഞ്ഞത്. പക്ഷേ, വിഎസ് തോല്‍വിയറിഞ്ഞ രണ്ട് തവണയും അദ്ദേഹത്തിന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടത് ചെറിയ കസേരയൊന്നുമല്ല- മുഖ്യമന്ത്രിക്കസേരയാണ്. 

VS Achuthanandan defeated in Elections when his party wins and he won when party was not in power
Author
First Published Oct 20, 2023, 6:01 AM IST

പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കും, വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും, 2004 വരെ കേരള രാഷ്ട്രീയത്തിലെ 'പഴഞ്ചൊല്ലാ'യിരുന്നു ഇത്. ഈ പ്രയോഗത്തെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു വിഎസ് എന്ന വിഎസ് അച്യുതാനന്ദന്റെ പാര്‍ലമെന്ററി ജീവിതം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അധികാര കസേരയില്‍ എത്താന്‍ ഇത്രയധികം കാത്തിരുന്ന മറ്റൊരു നേതാവുണ്ടോ എന്നത് തന്നെ സംശയം.

തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ സാങ്കേതികത പരിശോധിക്കുമ്പോള്‍  എട്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ മൂന്ന് തവണ മാത്രമാണ് വിഎസ് തോല്‍വിയറിഞ്ഞത്. പക്ഷേ, വിഎസ് തോല്‍വിയറിഞ്ഞ രണ്ട് തവണയും അദ്ദേഹത്തിന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടത് ചെറിയ കസേരയൊന്നുമല്ല- മുഖ്യമന്ത്രിക്കസേരയാണ്. അതിലുപരി സിപിഎമ്മിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്കുള്ള വെളിച്ചം വീശലാണ് വിഎസിന്റെ തോല്‍വികള്‍ എന്നും ശ്രദ്ധേയം. 1996ലെ മാരാരിക്കുളം  തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയും പിന്നീടുണ്ടായ കോലാഹലങ്ങളുമാണ് പ്രധാന ആണിക്കല്ല്.

വിഎസ് മത്സരിച്ച തെരഞ്ഞെടുപ്പുകള്‍
1965ലാണ് വിഎസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സ്വന്തം നാടായ അമ്പലപ്പുഴയായിരുന്നു മണ്ഡലം. പക്ഷേ വീട് നില്‍ക്കുന്ന മണ്ഡലമായിട്ടും കന്നിയങ്കത്തില്‍ തോറ്റു. 2327 വോട്ടിന് കോണ്‍ഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോടാണ് തോറ്റത്. അന്ന് പാര്‍ട്ടി അധികാരത്തിലില്ല എന്നതാണ് ചരിത്രം. വിമോചന സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-പിഎസ്പി-മുസ്ലിം ലീഗ്-ആര്‍എസ്പി സഖ്യമാണ് അധികാരത്തിലേറിയത്. പിഎസ്പിയിലെ പട്ടം താണുപിള്ളയും പിന്നീട് കോണ്‍ഗ്രസിലെ ആര്‍ ശങ്കറും മുഖ്യമന്ത്രിമാരായി. (രണ്ട് വര്‍ഷത്തെ ഭരണത്തിന് ശേഷം പട്ടം താണുപിള്ളയെ ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്ന് ആര്‍ ശങ്കര്‍ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി.) 1964ല്‍ ഈ സര്‍ക്കാര്‍ വീണു. പിന്നീടാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യരക്ഷാ നിയമമനുസരിച്ച് 140 സിപിഎം നേതാക്കളെ തടങ്കലിലാക്കിയിരുന്നു. സ്ഥാനാര്‍ത്ഥികളില്‍ ഏറെയും ജയിലിലായിരുന്നു. ഇഎംഎസാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. 73 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. 40 പേര്‍ വിജയിച്ചു. 39പേരും ജയിലില്‍നിന്നാണ് വിജയിച്ചത്. പക്ഷേ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തിനാലും മുന്നണിയുണ്ടാക്കാന്‍ സാധിക്കാത്തിനാലും വീണ്ടും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

1967ല്‍ വിഎസും ജയിച്ചു, പാര്‍ട്ടിയും ജയിച്ചു
1967ലാണ് വിഎസ് പിന്നീട് മത്സരിക്കുന്നത്. അമ്പലപ്പുഴയില്‍ നിന്ന് തന്നെ വിഎസ് ജനവിധി നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ അച്യുതനെ 9195 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് 44-ാമത്തെ വയസ്സില്‍ വിഎസ് ആദ്യമായി നിയമസഭയിലെത്തി. ഇഎംഎസിന്റെ രാഷ്ട്രീയ പരീക്ഷണ ഭൂമികയായി കേരളം മാറിയ തെരഞ്ഞെടുപ്പായിരുന്നു അത്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഇഎംഎസ് മുഖ്യമന്ത്രിയായ സപ്ത കക്ഷി മുന്നണി അധികാരത്തിലേറി. 14 അംഗ മന്ത്രിസഭയില്‍ സിപിഎമ്മില്‍ നിന്ന് നാല്, മുസ്ലീം ലീഗില്‍ നിന്ന് മൂന്ന്, സിപിഐയില്‍ നിന്ന് രണ്ട്, പിഎസ്പി, ആര്‍എസ്പി, കെഎസ്പി, എസ്എസ്പി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും നല്‍കി. ഇഎംഎസിന് പുറമെ, കെ ആര്‍ ഗൗരിയമ്മ, ഇ കെ ഇമ്പിച്ചിബാവ, എംകെ കൃഷ്ണന്‍ എന്നിവര്‍ മന്ത്രിയായി. ഇഎംഎസും ഗൗരിയമ്മയും ഒന്നാം മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മന്ത്രിസഭയിലും ഇവര്‍ ഉള്‍പ്പെട്ടു. പിന്നാക്ക വിഭാഗക്കാരനായ എംകെ കൃഷ്ണനും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഇമ്പിച്ചിബാവയും ഉള്‍പ്പെട്ടു. സ്വാഭാവികമായും വിഎസ് മന്ത്രിസഭയിലെത്തിയില്ല.

1970ല്‍ വിഎസ് ജയിക്കുന്നു, പാര്‍ട്ടി തോല്‍ക്കുന്നു
രണ്ട് വര്‍ഷം മാത്രമായിരുന്നു ഇഎംഎസിന്റെ രാഷ്ട്രീയ പരീക്ഷണത്തിന്റെ ആയുസ്സ്. സപ്തകക്ഷി മുന്നണിയില്‍ നിന്ന് മുസ്ലീം ലീഗ് പിന്മാറിയതോടെ മന്ത്രിസഭ വീണു. മുസ്ലീം ലീഗ് പിന്തുണയോടെ 10 മാസം സിപിഐയുടെ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചു.

1970ലാണ് വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. അമ്പലപ്പുഴ വിഎസിനെ വീണ്ടും തുണച്ചു.   ആര്‍എസ്പിയിലെ കെകെ കുമാരപിള്ളയെ തോല്‍പ്പിച്ച് സീറ്റ് നിലനിര്‍ത്തി. എന്നാല്‍, സിപിഎം തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ്-സിപിഐ-മുസ്ലിം ലീഗ്-കേരള കോണ്‍ഗ്രസ്-ആര്‍എസ്പി സഖ്യം അധികാരത്തിലേറി. 

അച്യുതമേനോന്‍ മുഖ്യമന്ത്രിയും കരുണാകരന്‍ ആഭ്യന്തര മന്ത്രിയുമായി. അടിയന്തരാവസ്ഥക്കാലമടക്കം(1975-1977) ഏഴ് വര്‍ഷമാണ് ഈ സഖ്യം ഭരിച്ചത്. ഭുപരിഷ്‌കരണ നിയമമടക്കം നടപ്പായത് ഇക്കാലത്താണെങ്കിലും രാജന്റെയും വര്‍ഗീസിന്റെയും മരണം ഏറെ കോളിളക്കം സൃഷ്ടിച്ചു. അന്ന് സിപിഎമ്മിന്റെ നിയമസഭയിലെ പ്രധാന ശബ്ദമായിരുന്നു വിഎസ്.  25 കാരനായ പിണറായി വിജയനും സിപിഎമ്മിനെ പ്രതിനിധീകരിച്ച് അന്ന് നിയമസഭയില്‍ എത്തി.

Read also: തോക്കിന്‍റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി, തുളഞ്ഞ് ഇറങ്ങി; ഒരക്ഷരം മിണ്ടിയില്ല, മുഷ്ടി ചുരുട്ടിയ വിഎസ്

1977ല്‍ വിഎസും തോറ്റു, പാര്‍ട്ടിയും തോറ്റു
അടിയന്തരാവസ്ഥക്ക് ശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് തോറ്റു. സിപിഎമ്മിനും തോല്‍വിയായിരുന്നു ഫലം. 1977 ലെ അഞ്ചാം നിയമസഭയില്‍ മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് മൂന്ന് മുഖ്യമന്ത്രിമാരുണ്ടായി. 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27വരെ എ കെ ആന്റണി, 1978 ഒക്ടോബര്‍ 29 മുതല്‍ 1979 ഒക്ടോബര്‍ 7 വരെ സിപിഐയുടെ പികെ വാസുദേവന്‍ നായര്‍, 1979 ഒക്ടോബര്‍ 12 മുതല്‍ 1979 ഡിസംബര്‍ 1 വരെ മുസ്ലീം ലീഗിന്റെ സിഎച്ച് മുഹമ്മദ് കോയ എന്നിവരായിരുന്നു മുഖ്യമന്ത്രിമാര്‍. കേരളം ഏറെ രാഷ്ട്രീയ അസ്ഥിരതയിലൂടെ സഞ്ചരിച്ച നാളുകളായിരുന്നു ഇത്.

1980ല്‍ പാര്‍ട്ടി അധികാരത്തില്‍, വിഎസ് മത്സരിച്ചില്ല
1967ന് ശേഷം 1980ലാണ് സിപിഎം നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുന്നത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. വിഎസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെയാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 93 സീറ്റ് നേടിയാണ് ഇടതുപക്ഷ മുന്നണി അധികാരത്തിലേറിയത്. സിപിഎം 35സീറ്റ് നേടി. 11 മാസക്കാലമാണ് ഈ സര്‍ക്കാറിന് ആയുസ്സുണ്ടായത്. പിന്നീട് കോണ്‍ഗ്രസിന്റെ കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. 1982ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തിലേറി. നീണ്ട മൂന്ന് ടേമാണ് വിഎസ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചത്. 1987ലെ തെരഞ്ഞെടുപ്പിലും വിഎസ് മത്സരിച്ചില്ല. പക്ഷേ പാര്‍ട്ടി അധികാരത്തിലേറി. ഇ കെ നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി.

1991ല്‍ വിഎസ് ജയിച്ചു, പാര്‍ട്ടി തോറ്റു
1989ല്‍ പാര്‍ലമെന്ററി രംഗത്തുള്ളവര്‍ സംഘടന രംഗത്തേക്കും സംഘടനാ രംഗത്തുള്ളവര്‍ പാര്‍ലമെന്ററി രംഗത്തേക്കും മടങ്ങുക എന്ന പ്രമേയം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച് പാസ്സാക്കുന്നതില്‍ വിഎസ് വിജയിച്ചു. നായനാര്‍ പാര്‍ട്ടി സെക്രട്ടറിയും വിഎസ് മുഖ്യമന്ത്രിയും ആവുക എന്നതായിരുന്നു ഉദ്ദേശ്യം.
നായനാര്‍ തീരുമാനം അംഗീകരിച്ചു, എന്നാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ മാത്രമേ സെക്രട്ടറിയാവാനുള്ളൂ എന്ന നിബന്ധന മുന്നോട്ടു വെച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തെ തുടര്‍ന്ന് 1991ല്‍ കാലാവധി തീരാന്‍ ഒരുവര്‍ഷം ബാക്കി നില്‍ക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം  കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു.

ഇടതുകോട്ടയെന്നറിയപ്പെടുന്ന മരാരിക്കുളത്ത് നിന്ന് വിഎസ് മത്സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച്  മുഖ്യമന്ത്രിയാകാമെന്നും വിഎസ് കണക്കുകൂട്ടിയിരുന്നു. 10 വര്‍ഷത്തെ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അനിഷേധ്യമായ സ്ഥാനം നേടിക്കൊടുത്തിരുന്നു. ഇടതുകോട്ടയായ മാരാരിക്കുളത്ത് 9980 വോട്ടുകള്‍ക്ക് സിപി സുഗതനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. എന്നാല്‍, രാജീവ്ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം കിട്ടി. കോണ്‍ഗ്രസിന്റെ കെ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. വിഎസിന്റെ മുഖ്യമന്ത്രി സ്വപ്നം പൂവണിയാതെ പോയി.

1991 ഡിസംബറില്‍ കോഴിക്കോട് സംസ്ഥാന സമ്മേളനത്തില്‍ വിഎസ് വീണ്ടും പാര്‍ട്ടി സെക്രട്ടറി ആവുന്നത് തടയാന്‍ ഇഎംഎസ് 64 അംഗ സംസ്ഥാന കമ്മിറ്റിയുടെ അംഗസംഖ്യ വര്‍ധിപ്പിച്ചു. സംസ്ഥാന സമിതിയുടെ യോഗത്തില്‍ പുതിയ സെക്രട്ടറിയായി പിബി ആരുടെയും പേര് നിര്‍ദ്ദേശിക്കുന്നില്ലെന്ന് എം ബാസവ പുന്നയ്യ പറഞ്ഞു. സിഐടിയു നേതാവ് കെ എം സുധാകരന്‍, നായനാരുടെ പേര് നിര്‍ദ്ദേശിച്ചു. എം കണാരന്‍ വിഎസിന്‍ന്റെയും. വോട്ടെടുപ്പ് നടന്നപ്പോള്‍ വിഎസ് നാല് വോട്ടിന് നായനാരോട് തോറ്റു. നായനാര്‍ പാര്‍ട്ടി സെക്രട്ടറിയായി.

സിപിഎമ്മിനെ ഇളക്കിമറിച്ച വിഎസിന്റെ മരാരിക്കുളം തോല്‍വി
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വെച്ച് 1996ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലേറാനായിരുന്നു സാധ്യത. മുഖ്യമന്ത്രി എകെ ആന്റണിയുടെ ചാരായ നിരോധനമടക്കമുള്ള നിര്‍ണായക നീക്കം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇടതുപക്ഷത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. മുഖ്യമന്ത്രിയാകാന്‍ വിഎസ് അരയും തലയും മുറുക്കി. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നതോടെ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. തന്റെ സുരക്ഷിത മണ്ഡലമെന്ന് വിഎസും പാര്‍ട്ടിയും വിശ്വസിക്കുന്ന മാരാരിക്കുളത്ത് നിന്ന് തന്നെ വിഎസ് ജനവിധി തേടി. 71.26 ശതമാനമായിരുന്നു പോളിംഗ്. തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം എല്ലാവരും മാരാരിക്കുളത്തേക്ക് ഉറ്റുനോക്കി. ഞെട്ടിക്കുന്നതായിരുന്നു മാരാരിക്കുളത്തെ ഫലം. നാല് തവണ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിന്റെ ടിജെ ഫ്രാന്‍സിസ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ വിഎസ് അച്യുതാനന്ദനെ 1965 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചു.  80 സീറ്റുകള്‍ നേടി ഇടതുപക്ഷം ഭൂരിപക്ഷം കടന്നു. മുഖ്യമന്ത്രിയായി വീണ്ടും നായനാരെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ നായനാര്‍ തലശേരിയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു.

രാഷ്ട്രീയ കേരളം വിഎസിലേക്ക് ഉറ്റുനോക്കിയ സമയമായിരുന്നു ഇത്. ഉള്ളില്‍ അലകടലിളകുമ്പോഴും പുറമേക്ക് വിഎസ് അക്ഷോഭ്യനായി നിന്നു. പാര്‍ട്ടിക്കുള്ളിലെ പ്രബല ശക്തിയാണ് തന്റെ തോല്‍വിക്ക് പിന്നിലെന്ന് വിഎസ് ഉറച്ച് വിശ്വസിച്ചെങ്കിലും പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പരസ്യനീക്കങ്ങള്‍ ഒന്നും വിഎസില്‍ നിന്നുണ്ടായില്ല. വിഎസിന്റെ തോല്‍വി പാര്‍ട്ടിക്കുള്ളിലും അലയൊലികളുണ്ടാക്കി. ശേഷം സിപിഎമ്മില്‍ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവുന്നു. മാരാരിക്കുളത്തെ തോല്‍വിക്ക് ശേഷമാണ് വിഎസ് തോല്‍ക്കുമ്പോള്‍ പാര്‍ട്ടി ജയിക്കും പാര്‍ട്ടി തോല്‍ക്കുമ്പോള്‍ വിഎസ് ജയിക്കും' എന്ന പ്രയോഗമുണ്ടാകുന്നത്. തന്റെ തോല്‍വിക്ക് പിന്നില്‍ വിഭാഗീയതയാണെന്ന് വിഎസ് ഉറച്ച് വിശ്വസിച്ചു. അന്വേഷണത്തിനായി പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

പരാജയ കാരണം വിഭാഗീയതയാണെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തി. പാര്‍ട്ടിയിലെ സിഐടിയു ലോബിയാണ് തന്റെ തോല്‍വിക്ക് പിന്നിലെന്ന് വിഎസ് ഉറച്ച് വിശ്വസിച്ചു. പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം മുന്‍ എംപി ടി ജെ ആഞ്ചലോസ്, ജില്ലാ കമ്മിറ്റിയംഗം ടി കെ പളനി, സി കെ ഭാസ്‌കരന്‍ എന്നീ നേതാക്കള്‍ നടപടികള്‍ക്ക് വിധേയരായി. അങ്ങനെ വിഎസിന്റെ മുഖ്യമന്ത്രി മോഹം വീണ്ടും മരീചികയായി. അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയോടെ വിഎസ് പാര്‍ട്ടിയില്‍ ശക്തനായി. 1998 പാലക്കാട് സമ്മേളനത്തില്‍ തനിക്കെതിരെ നീങ്ങിയ സിഐടിയു ലോബിയെ വിഎസ് വെട്ടിനിരത്തി തന്റെ നോമിനിയായ പിണറായി വിജയനെ സെക്രട്ടറിയാക്കി അവരോധിച്ചു. 

Read also:  'ലോകത്തിലെ എല്ലാ മലയാളികൾക്കുമൊപ്പം ഞാനും', നൂറിൻ്റെ നിറവിൽ വി എസിന് ആരോഗ്യവും സന്തോഷവും നേർന്ന് എംവി ഗോവിന്ദൻ

2001ല്‍ വിഎസ് മലമ്പുഴയില്‍ നിന്ന് ജയിച്ചു, പാര്‍ട്ടി തോറ്റു
2001ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു ജയം. മാരാരിക്കുളത്തെ തോല്‍വിക്ക് ശേഷം വിഎസ് പാലക്കാട് മലമ്പുഴയിലേക്ക് മാറി. കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയോട് അവസാന റൗണ്ടിലാണ് വിഎസ് ജയിച്ചുകയറിയത്. എന്നാല്‍, ആന്റണിയുടെ നേതൃത്വത്തില്‍ 100 സീറ്റ് നേടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തിലേറി. വിഎസ് പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്നു. ഈ സമയം പാര്‍ട്ടിക്കുള്ളിലെ വിഎസ്-പിണറായി ദ്വന്ദം വളര്‍ന്ന് പാരമ്യത്തിലെത്തിയിരുന്നു.

2006ല്‍ വിഎസിന്റെ സ്വപ്നം പൂവണിഞ്ഞു
2006ല്‍ വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായി. വിഎസിന് സീറ്റ് നല്‍കേണ്ടെന്നാണ് ഔദ്യോഗിക വിഭാഗം തീരുമാനിച്ചത്. പ്രായാധിക്യവും വിഭാഗീയ പ്രവര്‍ത്തനങ്ങളുമാണ് ഔദ്യോഗിക വിഭാഗം കണ്ടെത്തിയ കാരണങ്ങള്‍. എന്നാല്‍, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം സംഘടനകളിലെ ഒരുവിഭാഗം വിഎസിനായി തെരുവിലിറങ്ങി. കണ്ണൂരിലും കാസര്‍കോട്ടും വിഎസിനായി പ്രകടനങ്ങള്‍ നടന്നു.  സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പാര്‍ട്ടിക്കായില്ല. 

പാലക്കാട് മലമ്പുഴയില്‍ വിഎസിന് സീറ്റ് നല്‍കി. വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഎസ് മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഎസ് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ അത്രക്ക് മികച്ചതായിരുന്നു. പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന് വെല്ലുവിളിയുണ്ടായില്ല.  വിഎസിന്റെ  പൊതുജന സമ്മതി അവഗണിച്ച് മറ്റൊരു തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്കാകുമായിരുന്നില്ല. 99 സീറ്റ് നേടിയാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. കോണ്‍ഗ്രസിന്റെ  യുവനേതാവ് സതീശന്‍ പാച്ചേനിയില്‍ നിന്ന് കടുത്ത മത്സരമാണ് വിഎസ് മലമ്പുഴയില്‍ നേരിട്ടത്.

2011ല്‍ വീണ്ടും പ്രതിപക്ഷ നേതാവ്
2011ലെ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ചയുടെ വക്കിലെത്തിയതാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍ ശിക്ഷയും പികെ കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം പാര്‍ലര്‍ കേസും വിഎസ് കച്ചിത്തുരുമ്പാക്കി. വിഎസിന്റെ ഒറ്റയാള്‍ പ്രചാരണം അലയൊലികള്‍ സൃഷ്ടിച്ചു. യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രവചിച്ചവര്‍ കളംമാറ്റി. ഒപ്പത്തിനൊപ്പം മത്സരത്തില്‍ ഇടതുമുന്നണി 68 സീറ്റും യുഡിഎഫ് 72 സീറ്റും നേടി. സിപിഎം എംഎല്‍എ ശെല്‍വരാജിനെ യുഡിഎഫ് ചാക്കിട്ട് സ്വന്തം പാളയത്തിലെത്തിച്ച് ഭൂരിപക്ഷം മൂന്നാക്കി. രാഷ്ട്രീയ ധാര്‍മികതക്ക്  നിരക്കാത്ത നീക്കങ്ങള്‍ക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായി. അതേസമയം, പാര്‍ട്ടിയുടെ വിജയത്തിന് പാര്‍ട്ടി നേതൃത്വം ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്ന് രാഷ്ട്രീയ വിമര്‍ശനമുയര്‍ന്നു. ജയിച്ചാല്‍ വിഎസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന അവസ്ഥ ഔദ്യോഗിക വിഭാഗത്തിന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. മലമ്പുഴയില്‍ 20000ല്‍പരം ഭൂരിപക്ഷത്തിനാണ് വിഎസ് വിജയിച്ചത്.

2016ല്‍ വീണ്ടും ശ്രദ്ധേയമായി വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം
91 വയസ്സ് പിന്നിട്ട വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രധാന ചര്‍ച്ച. വിഎസിന് സീറ്റ് കൊടുക്കേണ്ടെന്നായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍, പൊതുസമൂഹത്തില്‍ നിന്ന് വിഎസിനായുള്ള മുറവിളിയുയര്‍ന്നു. പലയിടങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളുയര്‍ന്നു. കേന്ദ്ര നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദമേറി. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ വിഎസിന് മലമ്പുഴ മണ്ഡലം നല്‍കി പ്രശ്‌നമൊതുക്കി. പാര്‍ട്ടിയും വിഎസും ജയിച്ചെങ്കിലും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലേറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios