തോക്കിന്‍റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി, തുളഞ്ഞ് ഇറങ്ങി; ഒരക്ഷരം മിണ്ടിയില്ല, മുഷ്ടി ചുരുട്ടിയ വിഎസ്
സാര്‍ സിപി രാമസ്വാമി അയ്യര്‍ എന്ന അന്നത്തെ തിരുവിതാംകൂര്‍ ദിവാനെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പുന്നപ്ര വയലാര്‍ പ്രക്ഷോഭം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമരചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ് പുന്നപ്ര - വയലാര്‍ സമരം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുതലാളിമാരില്‍ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഒക്കെച്ചേര്‍ന്നു നടത്തിയ സമരങ്ങളായിരുന്നു പിന്നീട് ചരിത്രത്തില്‍ പുന്നപ്ര-വയലാര്‍ സമരങ്ങള്‍ എന്നപേരില്‍ അറിയപ്പെട്ടത്. സാര്‍ സിപി രാമസ്വാമി അയ്യര്‍ എന്ന അന്നത്തെ തിരുവിതാംകൂര്‍ ദിവാനെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പുന്നപ്ര വയലാര്‍ പ്രക്ഷോഭം.
1946 ജനുവരി 15-ാം തീയതി അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തുറന്ന സമരത്തിലേക്കിറങ്ങുന്നത്. തുടര്‍ച്ചയായ പണിമുടക്കുകള്‍ കയര്‍ ഫാക്ടറി തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും മല്‍സ്യ തൊഴിലാളികളുടെയും ഭാഗത്തുനിന്നുണ്ടായി. ''രാജവാഴ്ച അവസാനിപ്പിക്കും, ദിവാന്‍ ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഉത്തരവാദിത്തഭരണം അനുവദിക്കുക' എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും മുഴങ്ങി.
അക്കമ്മ ചെറിയാന്‍, ഇ എം എസ് നമ്പൂതിരി, കെ വി പത്രോസ്, ആര്‍ വി തോമസ്, എ എം വര്‍ക്കി, സി ഐ ആന്‍ഡ്രൂസ്, പി കെ ചന്ദ്രാനന്ദന്‍, ടികെ വര്‍ഗീസ് വൈദ്യന്‍ തുടങ്ങിയ നേതാക്കള്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. സമരത്തിനിടെ പൊലീസുമായും പട്ടാളവുമായും നടന്ന പോരാട്ടങ്ങളില്‍ കരുണാകരന്‍, പുത്തന്‍പറമ്പില്‍ ദാമോദരന്‍, ടി സി പദ്മനാഭന്‍, കാട്ടൂര്‍ ജോസഫ്, പാട്ടത്ത് രാമന്‍കുട്ടി, എ വി കുമാരന്‍, ശ്രീധരന്‍ തുടങ്ങി പലരും രക്തസാക്ഷിത്വം വരിച്ചു. ഇരുപക്ഷത്തുമായി ഏകദേശം ആയിരത്തോളം പേര്‍ക്ക് ജീവനാശമുണ്ടായി. ഈ സമരങ്ങള്‍ക്കൊടുവിലാണ് 1947 ജൂലായ് 25 -ന് കെവിഎസ് മണി ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യരെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത്. 1998 -ല്‍ ഭാരത സര്‍ക്കാര്‍ പുന്നപ്ര വയലാര്‍ സമരങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിക്കുന്നുണ്ട്.
അങ്ങനെ ചരിത്രത്തില്‍ ഏറെ പ്രസക്തമായ ഈ സമരത്തില്‍, അതിന്റെ ഭാഗമായി നടന്ന സായുധപോരാട്ടങ്ങളില്‍, പണിമുടക്കുകളില്‍, ജാഥകളില്‍, ക്യാമ്പുകളില്‍ ഒക്കെ വി എസ് അച്യുതാനന്ദന്റെ പങ്കെന്തായിരുന്നു എന്നത് കഴിഞ്ഞ കുറച്ചു കാലമായി വിവാദത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു വിഷയമാണ്. വി എസ് അച്യുതാനന്ദനെ പുന്നപ്രസമര സമരത്തിന്റെ നടുനായകത്വത്തിലേക്ക് ചിലര്‍ കൊണ്ടുനിര്‍ത്തുമ്പോള്‍, വി എസ് അടക്കമുള്ളവര്‍ ആ ചരിത്രത്തെ അംഗീകരിക്കുമ്പോള്‍, എം എം ലോറന്‍സിനെയും സിബി ചന്ദ്രഭാനുവിനെയും, എ ശ്രീധര മേനോനെയും, എംജിഎസ് നാരായണന്റെയും പോലെ മറ്റു ചിലര്‍ അതിനെ നിഷേധിക്കുകയും ചെയ്യുന്നുണ്ട്.
വി എസ് കൂടി ഉള്‍പ്പെട്ട പുന്നപ്ര വയലാര്‍ സമരഭാഷ്യം
വി എസ് അച്യുതാനന്ദന്റെ പേരിലുള്ള വിക്കിപീഡിയാ പേജില്‍ പുന്നപ്ര വയലാര്‍ സമരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ കാണാവുന്നത് ഇനി പറയുന്ന ഭാഗമാണ്. ഏറെക്കുറെ ഈ പറയുന്നതൊക്കെത്തന്നെയാണ് വിഎസിന്റെ പേരില്‍ പുറത്തിറങ്ങിയ ജീവചരിത്രങ്ങളില്‍ പലതിലും നമുക്ക് കാണാവുന്നത്.
'ജന്മിമാര്‍ക്ക് എതിരെ കര്‍ഷക കുടിയാന്മാരും 1946 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ് വി എസ് അച്യുതാനന്ദന്‍. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിര്‍ണായകമായ ഈ സമരത്തില്‍ പ്രധാനികളിലൊരാളാണ് വി എസ്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവില്‍ കഴിഞ്ഞശേഷം കെ വി പത്രോസിന്റെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴയില്‍ എത്തിയ വി എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കള്‍ക്ക് രാഷ്ട്രീയബോധം കൂടി നല്‍കുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു.
പുന്നപ്രയില്‍ നിരവധി ക്യാമ്പുകള്‍ക്ക് വി എസ് അക്കാലത്ത് നേതൃത്വം നല്‍കി. ഒരു വോളണ്ടിയര്‍ ക്യാമ്പില്‍ 300 മുതല്‍ 400 വരെ പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തില്‍ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ് ഐ അടക്കം നിരവധി പൊലീസുകാര്‍ മരിച്ചതും ദിവാന്‍ സി പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറില്‍ നിന്ന് വി എസ് അറസ്റ്റിലായത്. പാര്‍ട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാത്തതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മര്‍ദ്ദിച്ചു. ഇ എം എസും കെ വി പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനം ശക്തമായപ്പോള്‍ വി എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയില്‍ പൊലീസുകാര്‍ വി എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.
വി എസ് ഇല്ലാത്ത വ്യാഖ്യാനങ്ങള്‍
അതില്‍ നിന്ന് വേറിട്ടൊരു ലൈന്‍ പാര്‍ട്ടിക്കും ഉണ്ടായിരുന്നില്ല. 2012 വരെ. അക്കൊല്ലം, പുന്നപ്ര വയലാര്‍ സമരത്തിന്റെ അറുപത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു ദേശാഭിമാനി പത്രത്തിലെഴുതിയ മുഖപ്രസംഗത്തില്‍ 1946 ഒക്ടോബറില്‍ പുന്നപ്രയില്‍ നടന്ന സായുധപ്പോരാട്ടങ്ങളുടെ സമരചരിത്രം വിശദമായി വിവരിക്കുന്നുണ്ട്. അതിലെങ്ങും തന്നെ വി എസ് അച്യുതാനന്ദന്‍ എന്ന സമരനായകനെപ്പറ്റി ഒരു പരാമര്‍ശവുമില്ല.
അറിയപ്പെടുന്ന ചരിത്രകാരനായ എ ശ്രീധരമേനോനും പറഞ്ഞിട്ടുള്ളത് പുന്നപ്രയില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും കൂട്ടമരണങ്ങളും നടക്കുന്ന ദിവസം വി എസ് യോഗക്ഷേമ സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു എന്നാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പ്രദേശത്തെവിടെയോ ഒളിവില്‍ കഴിയുകയായിരുന്നു വിഎസ് പുന്നപ്ര-വയലാര്‍ സമരകാലത്ത് എന്നൊരു അപഖ്യാതിയും നിലവിലുണ്ട്.
2016 -ല്‍ പ്രസ്തുത സമരത്തിന്റെ എഴുപതാം വാര്‍ഷികാഘോഷ വേളയില്‍ അറിയപ്പെടുന്ന സിപിഎം നേതാവ് എം എം ലോറന്‍സും പുന്നപ്ര വയലാര്‍ സമരത്തിന്റെ നായകനായി വി എസിനെ പരിഗണിക്കുന്നതില്‍ അനൗചിത്യമുണ്ട് എന്ന് പ്രസ്താവിച്ചു. അങ്ങനെ ചെയ്യുന്നത് ചരിത്രത്തെ വളച്ചൊടിക്കലാകും എന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തില്‍ വി എസ് ശാരീരികമായി പങ്കെടുത്തിട്ടില്ല. ആ സമയം അദ്ദേഹം പൂഞ്ഞാറില്‍ ആയിരുന്നു. മൂന്നു ദിവസം കഴിഞ്ഞാണ് അദ്ദേഹം തിരിച്ചെത്തിയത്. പി കെ ചന്ദ്രാനന്ദനാണ് അന്നവിടെ സമരത്തെ നയിച്ചത് എന്നും ലോറന്‍സ് പറഞ്ഞു. വി എസ് അടക്കമുള്ളവര്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചു പിന്നീട് എന്നും അദ്ദേഹം ആരോപിച്ചു. ഏതാണ്ട് ഇതേ ആക്ഷേപങ്ങള്‍ തന്നെ ചരിത്രകാരനായ എംജിഎസ് നാരായണന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
പുന്നപ്രയിലെയും വയലാറിലെയും സായുധാക്രമണങ്ങളില്‍ വിഎസ് നേരിട്ട് പങ്കെടുത്തിരുന്നോ എന്ന കാര്യം വിവാദാസ്പദമാണ് എങ്കിലും, കേരളചരിത്രത്തിലെ അവിസ്മരണീയമായ പോരാട്ടങ്ങളില്‍ ഒന്നായ പുന്നപ്രവയലാര്‍ സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള പരശ്ശതം കമ്യൂണിസ്റ്റുകാരില്‍ ഒരാളായി വിഎസും പങ്കുചേര്‍ന്നിരുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. ആ പോരാട്ടങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ വ്യക്തിനിഷ്ഠമായ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാണ് എന്നിരിക്കിലും സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പൂഞ്ഞാറില്‍ വെച്ച് അറസ്റ്റിലായ വിഎസിന് ലോക്കപ്പില്‍ വെച്ച് കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്.