തിരുവനന്തപുരം: 'പൊതു ഇടം എന്‍റേതും' എന്ന പരിപാടി മാർച്ച് 8 വരെ തുടരുമെന്ന് വനിതാ ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ ടി വി അനുപമ പറഞ്ഞു. മുന്നറിയിപ്പില്ലാതെ സ്ത്രീകളുടെ സംഘം രാത്രി യാത്ര നടത്തും. ഞങ്ങളുടെ പ്രതിനിധി എസ് അജിത് കുമാർ, ടി വി അനുപമയുമായി സംസാരിച്ചു. ആ അഭിമുഖം വായിക്കാം:

കരുതിയത് പോലെത്തന്നെ, പ്രതീക്ഷിച്ചത് പോലെത്തന്നെ ഇത് പര്യവസാനിച്ചോ?

തീർച്ചയായും, ഇത് വകുപ്പിന്‍റെ ഒരു സർക്കാർ‍ പരിപാടിയായി മാറരുതെന്ന് നമ്മൾ കരുതിയിരുന്നു. അതിന് പകരം നമ്മുടെ പരിപാടി എന്ന തരത്തിൽ സമൂഹം ഒറ്റക്കെട്ടായി ഇറങ്ങണം എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ഒരു വലിയ പരിധി വരെ അത് നേടാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്നാണ് കരുതുന്നത്.

പുലർച്ചെ ഒരു മണി വരെ തുടർന്ന സ്ത്രീകളുടെ പ്രതികരണം എങ്ങനെയായിരുന്നു? 

ഞങ്ങൾ നിർബന്ധിച്ച് സ്ത്രീകളെ എത്തിച്ച് നടത്തുന്ന പരിപാടിയാകരുത് ഇതെന്ന നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ രാത്രി ഒരു മണിയ്ക്ക് പരിപാടി അവസാനിക്കുമ്പോൾ, ഒരു മണിയല്ലേ ആയുള്ളൂ, ഇപ്പോഴേ നിർത്തുകയാണോ എന്ന് ചോദിക്കുന്ന സ്ത്രീകളെ കാണുമ്പോൾ, അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 

ഇനി എങ്ങനെ ഈ പരിപാടി മുന്നോട്ടുകൊണ്ടുപോകും? കാരണം, ഇന്ന് ഈ പരിപാടി നടന്നത് പ്രധാനവീഥികളിലൂടെ പൊലീസ് സംരക്ഷണയിലാണ്. അത് പോലെയാകില്ലല്ലോ ഇനി. ചിലയിടങ്ങളിൽ ദുരനുഭവങ്ങൾ സ്ത്രീകൾക്ക് ഉണ്ടാവുകയും ചെയ്തു.

ആദ്യത്തെ പരിപാടി എന്ന നിലയിൽ, പങ്കെടുക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം ലഭിക്കാൻ വേണ്ടിയാണ് കുറച്ച് വിപുലമായി പൊലീസിനെ അറിയിച്ചും, ജനങ്ങളെ അറിയിച്ചും മുന്നോട്ട് പോയത്. ഇതേ രീതിയിൽ മുന്നോട്ടുപോകാനല്ല ഞങ്ങളുടെ തീരുമാനം. മാർച്ച് എട്ട് വനിതാ ദിനം വരെ ഇതൊരു യജ്ഞമായി ഏറ്റെടുത്തുകൊണ്ട്, ഇത്തരം കൂട്ടായ്മകളിൽ നിന്ന് ഉണ്ടായി വരുന്ന ഒരുമയിലൂടെ കൂടുതൽ രാത്രി നടത്തങ്ങൾ നടത്തും. 

ഇത്രയും സുരക്ഷയുണ്ടായിട്ടും, കാസർകോടും കോട്ടയത്തുമുണ്ടായ ദുരനുഭവങ്ങളെ എങ്ങനെയാണ് വകുപ്പ് കാണുന്നത്?

സമൂഹത്തിന്‍റെ തന്നെ നേർക്കാഴ്ചയല്ലേ ഇത്. അതിനെയല്ലേ നമ്മൾ നേരിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എത്ര സുരക്ഷ ഒരുക്കിയാലും ഇത്തരം അനുഭവങ്ങളുണ്ടാകും എന്ന് നമുക്കറിയാമായിരുന്നു. എന്താണ് സമൂഹം എന്നത് മാറി, മുഴുവൻ അഭിനയമൊന്നും ഉണ്ടാകില്ല. ചിലയിടത്തെങ്കിലും സമൂഹത്തിന്‍റെ യഥാർത്ഥമുഖം എന്താണെന്ന് വെളിച്ചത്ത് വരും. അതിനെ നേരിടാൻ സ്ത്രീകൾ അടങ്ങുന്ന സമൂഹം തയ്യാറാകണമെന്നാണ് ഞങ്ങൾ പറയുന്നത്.

മാർച്ച് എട്ടിന് മുമ്പ് നടക്കുന്ന രാത്രി നടത്തങ്ങളുടെ സ്വഭാവം എങ്ങനെയാകും? പൊലീസിനെ അറിയിച്ചാകുമോ രാത്രി നടത്തങ്ങൾ?

അല്ല. ഇനി പ്ലാൻ ചെയ്തുള്ള നടത്തമില്ല. ഇതിൽ പങ്കെടുത്ത സ്ത്രീകൾ തന്നെ നയിക്കുന്ന നടത്തമാണ് നമ്മൾ ഉദ്ദേശിക്കുന്നത്. അതിന്‍റെ സ്ഥലമോ സമയമോ നേരത്തേ പൊലീസിനെ അറിയിക്കില്ല. അവരുടെ കൂട്ടത്തിൽ നിന്ന് ഉയർന്നു വരുന്ന ആശയങ്ങൾ നടപ്പാക്കലാണ് ഇനി ഉദ്ദേശിക്കുന്നത്.