ശവപുഷ്പങ്ങൾ... എനിക്കവ വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി'- മരണ ശേഷം എന്തു വേണമെന്നും എന്തരുതെന്നും സുഗതകുമാരി ഒസ്യത്തിൽ എഴുതിവച്ചിട്ടുണ്ട്. ഒരാൽമരം മതിയെന്നാണ് ടീച്ചർ എഴുതിയത്... പടർന്ന് പന്തലിച്ച ഒരു തണൽ വൃക്ഷമായിരുന്നു അവർ. തണലിൽ ആശ്വസിച്ചവരോ, പഴവും കാറ്റും നുകർന്നവരോ തിരിഞ്ഞു നോക്കണമെന്ന് ആശിക്കാതെ വൃക്ഷധർമ്മം നിർവഹിച്ചവർ.

അർഹതയ്ക്കപ്പുറത്തും ആദരങ്ങളുടെ ഭാരം പേറുന്നുണ്ട് ഞാൻ. അവസാന യാത്ര പറച്ചിലിനപ്പുറവും അതുവേണ്ട, എനിക്കുവേണ്ടി, ഓർമയ്ക്ക്, ഒരാൽമരം മതി.  മനസ്സിന്റെ താളംതെറ്റിയ നിരാലംബർക്കായി  പടുത്തുർത്തിയ 'അഭയ'യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്, അവിടെ തന്നെ അത് വേണം, ഒസ്യത്തിൽ സുഗതകുമാരി കുറിച്ചിട്ടതാണിത്.

മാതൃഭൂമിയെ വിളിച്ചുവരുത്തി തന്റെ ശേഷപത്രം വായിച്ച ശേഷം സുഗതകുമാരി പറഞ്ഞത് 'വളരെ അടുത്തുവെന്ന് തോന്നുന്നു' എന്നായിരുന്നു. ഒരു വർഷത്തിനിപ്പുറം ആ തണൽ ബാക്കിയാക്കി ടീച്ചർ യാത്രപറഞ്ഞു. കുറേ മനുഷ്യജീവനുകൾ അഭയവും ആശ്വാസവും കണ്ടെത്തുന്നൊരിടം, അതാണ് അഭയ ഇന്ന്.

പീഡനത്തിനിരയായ പെൺകുട്ടികൾ, ഭർത്താക്കന്മാർ തീകൊളുത്തിയിട്ടും ഉള്ളിലെ തീയണയാതെ ജീവനും സ്വപ്നങ്ങളും ബാക്കിയായ സ്ത്രീകൾ,  അനാഥരായ കുട്ടികൾ.. മനസിന്റെ താളം തെറ്റിയപ്പോൾ വീട്ടുകാർക്ക് വേണ്ടാതായവർ.... അങ്ങനെ നിരാലംബരായ കുറേ ജീവനുകളുടെ ആശ്രയമാണിന്ന് അഭയ.

35 വർഷങ്ങൾക്ക് മുമ്പ് ഒരു വൈകുന്നേരം ഒരു ചെറിയ മുറിയിൽ  ആരംഭിച്ച അഭയ ഇന്ന് പടർന്ന് പന്തലിച്ച് ഒരു വലിയ തണലായി നിവർന്നുനിൽപ്പുണ്ട്.  പ്രകൃതിയേയും കവിതയേയും ചേർത്തുപിടിച്ച ടീച്ചർ തേടിപ്പോയ മറ്റൊരു കനിവിന്റെ സ്വപ്നമായിരുന്നു ഇത്. 'അഭയ'ക്ക് പറയാനുള്ളത് സുഗതകുമാരിയുടെ ഉൾക്കാഴ്ചയുടെയും കനിവിന്റെയും കഥയല്ലാതെ മറ്റൊന്നുമല്ല.

1985-ൽ ഊളമ്പാറ ഭ്രാന്താശുപത്രി( ഇന്നത്തെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം)യിലെ ദുരിതവാർത്ത സുഗതകുമാരി അറിയാനിടയാവുകയും, അവിടെ സന്ദർശനം നടത്തുകയും ചെയ്യുന്നു. അവിടെ രോഗികളായ യുവതികളെ വെളിയിൽ വിൽപന നടത്തുന്നുവെന്നതടക്കമുള്ള വാർത്തകളായിരുന്നു ടീച്ചറുടെ ഉറക്കം കെടുത്തിയത്.

'ഡാന്റേയുടെ നരക ദൃശ്യം പോലെ. ഒരിക്കലിതു കണ്ടു പോയാൽ പിന്നെ ഇതിൽ നിന്നു മോചനമില്ല' ഇതായിരുന്നു അവിടത്തെ കാഴ്ചകളെ കുറിച്ച് സുഗതകുമാരി ഒരിക്കൽ പറഞ്ഞത്. സെല്ലുകളുടെ തറകളിൽ തളം കെട്ടിയ മലവും മൂത്രവും ഭക്ഷണാവശിഷ്ടങ്ങളും, ഈച്ചയും ഉറുമ്പും അരിക്കുന്ന ദുർഗന്ധം വമിക്കുന്ന അന്തരീക്ഷത്തിൽ കഴിയുന്ന നൂറുകണക്കിന് സ്ത്രീകളുടെ നരകയാദനകൾ നേർക്കാഴ്ചയായി. 'ഞാൻ ആ വരാന്തയിൽ നിന്ന് കരയുകയാണ്, എനിക്ക് താങ്ങാനാകുന്നില്ല'- ആ കാഴ്ചകളെ കുറിച്ച് ടീച്ചർ വിശദീകരിച്ചു.

അന്ന് വൈകുന്നേരമാണ് അഭയ സ്ഥാപിതമായത്. പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകരിൽ ചിലരും കെവി സുരേന്ദ്രനാഥ് അധ്യക്ഷനനായും സുഗുതകുമാരി സെക്രട്ടറിയായും കെ നരായാണൻ ജോയിന്റ് സെക്രട്ടറിയായും ഒരു കമ്മറ്റി  രൂപീകരിച്ചായിരുന്നു തുടക്കം. പ്രവർത്തനം തുടരുന്നതിനിടെ  അന്നത്തെ കോഴിക്കോട് കളക്ടർ കെ ജയകുമാറിന്റെ നിർദേശാനുസരണം 'ഭ്രാന്താലയങ്ങളു'ടെ ശോച്യാവസ്ഥയ്ക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടു.

കോടതി ഇടപെടലിൽ മാറ്റങ്ങൾ നിരവധി വന്നു. ബന്ധുക്കൾക്ക് അകത്തു വരാം. കാണാം. ആഹാരം കൊടുക്കാം. പത്രക്കാർ അകത്തു വന്നു തുടങ്ങി. അഭയക്ക് തിരുവനന്തപുരത്ത് പ്രവർത്തനത്തിന് അനുവാദം ലഭിച്ചു. കോഴിക്കോടും തൃശൂരും സന്നദ്ധ സംഘടനകൾ മുന്നോട്ടുവന്നു. നിരന്തര മാറ്റങ്ങൾ സാധ്യമായിക്കൊണ്ടേയിരുന്നു. ആശുപത്രിക്കകത്ത് ടീച്ചറുടെ നേതൃത്വത്തിൽ പകൽവീടൊരുങ്ങി അന്നുവന്ന മാറ്റങ്ങൾ ഇന്നും തുടരുകയും ചെയ്യുന്നു.

ഇന്ന് എട്ടോളം യൂണിറ്റുകളുള്ള നിരാലംഭകരുടെ അത്താണിയായി അഭയ നിലകൊള്ളുന്നു. മാനസിക രോഗികൾക്കായി അഭയ തുടങ്ങിയ 'അത്താണി' ചതിക്കപ്പെട്ട പെൺകുട്ടികൾ, ഗഭിണികൾ, മദ്യപാനികളുടെ ഭാര്യമാർ തുടങ്ങിയ നിരവധി ജീവനുള്ളവരുടെ അഭയ കേന്ദ്രമായി.

തച്ചോട്ടുകാവിൽ പത്തേക്കർ ഭൂമിയിൽ അഭയഗ്രാമം ആരംഭിച്ചു. പെൺകുഞ്ഞുങ്ങൾക്കായി അഭയബാല, മനോരോഗികൾക്ക് ചികിത്സയും താമസവും തൊഴിൽ പരിശീനലനവും നൽകുന്ന കർമ, മാനസിക രോഗത്തിനും മദ്യാസക്തിക്കും ചികിത്സ നൽകുന്ന മിത്ര, സ്ത്രീകളായ മനോരോഗികൾക്കുള്ള ശ്രദ്ധാ ഭവനം, മദ്യപാനികൾക്ക് ചികിത്സ നൽകുന്ന ബോധി എന്നിവയെല്ലാം അഭയയുടെ കേന്ദ്രങ്ങളാണ്.  ഇതിൽ മിത്രയിൽ മാത്രമാണ് പണം വാങ്ങി സേവനങ്ങൾ നൽകുന്നത്. അവിടത്തെ വരുമാനം മറ്റിടങ്ങളിലെ സൌജന്യ സേവനത്തിന് ഉപയോഗിക്കുന്നു.

തകർന്ന മനസും ശരീരവുമായി അഭയം തേടിയ തണലിൽ എല്ലാം അതിജീവിച്ച് കരകയറിയ ഒരുപിടി പെൺജന്മങ്ങളുടെ ജീവിത കഥകളുണ്ടായിരുന്നു ടീച്ചറുടെ ഓർമയിൽ. ശേഷക്രിയയിൽ ഒരു തണൽ മാത്രം വളരട്ടെ എന്ന് ഉറച്ച ബോധ്യത്തിൽ എഴുതിവച്ച ഒസ്യത്തിനപ്പുറം, അഭയയുടെ അത്താണികൾ സുഗതകുമാരിയുടെ അനശ്വരമായ വൃക്ഷധർമ്മകാവ്യമായി നിലകൊള്ളുമെന്നുറപ്പ്..