കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ സ്വീകാര്യത പ്രവാസികൾക്കിടയിൽ നാൾക്കുനാൾ വർദ്ധിക്കുകയാണ്. കിഫ്ബി ബോണ്ടുകളിലെ പ്രവാസി ചിട്ടിയുടെ ഫ്ലോട്ട്ഫണ്ടിൽ നിന്നുള്ള നിക്ഷേപം 200 കോടി രൂപ കവിഞ്ഞു. 

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഈ ബോണ്ടുകളിലെ നിക്ഷേപത്തിലൂടെ നാടിന്റെ വികസന മുന്നേറ്റത്തിൽ പ്രവാസി തന്റെ പങ്കാളിത്തം ഉറപ്പിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 209.8 കോടി രൂപയുടെ നിക്ഷേപം പ്രവാസി ചിട്ടി വഴി കിഫ്ബിയിൽ എത്തിയിട്ടുണ്ട്. ഇതിനു പുറമേ ഇതുവരെ രജിസ്റ്റർ ചെയ്ത് തുടങ്ങിയ ചിട്ടികളിലൂടെ ചിട്ടി കാലാവധിക്കുള്ളിൽ 1061.89 കോടി രൂപ സമാഹരിക്കാനും സംസ്ഥാന സർക്കാരിന് കഴിയും.

വെറും 196 ദിവസം കൊണ്ടാണ് പദ്ധതിക്ക് കീഴിലെ നിക്ഷേപം 100 കോടിയിൽ നിന്ന് 200 കോടിയിൽ എത്തിയത്. എഴുപതിനായിരത്തിനടുത്ത് പ്രവാസികൾ ചിട്ടിയിൽ ചേരുന്നതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 90 വിദേശ രാജ്യങ്ങളിൽ നിന്നും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നും മലയാളികൾ പ്രവാസി ചിട്ടിയിൽ അംഗങ്ങളായിട്ടുണ്ടെന്നത്ദ്ധ പദ്ധതിയുടെ നേട്ടത്തിന്റെയും ജനപ്രീതിയുടെയും ഏറ്റവും വലിയ തെളിവാണ്.

കൊവിഡ് മഹാമാരി വിതച്ച ദുരിതത്തിനിടയിലും പ്രവാസി സഹോദരങ്ങൾ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അർപ്പിച്ച വിശ്വാസം വിസ്മയാവഹമായിരുന്നു.

സമ്പാദ്യത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുകയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട പ്രവാസി വരിക്കാരനായ ഡിനി ചാക്കോ, മറ്റു കാരണങ്ങളെ തുടർന്ന് പ്രവാസ ജീവിതത്തിനിടയിൽ മരിച്ച ഇബ്രാഹിം അമ്മുഞ്ഞി, ജോൺസൺ ഡിക്രൂസ്, വിഷ്ണു വിജയകുമാർ എന്നിവരുടെ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട പൂർണ തുകയാണ് മടക്കി നൽകുന്നത്. ചിട്ടി വിളിച്ചാൽ ലഭിക്കാവുന്ന പൂർണതുക  അവകാശികൾക്ക് നൽകാൻ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമേ ചിട്ടികളുടെ ഭാവി തവണകൾ ഒഴിവാക്കുവാനും കെഎസ്എഫ്ഇ തീരുമാനമെടുത്തു.

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗമാകുന്നതോടെ സമ്പാദ്യവും ഭാവിജീവിതത്തിന്റെ സുരക്ഷയും ഒപ്പം നാടിന്റെ വികസനത്തിൽ പങ്കാളിത്തവുമാണ് കേരളസർക്കാർ നിക്ഷേപകർക്ക് ഉറപ്പുനൽകുന്നത്. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ പ്രവാസി ചിട്ടിയിൽ ഇനിയും അംഗമാകാം. ഏതുതരം വരുമാനക്കാർക്കും യോജിച്ച രീതിയിൽ പ്രതിമാസ വരിസംഖ്യ വെറും 2,500 രൂപയിൽ തുടങ്ങുന്ന ചിട്ടികൾ പദ്ധതിക്ക് കീഴിൽ നിലവിലുണ്ട്.