Asianet News MalayalamAsianet News Malayalam

KIIFB DAY | കിഫ്‌ബി പകർന്ന ഊർജത്തിൽ സംസ്ഥാനം പുരോഗതിയുടെ പാതയിൽ; ആശംസകളുമായി മന്ത്രിമാർ

സംസ്ഥാന വികസനം ലക്ഷ്യമിട്ട്, സർക്കാർ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടപ്പാക്കുകയാണ് കിഫ്ബിയിൽ നിക്ഷിപ്തമായ ചുമതല. 

Powered by KIIFB funds kerala state in the path of development says ministers on KIIFB Day
Author
Trivandrum, First Published Nov 11, 2021, 1:06 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്ന് കിഫ്‌ബി ദിനമാണ്. 1999 നവംബർ പതിനൊന്നിനാണ് 'കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്' അഥവാ KIIFB രൂപീകരിക്കപ്പെടുന്നത് എങ്കിലും  കിഫ്ബി ശാക്തീകരിക്കപ്പെടുകയും ഇന്നത്തെ കരുത്തുറ്റ നിലയിലേക്കെത്തുകയും ചെയ്യുന്നത് ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2016 -ൽ കൊണ്ടുവന്ന ഒരു ഭേദഗതി നിയമത്തിലൂടെയാണ്. സംസ്ഥാന വികസനം ലക്ഷ്യമിട്ട്, സർക്കാർ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടപ്പാക്കുകയാണ് കിഫ്ബിയിൽ നിക്ഷിപ്തമായ ചുമതല. രൂപീകരണത്തിന്റെ ഓർമയ്ക്കായാണ് വർഷാവർഷം നവംബർ 11 കിഫ്ബി ദിനമായി ആചരിക്കുന്നത്.

 

Powered by KIIFB funds kerala state in the path of development says ministers on KIIFB Day

 

അടിസ്ഥാനസൗകര്യ വികസനത്തിൽ ദശാബ്ദങ്ങൾ പിന്നിലായിപ്പോയ സംസ്ഥാനമാണ് കേരളമെന്നും, അടിസ്ഥാന സൗകര്യവികസനത്തിൽ ഉണ്ടായ ഈ വലിയ വിടവ് നികത്താനുള്ള വലിയ യത്നത്തിനാണ് 2016 ൽ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേറ്റെടുത്ത സർക്കാർ തുടക്കം കുറിച്ചത് എന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ കിഫ്‌ബി ദിന സന്ദേശത്തിൽ പറഞ്ഞു. "നാളിതു വരെ കിഫ് ബോർഡ് ധനാനുമതി നൽകിയത് 64,338 കോടി രൂപയുടെ 918 പദ്ധതികൾക്കാണ്. ഇതിൽ  20,000 കോടി രൂപ വിവിധ ദേശീയ പാതാ വികസനം, വിവിധ  വ്യവസായ ഇടനാഴികൾ ,വ്യവസായ പാർക്കുകൾ എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ പദ്ധതികൾക്കാണ് വകയിരുത്തിയിട്ടുള്ളത്." ധനമന്ത്രി കൂട്ടിച്ചേർത്തു.
 
സംസ്ഥാനത്തിന്റെ മുഖച്ചിത്രം മാറ്റി വരയ്ക്കുന്ന തരത്തിലുള്ള വികസനമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും തന്റെ കിഫ്‌ബി ദിന സന്ദേശത്തിൽ കുറിച്ചു. "കിഫ്‌ബി ഫണ്ടിങ്ങിൽ നടക്കുന്ന 918 പദ്ധതികളിൽ, എണ്ണത്തിലും തുകയിലും മുന്നിൽ നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന പദ്ധതികളാണ്. 18146 കോടി രൂപയ്ക്കുള്ള 392 പദ്ധതികൾക്കാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ ധനാനുമതി ആയിട്ടുള്ളത്.കിഫ്ബി ധനാനുമതി നൽകിയിരിക്കുന്ന പദ്ധതികളിൽ എണ്ണത്തിലും തുകയിലും മുന്നിൽ നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന പദ്ധതികൾക്കാണ് എന്നതുതന്നെ ഇതിനു തെളിവാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 18146 കോടി രൂപയ്ക്കുള്ള 392 പദ്ധതികൾക്കാണ് കിഫ് ബോർഡ് ധനാനുമതി നൽകിയിട്ടുള്ളത്. ഇതിൽ 211 റോഡുകൾ, 87 പാലങ്ങൾ, 20 മലയോര ഹൈവേ സ്ട്രെച്ചുകൾ, 53 റെയിൽവേ മേൽപ്പാലങ്ങൾ, 6 തീരദേശ ഹൈവേ സ്ട്രെച്ചുകൾ, ഒരു അടിപ്പാത, 14 ഫ്ളൈ ഓവറുകൾ എന്നിവ ഉൾപ്പെടുന്നു. കോവിഡ് മഹാമാരി നട്ടെല്ലൊടിച്ച ഏറ്റവും പ്രധാന മേഖലയായ ടൂറിസത്തിലും കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾ  മുതൽക്കൂട്ടാവുകയാണ്. അഞ്ചു ഘട്ടങ്ങളിലായുള്ള ആലപ്പുഴ പൈതൃക പദ്ധതിയുടെ നവീകരണം, രണ്ടു ഘട്ടമായുള്ള തലശേരി പൈതൃകപദ്ധതി, ആക്കുളം കായൽ നവീകരണം, മൂന്ന് ബീച്ചുകളുടെ നവീകരണം തുടങ്ങി 331.68 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിരിക്കുന്നത്." അദ്ദേഹം പറഞ്ഞു. അതുപോലെ കായിക-യുവജനക്ഷേമ രംഗത്തിന് പുത്തൻ ഊർജം പകർന്ന് 35 പദ്ധതികളിലായി 44 സ്റ്റേഡിയങ്ങളാണ് വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളത്. ഇതോടൊപ്പം ഒരു അക്വാട്ടിക് കോംപ്ലക്സിനും രണ്ടു സ്പോർട്സ് സ്കൂൾ പദ്ധതിക്കും കിഫ്ബി ധനാനുമതി നൽകിയിട്ടുണ്ട്. കായിക-യുവജനക്ഷേമ വകുപ്പിന് കീഴിൽ ആകെ 773.01 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ് ബോർഡ് ധനാനുമതി നൽകിയിട്ടുള്ളത്", പൊതുമരാമത്തു വകുപ്പുമന്ത്രി അറിയിച്ചു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കുറെ വര്ഷങ്ങളായി നിലനിന്നിരുന്ന ശോച്യാവസ്ഥയ്ക്ക് വലിയ മാറ്റമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പാക്കിയ പദ്ധതികൾ കാരണം ഉണ്ടായത് എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും പ്രതികരിച്ചു. "ഈ പദ്ധതികളിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സാങ്കേതിക നിലവാരവും ഭൗതിക സൗകര്യങ്ങളും ലോകനിലവാരത്തിലെത്തിക്കാനായി എന്നു ഉറപ്പിച്ചു പറയാൻ കഴിയും. 140 പദ്ധതികളിലായി സംസ്ഥാനത്തെ 876 സ്കൂളുകൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ തന്നെ 493 കോടി രൂപ ചിലവിൽ സംസ്ഥാനത്തെ സെക്കൻഡറി , ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരുക്കിയ 44705 ഹൈടെക് ക്ലാസ് റൂമുകൾ ഒരു വികസനവിപ്ലവമാണ്.  140 നിയോജക മണ്ഡലങ്ങളിലും മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ ഉയർത്താൻ കഴിഞ്ഞു. ആധുനികമായ സാങ്കേതിക സംവിധാനങ്ങൾ പഠനത്തിനായി സാധാരണക്കാരായ വിദ്യാർഥികൾക്കും ലഭ്യമാക്കാൻ ഇതിലൂടെ കഴിഞ്ഞു." വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ രംഗത്തെ അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ വേണ്ടത്ര പരിഷ്കരിക്കുന്ന കാര്യത്തിൽ  അതിശക്തമായ മുന്നേറ്റമാണ് കഴി്ഞ്ഞ ഏതാനും വർഷങ്ങളായി കിഫ്‌ബി സഹായത്തോടെ സൃഷ്ടിക്കാൻ കഴിഞ്ഞത് എന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് തന്റെ കിഫ്‌ബി ദിനസന്ദേശത്തിൽ അറിയിച്ചു. "കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തി സംസ്ഥാന സർക്കാർ പൊതുജനാരോഗ്യ രംഗത്ത് നടപ്പാക്കുന്ന പദ്ധതികൾ നമ്മുടെ സർക്കാർ ആശുപത്രികളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ ഉൾപ്പെടെ 55 ആശുപത്രികളിലെ ഭൗതിക സൗകര്യവികസനം കിഫ്ബി വഴി ഫണ്ട് കണ്ടെത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.140 നിയോജക മണ്ഡലങ്ങളിലെ ആശുപത്രികളിൽ 10 കിടക്കകളോട് കൂടിയ ഐസൊലേഷൻ വാർഡുകൾ നിർമിക്കുന്നതാണ് മറ്റൊരു പ്രധാന പദ്ധതി. കോവിഡ് പോലെയുള്ള മഹാമാരികളെ നേരിടുന്നതിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന് മുതൽക്കൂട്ടാവുകയാണ് ഈ ഐസൊലേഷൻ വാർഡുകൾ.മറ്റു രണ്ടു പദ്ധതികളിലായി 10 സിസിയു, 10 കാത് ലാബുകൾ, 56 ഡയാലിസിസ് യൂണിറ്റുകൾ എന്നിവയും വിവിധ ആശുപത്രികളിലായി പൂർത്തീകരണത്തിന്റെ വക്കിലാണ്. വൻ ചിലവ് വരുന്ന ഹൃദ്രോഹ,വൃക്കരോഗ ചികിൽസകളിൽ സാധാരണക്കാരന് ആശ്വാസമാകുകയാണ ഈ പദ്ധതികൾ.ഈ പദ്ധതികൾക്കല്ലാം കൂടി 4,458.51 കോടി രൂപയാണ് കിഫ്ബി വഴി കണ്ടെത്തുന്നത്. ആരോഗ്യമേഖലയിലെ സമാനതകളില്ലാത്ത ഈ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കിഫ്ബി ദിനം ആഘോഷിക്കുന്നത്. ഈ വേളയിൽ കിഫ്ബി ദിനത്തിന് എല്ലാ ആശംസകളും നേരുന്നു" ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ ഒമ്പത് മുപ്പതിന് നടന്ന കിഫ്ബി ദിനാചരണത്തിന്റെ ഉദ്ഘാടനചടങ്ങിൽ  ധനമന്ത്രി കെ.എൻ.ബാലഗോപാലും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഓൺലൈൻ വഴി പങ്കെടുത്തു. കിഫ്ബി ആസ്ഥാനത്ത് കിഫ്ബി സിഇഒ ഡോ.കെ.എം.എബ്രഹാം വിളക്കു കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് കിഫ്ബി ജീവനക്കാരുടെ നേതൃത്വത്തിൽ രക്തദാനവും നടന്നു.

Follow Us:
Download App:
  • android
  • ios