തൊണ്ടയിലോ മൂക്കിനകത്തോ കാണപ്പെടുന്ന കഫത്തിന്റെ ചെറിയ സാന്നിധ്യം പോലും കുഞ്ഞുങ്ങൾ ശ്വസിക്കുമ്പോൾ കുറുകൽ ശബ്ദം ഉണ്ടാക്കും. തൊണ്ട, മൂക്ക്, ചെവി, അന്നനാളം തുടങ്ങി ഭാ​ഗങ്ങളിൽ ഉണ്ടാകുന്ന രോ​ഗബാധകൾ ചുമയുണ്ടാക്കും. കുഞ്ഞുങ്ങളുടെ ചുമയുടെയും കഫക്കെട്ടിന്റെയും കാരണം മിക്കപ്പോഴും വെെറസ് ബാധയാണ്. ചുമ, പനി, ശ്വാസംമുട്ടൽ തുടങ്ങിയ അസ്വസ്ഥതകളോ കുറച്ചു ദിവസം മാത്രമുള്ള ചുമ, കഫത്തോട് കൂടിയ ചുമ എന്നിവയോ കണ്ടാൽ ഡോക്ടറെ കാണിക്കണം.

മഞ്ഞുകാലത്തുണ്ടാകുന്ന ചുമയും കഫക്കെട്ടും കൂടുതൽ ബാധിക്കുക ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ്. മുലപ്പാലിന് പകരം മറ്റ് പാലുകൾ കൊടുക്കുന്നത് മുതൽ മൂലയൂട്ടുന്ന അമ്മയുടെ വൃത്തിക്കുറവ് വരെ കുഞ്ഞിന് അലർജിയുണ്ടാക്കാം. കുഞ്ഞുങ്ങൾക്ക് അലർജി സംബന്ധമായ ചുമയും കഫക്കെട്ടും വരാതിരിക്കാൻ ആറുമാസം വരെ മുലപ്പാൽ മാത്രമേ നൽകാവൂ. രണ്ട് വയസ്സു വരെ മറ്റു ആഹാരത്തോടൊപ്പം മുലപ്പാൽ തുടരുക. മുലപ്പാൽ വലിച്ചു കുടിക്കുന്നതിനിടെ ശ്വാസനാളത്തിലേക്കോ യൂസ്റ്റേഷ്യൻ ട്യൂബിലൂടെ ചെവിയിലേക്കോ കടന്നാൽ അണുബാധയും കുഞ്ഞിന് ചെവിവേദനയും ഉണ്ടാകാം. 

കുഞ്ഞ് നന്നായി പാൽ കുടിക്കാതിരിക്കുക, ഇടയ്ക്കിടെ ഉണർന്നു കരയുക എന്നിവ കഫക്കെട്ടിനോടൊപ്പം കണ്ടാൽ ഉടനെ ഡോക്ടറെ കാണുക. ശിശുരോ​ഗ വിദ​ഗ്ധന്റെ നിർദേശപ്രകാരം കുഞ്ഞുങ്ങൾക്ക് മരുന്നുകൾ നൽകുക. തൊണ്ട , മൂക്ക്, ശ്വാസനാളം തുടങ്ങിയവയിലെ അണുബാധ കൊണ്ട് ഉണ്ടാകുന്ന കഫക്കെട്ടിനൊപ്പം മിക്കവാറും പനിയും ഉണ്ടാകും. രോ​ഗാണുക്കളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ കുറുക്ക് വഴിയാണ് പനി. മരുന്നുകളും വിശ്രമവുമാണ് പ്രധാനമായി വേണ്ടത്. തൊണ്ടയിലെ അഡിനോയ്ഡ് ​ഗ്രന്ഥിയിലെ നീർക്കെട്ടും കഫക്കെട്ടിന് കാരണമാകും. 

കളിച്ച് വിയർത്ത ഉടനെ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും കുട്ടികൾക്ക് ജലദോഷവും കഫക്കെട്ടും ഉണ്ടാകാം. ശരീരോഷ്മാവിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇതിന് കാരണം. മൂക്കിൽ നിന്ന് കടുത്ത ​ദുർ​ഗന്ധമുള്ള കഫം വരുന്നുണ്ടെങ്കിൽ ഇഎൻടി സർജനെ ഉടനെ കാണുക. കുട്ടികൾ ചുമച്ചുതുപ്പുന്ന കഫം വെള്ളനിറത്തിൽ കുറഞ്ഞ അളവിലെ ഉള്ളൂവെങ്കിൽ പേടിക്കേണ്ടതില്ല. ദുർ​ഗന്ധത്തോടെ കടുത്ത മഞ്ഞ നിറത്തിൽ ധാരാളം കഫം വരുന്നുണ്ടെങ്കിൽ അണുബാധയുണ്ടെന്ന് ഉറപ്പിക്കാം. കഫത്തിൽ രക്തത്തിന്റെ അംശമോ മറ്റോ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം.