ലോകരാജ്യങ്ങളെ ഒട്ടാകെ പിടിച്ചുകുലുക്കിക്കൊണ്ടായിരുന്നു ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് കൊറോണ വൈറസ് എന്ന രോഗകാരിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യമായി പുറത്തുവന്നത്. വുഹാനിലെ ഒരു മാംസമാര്‍ക്കറ്റാണ് കൊറോണയുടെ ഉത്ഭവകേന്ദ്രമായി കരുതപ്പെടുന്നത്. 

ഈ വൈറസിനെപ്പറ്റിയോ അതിന്റെ തീവ്രതയെപ്പറ്റിയോ അവിടെയുള്ള മനുഷ്യര്‍ അറിഞ്ഞില്ല. അവര്‍ തികച്ചും സാധാരണനിലയില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. 

ആദ്യഘട്ടത്തില്‍ രോഗം എന്തെന്ന് കണ്ടെത്താന്‍ ചൈനയിലെ ആരോഗ്യവിദഗ്ധര്‍ക്കായിരുന്നില്ല. നൂറുകണക്കിന് പേരാണ് ഈ ദിവസങ്ങളില്‍ അവിടെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. അധികം വൈകാതെ ആ പേര് നമ്മളാദ്യമായി കേട്ടു. കൊറോണ വൈറസ്. 

പിന്നീടങ്ങോട്ട് ചങ്കിടിപ്പോടെയായിരുന്നു ചൈനയില്‍ നിന്ന് പുറത്തുവന്നിരുന്ന ഓരോ വാര്‍ത്തകളും നമ്മള്‍ കേട്ടത്. നൂറുകണക്കിന് പേര്‍ ചികിത്സയിലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും ഇതിന്റെ ഗൗരവം നമ്മളറിഞ്ഞിരുന്നില്ല. തുടര്‍ദിവസങ്ങളില്‍ മരണങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി.

പത്ത്, ഇരുപത് എന്ന തുടങ്ങി നൂറുകണക്കിന് പേര്‍ മരിക്കുന്ന സാഹചര്യമായി. അപ്പോഴേക്ക് ചൈനയെ ചുറ്റിപ്പറ്റിയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇത് പടര്‍ന്നുകഴിഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെ തന്നെ യൂറോപ്യന്‍- ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചു. 

 

 

യാത്രാവിലക്കുകളായി, ജാഗ്രതാനിര്‍ദേശങ്ങളായി, മുന്നൊരുക്കങ്ങളുമായി സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും സജീവമായി. നമ്മള്‍ സുരക്ഷിതരാകും, നമുക്ക് പേടിക്കാനില്ല എന്നെല്ലാം നമ്മള്‍ ചിന്തിച്ചു. പക്ഷേ എല്ലാ പ്രതീക്ഷകളേയും തകര്‍ത്തുകൊണ്ട് ഇന്ത്യയിലെ ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അങ്ങനെ കൊറോണയെ നമ്മളും മുഖാമുഖം കണ്ടു. 

എങ്കിലും ആദ്യം നമ്മുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നത് പലപ്പോഴും പൂര്‍ണ്ണമായി ജനജീവിതം സ്തംഭിച്ച്, മരിച്ച തെരുവുകളുമായി നില്‍ക്കുന്ന വുഹാന്‍ നഗരത്തിന്റെ ചിത്രങ്ങള്‍ തന്നെയായിരിക്കും. ഒരു നഗരത്തിന് എങ്ങനെ ഇത്ര നിശബ്ദമാകാന്‍ കഴിയും എന്ന് അന്ന് നമ്മള്‍ ആ ചിത്രങ്ങള്‍ കാണുമ്പോള്‍ ചിന്തിച്ചിരിക്കാം. മരണത്തെ മണക്കുമ്പോള്‍ സ്വന്തം മാളങ്ങളിലേക്ക് ഉള്‍വലിയുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലല്ലോ... 

ഭീതിയോടെ നമ്മളോര്‍ക്കുന്ന വുഹാന്‍ നഗരത്തില്‍ ഈ ദുരിതകാലം മുഴുവന്‍ പിടിച്ചുനിന്നവര്‍ നിരവധിയാണ്. അവരില്‍ നിന്നൊരാള്‍, ഒരു മലയാളി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഗവേഷണ വിദ്യാര്‍ത്ഥിയായ അനില പി അജയന്‍ പറയുന്നു....

''ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ ഞങ്ങള്‍ കൊറോണ വൈറസിനെ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്നു. വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജി ഡിപാര്‍ട്‌മെന്റില്‍ എന്റെയൊരു സുഹൃത്ത് ജോലി ചെയ്യുന്നുണ്ട്. അങ്ങനെയാണ് ഞാനിത് അറിഞ്ഞത്. അപ്പോള്‍ മുതല്‍ മാസ്‌കൊക്കെ ഇട്ട് വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഞങ്ങള്‍ നടന്നിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമടങ്ങുന്ന ഗ്രൂപ്പുകളിലൂടെ ഞങ്ങള്‍ ദിവസേന വാര്‍ത്തകള്‍ പങ്കുവയ്ക്കുമായിരുന്നു...

...ചൈനയിലിത് സ്പ്രിംഗ് സീസണാണ്. എല്ലാവരും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഷോപ്പിംഗിനും മറ്റും വ്യാപകമായി ഇറങ്ങുന്ന സമയം. ഞങ്ങള്‍ വളരെ ദിവസങ്ങള്‍ക്ക് ശേഷം ജനുവരി അവസാന ആഴ്ചയിലാണ് ക്യാംപസ് വിട്ടൊന്ന് പുറത്തിറങ്ങിയത്. അപ്പോള്‍ നഗരത്തിലിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിച്ചിരിക്കുന്നത് കണ്ടു. സംഭവം അല്‍പം ഗൗരവമുള്ളതാണെന്ന് അന്ന് മനസിലാക്കി. എന്നാലും ആദ്യമാദ്യം എങ്ങനെയാണ് വൈറസ് പകരുന്നത് എന്നോ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്നോ ഒന്നും അറിവില്ലായിരുന്നു. എന്നിട്ടും എനിക്ക് അത്ര പേടിയോ ആശങ്കയോ ഒന്നും തോന്നിയില്ല...

 

 

...പിന്നെപ്പിന്നെ മരണസംഖ്യ കുത്തനെ ഉയരാന്‍ തുടങ്ങി. ആ സമയം തൊട്ടാണ് അല്‍പം പേടിയൊക്കെ തോന്നിത്തുടങ്ങിയത്. അപ്പോഴും കേരളത്തിലേക്ക് തിരിക്കാന്‍ എനിക്ക് തോന്നിയില്ല. അതിന്റെ പ്രധാനകാരണം മറ്റൊന്നുമല്ല, ഞാന്‍ ഈ അവസ്ഥയില്‍ നാട്ടില്‍ വന്നാല്‍ എന്തായാലും ക്വാരന്റൈന്‍ ചെയ്യപ്പെടും. ഞാന്‍ കാരണം വീട്ടുകാരും നിരീക്ഷണത്തിലാകും. അതെല്ലാം ഒഴിവാക്കാമെന്ന് കരുതി. മാത്രമല്ല, തിരിച്ചുവരവിന് എന്തെങ്കിലും തടസം നേരിട്ടാല്‍ കോഴ്‌സ് സമയബന്ധിതമായി തീര്‍ക്കാന്‍ സാധിച്ചില്ലെങ്കിലോ എന്ന പേടിയും വന്നു...

...ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണെങ്കില്‍ വളരെ ശ്രദ്ധയാണ്. എല്ലാ ദിവസവും ഞങ്ങളുടെ ആരോഗ്യം പരിശോധിക്കും. ഞങ്ങള്‍ക്കാവശ്യമായ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എല്ലാം ഇവിടെ നിന്ന് നല്‍കുന്നുണ്ട്. വളരെ വൃത്തിയോടെയാണ് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലമെല്ലാം ഇവര്‍ സൂക്ഷിക്കുന്നത്. അധ്യാപകരോ മറ്റ് ജീവനക്കാരോ കൂടെയുള്ളവരോ ആകട്ടെ, വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് അവര്‍ പെരുമാറുന്നത്. പിന്നെ ക്യാംപസിനകത്ത് തന്നെ ഞങ്ങള്‍ക്ക് അവശ്യസാധനങ്ങളൊക്കെ ലഭിക്കുന്നുണ്ട്. അതിന് വേണ്ട സൗകര്യമുണ്ട്. എന്താണ് ആവശ്യമെങ്കില്‍ അത് അറിയിച്ചാല്‍ മതി. താമസസ്ഥലത്തേക്ക് എത്തിച്ചുതരാന്‍ ആളുകളുണ്ട്....

...ഇപ്പോള്‍ 56 ദിവസമായി ക്യാംപസിനകത്തെ ഏകാന്തവാസം തുടങ്ങിയിട്ട്. എനിക്ക് ഇതിലൊരു ബുദ്ധിമുട്ടും തോന്നുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ നമ്മള്‍ പരമാവധി സഹകരിക്കുകയല്ലേ വേണ്ടത്. കൂടെയുണ്ടായിരുന്ന ചൈനക്കാരായ സുഹൃത്തുക്കള്‍ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് കുറേ സമ്മാനങ്ങളൊക്കെ തന്നിരുന്നു. പുതുവര്‍ഷത്തില്‍ അവരുടെ പതിവാണിത്. ഇത്രയും തീവ്രമായ ഒരു അന്തരീക്ഷത്തിലും സ്‌നേഹവും പരിഗണനയും നല്‍കാന്‍ അവര്‍ കാണിച്ച മനസ് ഒരുപാട് പ്രത്യാശ പകര്‍ന്നുതന്നു എന്ന് വേണം പറയാന്‍. ഇതിനിടെ കേരളത്തിലും കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത കേട്ടപ്പോള്‍ വീണ്ടും അല്‍പം ആശങ്കയൊക്കെ തോന്നി. പിന്നെ നിപയെ ഒക്കെ തുരത്തിയതല്ലേ നമ്മള്‍. നമ്മുടെ സര്‍ക്കാരിന് ആ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ ശക്തി കാണുമല്ലോ, എന്തായാലും കേരളം പ്രതിരോധിക്കും എന്ന കാര്യത്തില്‍ ഒരുറപ്പ് തോന്നി...

 

 

...ഏറ്റവും നല്ല പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. മികവ് തെളിയിച്ച ആരോഗ്യപ്രവര്‍ത്തകരും നമുക്ക് സഹായത്തിനുണ്ട്. ഒപ്പം സര്‍ക്കാരും. രണ്ട് പ്രളയം അതിജീവിച്ചവരാണ് നമ്മള്‍. ലോകമൊട്ടാകെ ഇന്ന് ഭയപ്പെടുന്ന കൊറോണയുടെ ഉത്ഭവകേന്ദ്രമായ നഗരത്തിലാണ് ഞാനുള്ളത്. ഞാനിപ്പോഴും ആരോഗ്യവതിയായിരിക്കുന്നു. എനിക്കിവിടെ ആരോഗ്യത്തോടെയിരിക്കാമെങ്കില്‍ തീര്‍ച്ചയായും അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ കേരളത്തിലും എല്ലാവര്‍ക്കും ഇതിനെ അതിജീവിക്കാനാകും...

...ഇവിടെ പതിയെ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. മരണസംഖ്യ കൂടുന്നില്ല. രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നു. പലരും ആശുപത്രി വിട്ട് വരുന്നത് കാണാം. പൊതുസ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കുന്നു അങ്ങനെ പഴയ പ്രബലതയിലേക്ക് വുഹാന്‍ തിരിച്ചുവരികയാണ്. ഇതും കടന്നുപോകും എന്ന് തന്നെയാണ് പ്രതീക്ഷ...''- അനില പറയുന്നു. 

വുഹാനിലെ 'ചൈനീസ് അക്കാദമി ഓഫ് സയന്‍സ്'ന് കീഴിലുള്ള ഹൈഡ്രോബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണവിദ്യാര്‍ത്ഥിയാണ് അനില.