മനുഷ്യ ജീവന്‍ നിലനില്‍ക്കാന്‍ ഭക്ഷണം കഴിച്ചേ മതിയാവു. എന്നാല്‍ ഭക്ഷണം കഴിക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ വലിയ ടെന്‍ഷന്‍ തോന്നിയാലോ? ഈറ്റിങ്ങ് ഡിസോര്‍ഡര്‍ എന്ന അവസ്ഥ ഉള്ളവരില്‍ ഈ പ്രശ്നം കൗമാരത്തിലോ യൗവ്വനത്തിന്‍റെ ആരംഭ ഘട്ടത്തിലോ ആണ് തുടങ്ങുക. 

കണ്ണാടിയില്‍ നോക്കുമ്പോള്‍ എത്ര മെലിഞ്ഞ ആള്‍ക്കും പൊണ്ണത്തടിയുണ്ടെന്ന തോന്നലില്‍ ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കുന്ന രീതി ചിലര്‍ക്കുണ്ട്. ആവശ്യമായ ശരീരഭാരത്തില്‍ കുറവുള്ള അവസ്ഥയിലാണ് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടാകുന്നത് എന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത. 

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായും കണ്ടു വരുന്നത്. ഈ അവസ്ഥ മരണത്തിലേക്കു നയിക്കുന്നതായും കാണാന്‍ കഴിയും. അമിത ഭാരം ഉണ്ട് എന്ന തോന്നലില്‍ അതു കുറയ്ക്കാന്‍ കഴിച്ച ഭക്ഷണം ചര്‍ദ്ദിച്ചു കളയുക, അമിതമായി വ്യായാമം ചെയ്യുക, വിശപ്പു കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുക എന്നീ രീതികള്‍ ഇത്തരം പ്രശ്നമുള്ളവരില്‍ കാണാന്‍ കഴിയും. 

മറ്റു ചിലരില്‍ അമിത വിശപ്പുതോന്നുകയും അമിതമായി ഭക്ഷണം കഴിച്ച ശേഷം ശരീരഭാരം കുറയ്ക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. ശരീരഭാരം വളരെ കുറഞ്ഞിരിക്കുന്നതാണ് അഭികാമ്യം എന്നു ചിന്തിക്കുന്നവരില്‍, മോഡലിംഗ് പ്രൊഫഷനില്‍ ഉള്ളവര്‍ എന്നിവരിലാണ് ഈ അവസ്ഥ അധികമായി കണ്ടുവരുന്നത്‌. 

ചിലരില്‍ മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടാവും ഈ അവസ്ഥ തുടങ്ങുക. ടെന്‍ഷനും വിഷാദവും അനുഭവപ്പെടുന്ന സമയങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന രീതിയും ചിലരില്‍ കാണാറുണ്ട്. ഭക്ഷണക്രമം സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല എന്ന കുറ്റബോധം ഇവരെ കാര്യമായി ബാധിക്കും.

മന:ശാസ്ത്ര ചികിത്സ...

സ്വയം വിലയില്ലായ്മ, പെര്‍ഫെക്ഷനിസം, മാനസിക സമ്മദ്ദം എന്നിവ ഈ പ്രശ്നത്തിന്‍റെ കാരണങ്ങളായി കണ്ടുവരുന്നു.. എന്നതിനാല്‍ ഇവയില്‍ നിന്നും മോചനം നേടാന്‍ വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് ചികത്സയിലൂടെ ഉദ്ദേശിക്കുന്നത്. Cognitive Behaviour Therapy എന്ന ചികിത്സാരീതി വളരെഫലപ്രദമായി ഈ പ്രശ്നത്തെ നേരിടാന്‍ സഹായിക്കും.

കടപ്പാട്:

പ്രിയ വര്‍ഗീസ് (M.Phil MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling available (10am-2pm) Free 15min