നൂറു ശതമാനം പെര്‍ഫെക്റ്റായ വ്യക്തികളില്ല. ‘മെയിഡ് ഫോര്‍ ഈച്ചതര്‍’, ‘സെയിംവേവ് ലെങ്ങ്ത്’ എന്നൊക്കെ പറയുമ്പോഴും അതില്‍ പൂര്‍ണ്ണത ഉണ്ടായിരിക്കുക അല്ല, ജീവിതം തുടങ്ങിയതിനു ശേഷം പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരുകയാണ് അങ്ങനെയുള്ള ഭാര്യാ ഭര്‍ത്താക്കന്മാര്‍ ചെയ്യുക.

വിവാഹം തീരുമാനിച്ചു കഴിഞ്ഞാല്‍ ഉടന്‍ ചില നിബന്ധനകള്‍ വയ്ക്കുന്ന ചിലരുണ്ട്. പ്രതിശ്രുതവധുവിന്‍റെയോ വരന്‍റെയോ ഫേസ്ബുക്ക് പാസ് വേഡ് വാങ്ങുക, എല്ലാ സുഹൃത്തുക്കളുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുക എന്നിവയാണ് ആദ്യം ഇവര്‍ ചെയ്യുക. വിവാഹമെന്നാല്‍ എല്ലാ സൗഹൃദവും, എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് ഭാര്യയോ ഭര്‍ത്താവോ പറയുന്നത് മാത്രം ശ്രദ്ധിച്ചു മുന്നോട്ട് പോകുന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. 

വിവാഹത്തിന്‍റെ ആദ്യകാലങ്ങളില്‍ പരസ്പരം ഈ ആശയം സ്വീകരിക്കുമെങ്കിലും കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഇതൊരു വലിയ പ്രശ്നമായി മാറാനിടയുണ്ട്. തീര്‍ച്ചയായും കുടുംബത്തിനു വേണ്ടി സമയം ചിലവഴിച്ചേ മതിയാകൂ. എന്നാല്‍ അതിനുമപ്പുറം തന്‍റെ ജീവിതത്തിന്‍റെ ഗതി തീരുമാനിക്കാന്‍ അവസരമില്ലാതെ അസംതൃപ്തിയില്‍ കഴിയേണ്ടിവരുന്ന അവസ്ഥ സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ദോഷകരമായി ബാധിക്കും.

ചിന്തിക്കേണ്ട കാര്യങ്ങള്‍

ഒന്ന്...

 പണ്ടു കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവാഹം തീരുമാനിച്ചതിനു ശേഷം ഫോണില്‍ സംസാരിക്കുക ഇപ്പോള്‍ പൊതുവേ എല്ലാവരും ചെയ്യാറുള്ളതാണ്. അങ്ങനെ സംസാരിക്കാന്‍ അവസരം ഉണ്ട് എങ്കില്‍ പരസ്പരം മനസ്സിലാക്കാന്‍ അതുപകാരപ്പെടും. ഓരോരുത്തരും എന്താണ് എന്ന് അവര്‍ പറയുന്ന വാക്കുകളില്‍ നിന്നുതന്നെ കുറെയൊക്കെ മനസ്സിലാക്കാന്‍ കഴിയും. “എനിക്ക് സന്തോഷം തോന്നുന്നില്ല”, “ഞാന്‍ വിളിച്ചപ്പോള്‍ നിന്‍റെ ഫോണ്‍ എന്താ ബിസി ആയിരുന്നെ”- ഇതെല്ലാം തന്നെ പല തവണ കേള്‍ക്കുമ്പോള്‍ ഏകദേശം ആ വ്യക്തിയെ മനസ്സിലാക്കാന്‍ സഹായിക്കും.

രണ്ട്...

 പരസ്പരം എന്തെല്ലാം സമാനതകള്‍ ഉണ്ട് എന്ന് മനസ്സിലാക്കുക. ആശയങ്ങളില്‍ സമാനതകളുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൂന്ന്...

നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ആ വ്യക്തിക്ക് താല്പര്യമുണ്ടോ എന്നു മനസ്സിലാക്കുക. പരസ്പരം ബോറടിപ്പിക്കാതെ സംഭാഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം.

നാല്...

ഉടന്‍ കല്യാണ തീയതി നിശ്ചയിക്കണം എന്ന സാഹചര്യം വരുമ്പോള്‍ അതിന്‍റെ കാരണങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. “എനിക്ക് ആലോചിക്കാന്‍ സമയം കിട്ടിയില്ല, അങ്ങനെയെങ്കില്‍ ഞാന്‍ ഈ വിവാഹത്തിനു സമ്മതിക്കില്ലായിരുന്നു” എന്നെല്ലാം പിന്നീടു പറയേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുക.

അഞ്ച്...

രണ്ടുപേരും ഭാവിയെപ്പറ്റി കാണുന്ന സ്വപ്‌നങ്ങള്‍ പരസ്പരം സംസാരിക്കുക. ഒരാള്‍ ജോലിയില്‍ ഒരുപാടു നേട്ടങ്ങള്‍ സ്വപ്നം കാണുകയും, മറ്റെയാള്‍ പങ്കാളി കുടുംബവുമൊത്തു കൂടുതല്‍ സമയം ചിലവഴിക്കണം എന്നുമാഗ്രഹിക്കുമ്പോള്‍ അവിടെ പരസ്പരം ഒത്തുപോകുന്നതില്‍ പ്രശ്നം നേരിടാം.

ആറ്...

പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്നുണ്ടോ എന്നു പരിശോധിക്കുക. തമാശയ്ക്കപ്പുറം വേദനിപ്പിക്കാനായി കുറ്റപ്പെടുത്തുന്ന രീതി ദോഷം ചെയ്യും.

ഏഴ്...

പരസ്പര വിശ്വാസത്തില്‍ മാത്രമേ മുന്നോട്ടുപോകാനാവൂ. 

എട്ട്...

രണ്ടു പേരുടെയും സ്വഭാവരീതികള്‍ പരസ്പരം മനസ്സിലാക്കി പുതിയ രീതിയില്‍ എങ്ങനെ ജീവിതത്തെ ക്രമപ്പെടുത്താം എന്നു ചര്‍ച്ച ചെയ്യുക. വരുത്തേണ്ട മാറ്റങ്ങള്‍ രണ്ടു പേര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

ഒൻ‌പത്...

    വിവാഹത്തിനു മുന്‍പു കൊടുത്ത വാക്ക് വിവാഹശേഷം പാലിക്കാന്‍ ശ്രമിക്കുക. ഉദാ: ജോലിയില്‍ ട്രാന്‍സ്ഫെര്‍ അപ്ലൈ ചെയ്യാം എന്നു കൊടുത്ത വാക്ക് പിന്നീട് മാറ്റുക എന്നതു തന്നെ പ്രശ്നങ്ങള്‍ക്കു കാരണമായേക്കാം. ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം പറയാന്‍ ശ്രമിക്കുക.

പത്ത്....

കുടുംബ പശ്ചാത്തലങ്ങളെ പരസ്പരം അംഗീകരിക്കാന്‍ കഴിയുന്നോ എന്ന് പരിശോധിക്കുക.

പതിനൊന്ന്...

ഒരുപാടു സമയം പിണങ്ങിയിരിക്കാതെ ക്ഷമിക്കാന്‍ രണ്ടു പേരും പഠിക്കുക.

പന്ത്രണ്ട്...

പങ്കാളിയോടു ദേഷ്യം തോന്നിയാല്‍ അതു നിയന്ത്രിക്കാന്‍ കഴിവുള്ള വ്യക്തിയാണോ എന്നു മനസ്സിലാക്കുക.

പതിമൂന്ന്...

മനസ്സിനിണങ്ങിയ വ്യക്തിയാണ് എന്നു തോന്നിയാല്‍ മാത്രം മുന്നോട്ടുപോവുക. മറ്റുള്ളവരുടെ നിര്‍ബന്ധം മൂലമോ, ശരിയായി ആലോചിക്കാതെയോ തീരുമാനം എടുക്കരുത്.

പതിനാല്...

വിവാഹ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ പരസ്പരം സംസാരിച്ചു രണ്ടുപേരും ചേര്‍ന്നതു പരിഹരിക്കാന്‍ ശ്രമിക്കുക. ‘പെര്‍ഫെക്റ്റ്‌ മാച്ച്’എന്നത് വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടു വ്യത്യസ്ത വ്യക്തികള്‍ ഒന്നായി തീരാനുള്ള പരിശ്രമത്തിലൂടെ സാധ്യമാകുന്ന ഒന്നാണ്. പരസ്പരം സമയം കണ്ടെത്തുക, പരസ്പരം കേള്‍ക്കുക, ശ്രദ്ധിക്കുക എന്നിവയാണ് അതു സാധ്യമാക്കാന്‍ സഹായിക്കുന്ന വഴികള്‍.

കടപ്പാട്; 

പ്രിയ വര്‍ഗീസ് (M.Phil MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone/online counselling available (10am-2pm)