സെപ്റ്റംബര്‍ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനം. ലോകത്താകമാനം എട്ടു ലക്ഷംപേര്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നു. ഓരോ നാല്പതു നിമിഷത്തിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 15-29 വയസ്സിനിടയില്‍ പ്രായമുള്ളവരുടെ മരണങ്ങളുടെ രണ്ടാമത്തെ കാരണം ആത്മഹത്യയാണ്. കുടുംബ പ്രശ്നങ്ങളോ രോഗങ്ങളോ ആണ് ആത്മഹത്യ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്കുകള്‍ തെളിയിക്കുന്നത്.

ആത്മഹത്യയുടെ കാരണങ്ങള്‍ - ചില ഉദാഹരണങ്ങള്‍

ഞാന്‍ ജോലി ചെയ്തിരുന്ന മെഡിക്കല്‍ കോളേജിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി വിഷാദരോഗവുമായി ബന്ധപ്പെട്ട ഒരു പഠനം നടത്താന്‍ സഹായം ആവശ്യപ്പെട്ടു വരികയുണ്ടായി. പഠനം നടത്തുന്ന രീതികളെപ്പറ്റി മനസ്സിലാക്കാന്‍ ചില പുസ്തകങ്ങള്‍ വാങ്ങി പോയതിനു ശേഷം കുറേ ദിവസം അദ്ദേഹത്തെ പിന്നെ കണ്ടില്ല. രണ്ടാഴ്ചയ്ക്കുശേഷം ഒരു ദിവസം വന്ന് പുസ്തകങ്ങള്‍ എല്ലാം സ്റ്റാഫിനെ ഏൽപിച്ച് ഞങ്ങളെ ആരെയും കാണാതെ അവിടുന്നു പോയി. 

ഒരാഴ്ച കഴിഞ്ഞു ഞങ്ങള്‍ അറിയുന്നത് ആ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു എന്നാണ്. പരീക്ഷയിലെ തോല്‍വി, വീട്ടിലെ പ്രശ്നങ്ങള്‍ ഒക്കെ വളരെ മോശമായ നിലയില്‍ തന്നെ ബാധിച്ചിരുന്നു എന്ന് ഒരിക്കല്‍ പോലും ആരോടും തുറന്നു പറയാന്‍ ആ വിദ്യാര്‍ത്ഥി തയ്യാറായില്ല.

എല്ലായ്പോഴും ഉള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന വിഷാദം ആളുകളുടെ മുഖത്തു പ്രകടമാകണം എന്നില്ല. പുറമേ സന്തോഷവന്മാരായി കാണപ്പെടുന്ന smiling depression എന്ന അവസ്ഥ. ഞാന്‍ വിഷാദം അനുഭവിക്കുന്നു എന്നു പറയുന്നത് വലിയ നാണക്കേടായി നമ്മുടെ സമൂഹം കാണുന്നു എന്നുള്ളതാണ് ഇതിനു കാരണം. 

പലപ്പോഴും നാം കേട്ടു വരുന്ന ഒരു രീതിയാണത്. “നമ്മുടെ ദുഃഖങ്ങള്‍ ആരോടും തുറന്നു പറയരുത്. എല്ലാം ഉള്ളില്‍ ഒതുക്കണം”. മനസ്സു വിഷാദം അനുഭവിക്കുന്ന സമയത്ത് “എന്നെ ആര്‍ക്കും വേണ്ട, ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല, എന്‍റെ ജീവിതം ഇനി ഒരിക്കലും ശരിയാവില്ല, ഞാന്‍ പൂര്‍ണ്ണ പരാജയമാണ്” എന്നെല്ലാമുള്ള തോന്നല്‍ മാത്രമേ നമുക്കു മനസ്സിലേക്കു വരൂ. 

എന്നാല്‍ അങ്ങനെ അല്ല, ജീവിതം മെച്ചപ്പെടുത്തിയെടുക്കാന്‍ കഴിയും എന്ന തോന്നല്‍ വരാന്‍ ഒരു നിമിഷം നമ്മുടെ ദുഃഖങ്ങള്‍ ആരോടെങ്കിലും ഒന്നു തുറന്നു പറഞ്ഞാല്‍ മാത്രം മതിയാകും എന്ന സന്ദേശം ചെറുപ്പം മുതലേ ഓരോ കുട്ടികള്‍ക്കും പകര്‍ന്നു കൊടുക്കാന്‍ നമുക്കാവണം. ഒരു പരാജയമെന്നാല്‍ ജീവിതം അവിടെ അവസാനിക്കുകയല്ല എന്ന് ചിന്തിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം.

നമ്മള്‍ ആരും തന്നെ, ഇതെഴുതുന്ന ഞാന്‍ തന്നെയും ‘സ്ട്രെസ് പ്രൂഫ്‌’ അല്ല. ടെന്‍ഷന്‍, സങ്കടം ഇതെല്ലാം നമുക്കെല്ലാവര്‍ക്കും എപ്പോഴെങ്കിലും ഒക്കെ അനുഭവപ്പെടും. എന്നാല്‍ അതില്‍ നിന്നും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങി വരുക എന്നതാണ് പ്രധാനം. 

ജീവിതത്തില്‍ സ്വയം വിലയുണ്ടാക്കി എടുക്കുക, ജീവിതത്തിന് അര്‍ത്ഥമുണ്ടെന്നു തോന്നാന്‍ സന്തോഷം നല്‍കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക, നമ്മുടെ മനസ്സു വേദനിപ്പിക്കുന്ന ആളുകളില്‍ നിന്നും അകലം പാലിക്കുക എന്നിവയെല്ലാം അതിനു നമ്മെ സഹായിക്കുന്ന കാര്യങ്ങളാണ്. നിങ്ങളെ ഏതെങ്കിലും ഒരു വ്യക്തി അവഗണിക്കുന്നു എങ്കില്‍ അതൊരു വ്യക്തി മാത്രമാണ്, ഈ ലോകം മുഴുവനുമല്ല.

ഒരാള്‍ ഒരു പെണ്‍കുട്ടിയുടെ കാര്യം പറയുകയുണ്ടായി. കുടുംബ സാഹചര്യമാണ് അവളുടെ വിഷാദത്തിനു കാരണം. അദ്ദേഹം ചോദിച്ചത് അത് അവളുടെ വീട്ടിലെ പ്രശ്നങ്ങള്‍ അല്ലെ, അതു വല്ലതും ചികിത്സയിലൂടെ മാറ്റാന്‍ കഴിയുമോ എന്നാണ്. വീട്ടിലുള്ള വരെ പൂര്‍ണ്ണമായും പറഞ്ഞു മനസ്സിലാക്കി കുടുംബ സാഹചര്യം മാറ്റാന്‍ ആ സമയം സാധ്യമായില്ല എങ്കിലും ചികിത്സ തേടിയ ആ പെണ്‍കുട്ടിയെ സഹായിക്കാന്‍ സാധ്യമാണ്. 

അവള്‍ക്ക് ആ സമയം ഒരു ജോലി ഉണ്ടായിരുന്നു. ചെന്നൈയിലായിരുന്നു അപ്പോള്‍ താമസം. അവളെ വിഷാദം നിറഞ്ഞ ചിന്തകളില്‍ നിന്നും രക്ഷപെടുത്താനും, ലക്ഷ്യ ബോധം ഉള്ളവളാക്കി മാറ്റാനും അപ്പോള്‍ കഴിഞ്ഞു. സാഹചര്യം അങ്ങനെയാണ് പക്ഷെ ആ അവസ്ഥയിലും എനിക്ക് എന്‍റെ ജീവിതം എങ്ങനെ രക്ഷപെടുത്തിയെടുക്കാം എന്ന ഒരു ചിന്ത മാത്രം മതി ജീവിതത്തില്‍ അത്ഭുതങ്ങള്‍ നടക്കാന്‍.

തുറന്നു പറയാന്‍ നമുക്കു ശീലിക്കാം. മരണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വ്യക്തി ആരെങ്കിലും എന്നെയൊന്നു സഹായിക്കൂ എന്ന അപേക്ഷയാണ് യഥാര്‍ത്ഥത്തില്‍ നടത്തുന്നത്. പലപ്പോഴും എല്ലാമവരും തുറന്നു പറഞ്ഞുവെന്നു വരില്ല.  മരിക്കാന്‍ തീരുമാനിച്ചശേഷം അതുവരെ നിധിപോലെ കാത്തു സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ ആര്‍ക്കെങ്കിലും കൈമാറാം, ഫേസ്ബുക്കില്‍ മരണവുമായി ബന്ധപ്പെട്ട പോസ്റ്റുകളിടാം, വലിയ കുറ്റബോധം തോന്നുന്നു എന്നു പറഞ്ഞെന്നു വരാം, അപകടകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം. ഇങ്ങനെ എന്തെങ്കിലും ലക്ഷണങ്ങള്‍ നമ്മുടെ സുഹൃത്തുക്കളിലോ കുടുംബാങ്ങളിലോ ഉള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ നമുക്കതു ​ഗൗരവമായി എടുക്കാം.

കടപ്പാട്: 

പ്രിയ വര്‍ഗീസ് (M.Phil MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Telephonecounselling available(10am-2pm)Free 15min