കൽബുർ​ഗി: പതിനാല് വർഷത്തെ ജയിൽജീവിതത്തിനാണ് സുഭാഷ് പാട്ടീല്‍ എന്ന യുവാവ് ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ സുഭാഷിന്‍റെ ഏറ്റവും വലിയ ആഗ്രഹത്തെ തടവിലാക്കാനുള്ള ശക്തി ജയിലഴികള്‍ക്കുണ്ടായിരുന്നില്ല. കർണാടകത്തിലെ കൽബുർ​ഗി അഫ്സൽപുര സ്വദേശി സുഭാഷ് പാട്ടീൽ എന്ന നാൽപത് വയസ്സുകാരൻ ഇന്ന് ഡോക്ടറാണ്. 1997 ൽ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കൊലപാതക കേസിൽ സുഭാഷ് ജയിലിലാകുന്നത്. ജീവപര്യന്തം തടവിനായിരുന്നു ഇയാൾ ശിക്ഷിക്കപ്പെട്ടത്. 

''1997 ലാണ് ഞാൻ എംബിബിഎസ് പഠനത്തിന് പ്രവേശിച്ചത്. 2002 ൽ കൊലപാതക കേസിൽ ഞാൻ ജയിലിലായി. ജയിലിലെ ഔട്ട് പേഷ്യന്റ് ‍ഡിപ്പാർട്ട്മെന്റിൽ ഞാൻ ജോലി ചെയ്തിരുന്നു. പിന്നീട് 2016 ല്‍ ഞാൻ ജയിലില്‍ നിന്നും മോചിതനായി. ജയിലിലെ നല്ല പെരുമാറ്റത്തിന്‍റെ പേരിലാണ് എന്നെ പുറത്ത് വിട്ടത്.'' സുഭാഷ് പറയുന്നു.  മൂന്നാം വർഷം പഠിച്ചുകൊണ്ടിരുന്ന സമയത്താണ് സുഭാഷിന് ജയിലിലാകേണ്ടി വന്നത്. പുറത്തിറങ്ങിയതിന് ശേഷം  2019 ൽ എംബിബിഎസ് പഠനം പൂർത്തിയാക്കി. ഈ മാസം ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കി എംബിബിഎസ് ബിരുദം നേടാനൊരുങ്ങുകയാണ് സുഭാഷ് പാട്ടീൽ.

ചെറുപ്പം മുതലേയുള്ള തന്റെ ആ​ഗ്രഹമായിരുന്നു ഡോക്ടറാകുക എന്നുള്ളതെന്ന് സുഭാഷ് പാട്ടീൽ പറയുന്നു. 2016 ൽ ജയിലിലെ നല്ല പെരുമാറ്റവും സ്വഭാവവും പ്രകടിപ്പിച്ചതിനെ തുടർന്ന് സ്വാതന്ത്ര്യ ദിനത്തിൽ സുഭാഷിനെ ജയിലിൽ നിന്നും സ്വതന്ത്രനാക്കുകയായിരുന്നു.