ലഖ്‌നൗ : വിജയദശമി നാളിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ചിത്രം വൈറലായിരിക്കുകയാണ്. കാണുന്നവരുടെ മനസ്സിൽ നേരിയ  ഒരു പുഞ്ചിരി പൊടിപ്പിക്കാൻ ഈ ചിത്രത്തിനാവുന്നുണ്ട് എന്നതുകൊണ്ടാണ് അത് ഇത്ര വൈറലാകുന്നത്. കാണുന്നവർ കാണുന്നവർ പലജാതി കമന്റുകളിട്ടും ചിത്രത്തെ അനുഗ്രഹിക്കുന്നുണ്ട്. ഇങ്ങനെ ഭർത്താവിന്റെ തോളത്തിരുന്ന് 'രാവണദഹനം ' ചടങ്ങ് കാണുന്ന ഭാര്യയുടെ ഈ ചിത്രം എവിടെ നിന്നാണ് അപ്‌ലോഡ് ചെയ്തത് എന്നത് വ്യക്തമല്ല. 

ഏതോ ഒരു മേളയാണ് രംഗം. നാലുപാടും തിരക്കോടു തിരക്കാണ്. അതിനിടെ ഭാര്യക്ക് രാവണന്റെ പ്രതിമയിൽ തീയമ്പെയ്ത് അതിനെ ഇരിക്കുന്ന രംഗം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അത് ഭർത്താവിനോട് സൂചിപ്പിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, ആശാൻ തന്റെ ഭാര്യയെ നേരെ തോളത്തുകയറ്റി ഇരുത്തി. ഈ ദമ്പതികൾക്കിടയിലുള്ള അപൂർവമായ ഈ സ്നേഹപ്രകടനം കണ്ട് മനം കുളിർത്ത ഏതോ ഒരു അപരിചിതനാണ് പിന്നിൽ നിന്ന് ഈ ചിത്രമെടുത്തതും, സാമൂഹ്യമാധ്യമങ്ങളിലൂടെ അതിനെ വൈറലാക്കിയതും. 

ഏതോ ഗ്രാമത്തിലേതാണ് ദൃശ്യമെന്നാണ് ഫോട്ടോയിലെ വിശദാംശങ്ങളിൽ നിന്ന് അനുമാനിക്കാനാവുന്നത്. എന്തായാലും, ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള അടുപ്പം അന്യം നിന്നുകൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്  മനസ്സിന് കുളിരുപകരുന്ന ഒരു ദൃശ്യമാണ്, ഈ നിരുപാധികസ്നേഹത്തിന്റെ പ്രകടനം.