Asianet News MalayalamAsianet News Malayalam

ഫ്‌ളാറ്റിലെ പ്രാവുകള്‍, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Devan Ayyangeril
Author
First Published Jul 26, 2023, 5:37 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam  short story by Devan Ayyangeril


പൊത്തുകളില്‍ ജീവിക്കുന്ന രണ്ടിനം ജീവികളെക്കുറിച്ചാണ് ഞാനിന്നു പറയുവാന്‍ പോകുന്നത്. ജീവികളില്‍ താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ക്കിതിപ്പോഴേ മടക്കാം, ഓഫ് ചെയ്യാം അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാം. 

എന്തായാലും കുറച്ചെങ്കിലും വായിച്ചാല്‍ കുറുന്തോട്ടിപോലെയോ ആട്ടിന്‍ സൂപ്പുപോലെയോ ഗുണം ചെയ്യുമെന്നുറപ്പ്. വായിക്കാന്‍ തുടങ്ങിയിട്ട് ഉടനെ നിര്‍ത്തിയ ഒരു മദാമ്മയുടെ ഫോണിന്റെ ഡിസ്‌പ്ലേ അടിച്ചു പോയി. ഇത് ഫോര്‍വേഡ് ചെയ്യാതിരുന്ന ഒരു പത്രക്കാരിയെ നിസ്സാര കാര്യത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇത് പന്ത്രണ്ടു പേര്‍ക്ക് ഷെയര്‍ ചെയ്ത യുവതിക്ക് കൂര്‍ക്കംവലിയില്‍ ഗ്രാമി അവാര്‍ഡ് ലഭിച്ചു.  കൂടാതെ ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം ഹൈക്ലാസ്സ് ആയതിനാല്‍ നിങ്ങള്‍ ലോക്ലാസ്സ് ആണെങ്കില്‍ നിങ്ങള്‍ക്കിത് വായിക്കാതെ മടക്കി വയ്ക്കാം. (നിങ്ങള്‍ പെട്ടു. ലോക്ലാസ്സ് ആണന്നു സമ്മതിക്കുന്നതിലും ഭേദം മൃത്യു തന്നെ.)

'ലോ സ്റ്റാറ്റസ് മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം' എന്നാണു ഖലീല്‍ ജിബ്രാന്‍ പറഞ്ഞിരിക്കുന്നത്. പുള്ളിയത് പറഞ്ഞോ ഇല്ലയോ എന്നുള്ളതല്ല. കക്ഷിയാണ് ഇമ്മാതിരി തത്വങ്ങളുടെ അവസാന വാക്ക്.  ഇതിനായി ഒരു ഗൂഗിള്‍ സെര്‍ച്ചൊന്നും വേണ്ട. 

ആദ്യം ഞങ്ങളെക്കുറിച്ചു പറയാം. സാദാ പീപ്പിള്‍സ് ഞങ്ങളെ ഹോമിംഗ് പീജന്‍സ് എന്നും സാധാരണക്കാരല്ലാത്ത ന്യൂയോര്‍ക്കേഴ്സ് ഞങ്ങളെ 'ഫ്‌ളയിങ് റാറ്റ്‌സ്' എന്നും വിളിക്കുന്നു. സംഗതി ഒരു പരിധിവരെ ശരിയാ. കേരളത്തിലെ 'ഫ്‌ളയിങ് സ്‌ക്വാഡു'കാരെപ്പോലെ ഞങ്ങളും റോഡ് സൈഡിലൊക്കെ ചുമ്മാ അങ്ങിരിക്കും. വി ഐ പികള്‍ വരുമ്പോള്‍മാത്രം ഞങ്ങള്‍ പറക്കും. പക്ഷെ നിങ്ങളൊക്കെ ഇന്റര്‍നെറ്റില്‍ ചാറ്റാന്‍ തുടങ്ങുന്നതിനും വളരെമുമ്പേ ലോകത്തിനു വാര്‍ത്തയെത്തിച്ചവരാണ് ഞങ്ങള്‍. റോയിട്ടേഴ്‌സില്‍ ഞങ്ങള്‍ നാല്പത്തിയാറുപേര്‍ ജോലിചെയ്തിരുന്നു. 'എയര്‍ മെയ്ല്‍' എന്ന് ആദ്യം വിളിക്കപ്പെട്ടത് ഞങ്ങളെയാണ്. പാവം ഗള്‍ഫുകാരന്‍ എയര്‍മെയിലില്‍ ഭാര്യക്ക് അബുദാബിക്കത്ത് എഴുതാന്‍ തുടങ്ങുന്നതിന് എത്രയോ മുന്‍പ്. മാഗ്നെറ്റോ റിസപ്ഷന്‍ ഉപയോഗിച്ച് ആയിരത്തെണ്ണൂറ് കിലോമീറ്റര്‍ വരെ പുട്ടുപോലെ പറന്നിട്ടുണ്ട് ഞങ്ങളുടെ പുട്ടുവീട്ടില്‍ എട്ടുപ്രാക്കള്‍. കൂടാതെ ഖുശ്ബുവിന് തമിഴര്‍ അമ്പലം പണിതപോലെ ഞങ്ങള്‍ക്കും 'പ്രാവച്ചമ്പലം' പണിതവരാണ് മലയാണ്മവാണ പൊന്നുതമ്പ്രാക്കള്‍. (ഇങ്ങനെയാണല്ലോ ഹിസ്റ്ററി ഈസ് ബില്‍റ്റ് ). ഞങ്ങളുടെ ഇമ്പ്രെസീവ് സ്റ്റേറ്റസ് എസ്റ്റാബ്ലിഷ് ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഈ കഥ നിങ്ങള്‍ വായിക്കും എന്നെനിക്കുറപ്പാണ്. 

സോ...

ഫ്‌ളാറ്റില്‍ പന്ത്രണ്ടാം നിലയില്‍ ജീവിതം സുന്ദരസുരഭിലമാണ്. മറ്റു ജീവികളെ ഒന്നും കാണണ്ട, അഥവാ കണ്ടുകൂടാ. രണ്ടു ലിഫ്റ്റുണ്ട് മുകളിലേക്ക്. അതുകൊണ്ട് താഴേക്കുള്ള പതനവും അയത്‌നലളിതം. നടപ്പുദീനമൊന്നും പിടിപെടാത്തതുകൊണ്ട് കുറച്ചു വയറും കൊളസ്‌ട്രോളും പാകത്തിന് പഞ്ചസാരയും കോമണ്‍ ആണെന്നു കൂട്ടിക്കോളൂ.

ഇവിടെ കറണ്ടുപോയാല്‍ ഒരു കോലാഹലമാണ്. കെയര്‍ടേക്കറുടെ അന്ത്യം കണ്ടേ അന്തേവാസികള്‍ അടങ്ങൂ. ഫാനുകളുടെ കറക്കവും എസിയുടെ മുരള്‍ച്ചയും ആണ് ഇവിടെ ഓംകാരം. 

ഓരോ നില വൃത്തിയാക്കാനും കുറെ പെണ്‍മനുഷ്യര്‍ വരുമിവിടെ. ചീഞ്ഞ പച്ചക്കറിയും, കീറിയ ചാക്കും, ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുമെല്ലാം അവര്‍ വെവ്വേറെ കുട്ടകളിലാക്കി ശ്രദ്ധാപൂര്‍വം എടുത്തുകൊണ്ടുപോകും. എന്നിട്ടു വളരെ ശ്രദ്ധാപൂര്‍വം മൈനസ് ത്രീയില്‍ കൂട്ടിയിട്ടു കത്തിക്കും.

വെവ്വേറെ ശേഖരിക്കുന്നതുകൊണ്ട്, ആദ്യം പ്ലാസ്റ്റിക് കുപ്പികള്‍, ബാറ്ററികള്‍ തുടങ്ങിയവ, പിന്നെ  പച്ചക്കറി, പഴം, അതിനുമുകളില്‍ പഴയ തുണികള്‍ കടലാസ് എന്നിങ്ങനെ ഇടുന്നതുകൊണ്ട് നന്നായി കത്തിക്കോളും എന്നാണു പെണ്‍മനുഷ്യര്‍ പറയുന്നത്. ബ്രഹ്മാപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പരിശീലനം ലഭിച്ചവരായതുകൊണ്ട് ഇവരുടെ മാലിന്യ നിര്‍മാര്‍ജന നൈപുണ്യത്തിന് പത്തര മാറ്റാണ് എന്നതില്‍ ഒരു സംശയവും വേണ്ടതന്നെ.
ഫ്‌ളാറ്റിലുള്ളവര്‍ക്ക് വെളിയില്‍നിന്നുള്ള ചൂട്, സൂര്യപ്രകാശം, ചന്ദ്രപ്രകാശം, നക്ഷത്രത്തിളക്കം, അസ്തമയാകാശത്തിന്റെ അരുണിമ, കുരയ്ക്കുന്ന പട്ടി, തോന്നിയവരെയൊക്കെ കടിക്കുന്ന കുരക്കാത്ത പട്ടി, അമ്പലം, പള്ളി, ക്ലബ് പിരിവുകാര്‍, സ്വന്തം ഫ്‌ളെക്‌സ് വെപ്പുകാര്‍ തുടങ്ങിയ സമുദായോദ്ധാരകരെ പേടിക്കേണ്ടതില്ല. കാറ്റും വെളിച്ചവും കടക്കാത്ത പൊത്തുകളില്‍ പുറത്തൊരു പെട്ടിവച്ചു അകത്തേക്ക് തണുത്ത കാറ്റടിപ്പിച്ച്, അവരങ്ങനെയിരിക്കും, കിടക്കും, ചാറ്റിങ്ങും ചീറ്റിങ്ങുമായി. പരസ്പരം ചീറ്റിയതിനെക്കുറിച്ചാവാം ചാറ്റിങ്,  ഇനി ചീറ്റിയേക്കാം എന്നതിനെക്കുറിച്ചാവാം ചാറ്റിങ്. ഇതിനും പുറമെ വൈകുന്നേരങ്ങളില്‍  ഒരു പെട്ടി തുറന്നുവച്ച് ചാറ്റല്‍ തൊഴിലാളികള്‍ നടത്തുന്ന ചറപറാ ചാറ്റുകളും കണ്ടു സുഖിച്ചു തിമര്‍ത്ത് വാഴുന്നു പൊത്തിലെ ജീവികള്‍.

അവര്‍ ഇടയ്ക്കു ജനാലയുടെ ഓരത്ത് വെളിയിലിരിക്കുന്ന ശീതീകരണപ്പെട്ടിമേല്‍ മാനം നോക്കിയിരിക്കുന്ന എന്നെ ശൂ ശൂ എന്നുപറഞ്ഞു 'ഓടിക്കാന്‍'നോക്കും. 'പറപ്പിക്കാന്‍'എന്നുവേണം പറയാന്‍. ചാറ്റിച്ചാറ്റി നുറോണ്‍സിനൊക്കെ കേടുവന്നതുകൊണ്ടാവാം പറക്കുന്ന എന്നെ 'ഓടിക്കാന്‍' അവര്‍ ശ്രമിക്കുന്നത്. 'ആ പ്രാവിനെ ഓടിച്ചുവിട്' എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ചിരിച്ചുകൊണ്ട് ഞാന്‍ അടുത്ത അപ്പാര്‍ട്മെന്റിന്റെ അല്ലെങ്കില്‍ കുളിമുറിയുടെ സൈഡിലേക്കൊന്നു നീങ്ങിയിരിക്കും. എന്നിട്ടകത്തേക്കു നോക്കും. അവിടെ ഏതോ പരദേശി തേച്ചു വടിയാക്കി കൊണ്ടുവരുന്ന വസ്ത്രങ്ങള്‍ ലിവിങ്റൂമിലെ സോഫയില്‍ ഇരുപ്പുണ്ടാവും. അത്ര 'ഗ്ലാമറില്ലാത്ത' ഒരു സ്ത്രീ മനുഷ്യന്‍ ഇപ്പോഴും എന്തെങ്കിലുമൊക്കെ വേവിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ തൂത്തുതുടയ്ക്കും.

പല പൊത്തുകളില്‍ ഇരിക്കുന്ന വിവിധ മനുഷ്യര്‍ കൊത്തിപ്പെറുക്കാന്‍ ഇഷ്ടമുള്ളപ്പോഴൊക്കെ പുറത്തുവന്നു ഒരു മേശക്കുചുറ്റുമിരുന്നു കൊത്തിപ്പെറുക്കും, പരസ്പരം കൊത്തിപ്പറിക്കും. പിന്നെയും പൊത്തുകളില്‍ കയറി ഒന്നുകില്‍ ചാറ്റും അല്ലങ്കില്‍ ചീറ്റും.

ഈ പൊത്തുകളില്‍ പലഭാഗത്തും ഇവര്‍ തിന്നാനും കുടിക്കാനും കൊള്ളാത്ത കൊറേ സാധനങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ചിലപ്പോള്‍ അവയെല്ലാം തുറന്നു നോക്കും. മിക്കപ്പോഴും വെറും കടലാസു കെട്ടുകളാണവ. എന്നും രാവിലെ ഒരു മനുഷ്യന്‍ അനവരതം പടികള്‍ കേറി കടലാസു കെട്ടുകള്‍ കൊണ്ടുവന്ന് ഓരോനിലയിലും വിതരണിച്ചിട്ടു പോകും. പൊത്തിലെ ചില മനുഷ്യര്‍ അതില്‍ കുറേനേരം നോക്കിയിരിക്കും. പിന്നെ ഒരേറാ, ചവറ്റുകൂട്ടയിലേക്ക്. പാവം പത്രക്കടലാസ്. ഇതിന്റെ പേരില്‍ എന്തല്ലാം പൊല്ലാപ്പാ. ഇതില്ലായിരുന്നെങ്കില്‍ ഈ പുരി പ്രോജ്വലമായി പരിലസിച്ചേനെ എന്ന് ഒരു കൂട്ടര്‍. നാലാമത്തെ എസ്റ്റേറ്റിന്റെ ഓണറാ ഈ പത്രക്കാരന്‍ എന്ന് വേറൊരു കൂട്ടര്‍. ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കുന്ന കുറെ ആളുകള്‍ കേമറയും പിടിച്ചു എല്ലാടത്തും ഓടിനടക്കും, ആവശ്യമില്ലാത്ത ചോദ്യങ്ങളുമായി. അതില്‍ കൊറേ എണ്ണത്തിനെ ഇടക്കൊക്കെ പിടിച്ചു ഫ്രീ ഫുഡും കൊടുത്തു അഴികളുള്ള പൊത്തിലിടും. എന്നാലും ഇറങ്ങിവന്നു പിന്നേം ചോദിക്കും ഒരുനൂറ് ചോദ്യങ്ങള്‍. ന്യൂയിസന്‍സ്. ഞങ്ങളെപ്പോലെ ഒരേ തൂവല്‍ പക്ഷികളൊന്നുമല്ല ഈ ചോദ്യക്കാര്‍. അതുകൊണ്ടു പരസ്പരം കൊത്തിക്കീറും, പാരേം പണിയും, പണിയും വാങ്ങിക്കും. 

അതുപോട്ടെ നമുക്ക് ഫ്‌ലാറ്റിലേക്ക് വരാം.

പെട്ടികളിലിരിക്കുന്ന കടലാസു കഷണങ്ങളിലാണെന്നു തോന്നുന്നു ഇവരില്‍ ചിലരുടെ  ആത്മാക്കളെ സന്നിവേശിപ്പിച്ചുവച്ചിരിക്കുന്നത്, ഹാരിപോട്ടറിലെ ഹോര്‍ക്രക്‌സുകള്‍പോലെ. ഇന്നത്തെ ചാറ്റിങ്ങും കൊത്തിപ്പറിക്കലും ഈ കടലാസുകഷണങ്ങള്‍ ആരുടെതെന്നതിനെ ചൊല്ലിയായിരുന്നു. ഈ കടലാസു കഷണങ്ങളിലും, മിന്നുന്ന ലോഹക്കഷണങ്ങളിലും, പരദേശി വടിയാക്കിയ പുടവകളിലും നോക്കി പൊത്തുനിവാസികള്‍  കോള്‍മയിര്‍ കൊള്ളുന്നത് എത്രയോ തവണ ഞാന്‍ ജനലിലൂടെ കണ്ടിരിക്കുന്നു. ഒരിക്കലെങ്കിലും ഇവര്‍ക്ക് ജനലിലൂടെ പുറത്തേക്കു ഒന്ന് നോക്കരുതോ എന്ന് എത്രയോ തവണ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. 

ഇവിടെ സൂര്യന്‍ ഉദിക്കും മുന്‍പേ മഞ്ഞിന്റെ നേര്‍ത്ത കണങ്ങള്‍ കറുകയോടും കണിക്കൊന്നയോടും കിന്നാരം പറയാറുണ്ട്, ഉദയത്തില്‍ ഓരോ കറുകനാമ്പിലും കുഞ്ഞുസൂര്യന്മാര്‍ പുഞ്ചിരിച്ചെത്താറുണ്ട്. അപ്പോഴാണ് ചിറകു കുടഞ്ഞു ഞങ്ങളൊക്കെ ഒന്ന് പറക്കാറ്. വാനം, അന്തമില്ലാത്ത നീലിമ, അതിനുമപ്പുറം സഹ്യാദ്രി നീലിച്ചു പന്തലിച്ചു കിടക്കുന്നു, കോട്ടപോലെ. അതിനുമപ്പുറം വീണ്ടും നീലാകാശം. കാക്കയും പരുന്തും വണ്ണാത്തിക്കിളികളും ആകാശംനിറയെ പറക്കുന്നുണ്ടങ്കിലും ഞങ്ങള്‍ക്കെല്ലാമുള്ള ധാന്യമണികള്‍ ഇവിടെ വേണ്ടുവോളമുണ്ട്. മനുഷ്യന്മാര്‍ വലിച്ചെറിഞ്ഞ കടലാസുകഷണങ്ങളിലൊന്നില്‍ ജെയിംസ് വെബ് അയച്ചുകൊടുത്ത പ്രപഞ്ചത്തിന്റെ പുതിയ ചിത്രങ്ങള്‍. മനോഹരങ്ങളില്‍ മനോഹരങ്ങളായ വര്‍ണനിബിഡതയുടെ പ്രഘോഷണങ്ങള്‍. അന്തിയായാല്‍ ഞങ്ങള്‍ക്ക് പ്രത്യേകം ആഘോഷമാണ്. ഒരു ദിവസം വിജയകരമായി സമാപിച്ചതിന്റെ ഉത്സാഹവിളംബരം ഞങ്ങളെല്ലാം കൂടി നടത്തും. തലകീഴായി കിടക്കുന്ന വവ്വാലുകള്‍ പോലും അപ്പോള്‍ പറന്നു വരും, അസ്തമയ സൂര്യനൊരു സലാം പറയാനും ഞങ്ങളെയൊക്കെയൊന്ന് കാണാനും.

കഷ്ടമെന്നു പറയട്ടെ ഈ സമയത്തും പൊത്തിലെ ജീവികള്‍ ഒരു തിളങ്ങുന്ന പെട്ടിയുടെ മുന്‍പില്‍ പോയിരുന്ന് ചര്‍ച്ച തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഞങ്ങളുടെ ഭാഷ ഇവര്‍ക്കറിയാമായിരുന്നെങ്കില്‍ ഞാനവരോട് പറഞ്ഞേനെ, പ്ലീസ് ദിവസം മുഴുവന്‍ നിങ്ങളുടെ പൊത്തിന്റെ നാല് ഭിത്തികള്‍ക്കുള്ളില്‍ തടവുകാരാകാതെ ഒന്ന് പുറത്തു വന്നുകൂടെ? ഈ നീലാകാശത്തിലേക്കു ഒന്ന് നോക്കിക്കൂടെ? രാത്രി നക്ഷത്ര വെളിച്ചത്തില്‍ ഒരു പുതിയ സ്വപ്നം കണ്ടുകൂടെ? കണ്ണുകള്‍ പാതിമാത്രം തുറന്ന് അകത്തേക്കുനോക്കാതെ കണ്ണുകള്‍ മുഴുവന്‍ തുറന്നു പുറത്തേക്കു നോക്കിക്കൂടെ?

പിന്നെ ഞാന്‍ കണ്ടു, പ്രാണന്‍പോലെ പ്രമാണം സൂക്ഷിക്കുന്ന മനുഷ്യനെ ഒരുനാള്‍  വെള്ളത്തുണി മാത്രം പുതപ്പിച്ചു മൂക്കില്‍ രണ്ടു മഞ്ഞില്‍ ശകലങ്ങള്‍ കയറ്റിവച്ചു എടുത്തുകൊണ്ടുപോകുന്നു. ഹൊറിസോണ്ടല്‍ എക്‌സിറ്റ് ചെറിയ ലിഫ്റ്റില്‍ സാദ്ധ്യമല്ലാത്തതിനാല്‍ വെര്‍ട്ടിക്കലായാണ് ആ പുമാന്‍ പോയത്. സത്യത്തില്‍ ഞാനൊന്നു ചിരിച്ചുപോയി. മൂക്കില്‍ പഞ്ഞിവച്ചു എഴുന്നേറ്റു നിന്നുള്ള ആ പോക്കുകണ്ടാല്‍ ആരാ ചിരിക്കാത്തത്. സോറി. പരദേശി വടിയാക്കി കൊണ്ടുവരുന്ന ഒരുടുപ്പെങ്കിലും ചാര്‍ത്താമായിരുന്നില്ലേ അദ്ദ്യത്തിന്? അദ്ദ്യം നിരന്തരം കണ്ടുകൊണ്ടിരുന്ന പ്രമാണക്കെട്ടില്‍ നിന്ന് ഒരു കടലാസെടുത്തു മൂക്കില്‍ തിരുകാമായിരുന്നു. അതുമില്ല. അവസാനം മൂക്കില്‍ തിരുകാന്‍ പോലും കൊള്ളാത്ത കടലാസുകഷണങ്ങളാണോ ഇത്രയും നാള്‍ നിധിപോലെ അദ്ദ്യം സൂക്ഷിച്ചത്? ഫണ്ണി ഫെലോസ്!

എന്തായാലും ഇരുന്നുമൊരഞ്ഞ പൊത്തില്‍നിന്നും അയാള്‍ പോയി, കടലാസുകെട്ടുകളും ലോഹക്കഷണങ്ങളുമൊന്നും എടുക്കാതെ. ഇനിയിപ്പോള്‍ പൊത്തിലുള്ള മറ്റാരെങ്കിലും കടലാസ്സു പെട്ടി സ്വന്തമായി വയ്ക്കും. പിന്നെ അവരും പോകും,  മൂക്കീ പഞ്ഞിവച്ചു  വെര്‍ട്ടിക്കലായി.

ഞാനിത്രെ ചോദിക്കുന്നുള്ളു, ജെയിംസ്വെബ്ബ് ടെലസ്‌കോപ്പ് നമ്മള്‍ കാണുന്ന പ്രപഞ്ച സീമയ്ക്കും അപ്പുറത്തേക്ക് പറപ്പിച്ച ഈ ആണ്‍ പെണ്‍ മനുഷ്യര്‍ എന്തിനാണ് അവരവരുടെ പൊത്തിലിരുന്ന് പൊത്തിലേക്കു മാത്രം നോക്കിയിരിക്കുന്നത്? ഞങ്ങള്‍ പ്രാവുകള്‍ ഇവരെപ്പോലെ പൊത്തു  ജീവികളാണെങ്കിലും ഇവരിത്തിരി കൂടിപ്പോകുന്നില്ലേ എന്നാണു എന്റെ സംശയം.

ഞങ്ങളുടെ കാടുവെട്ടിത്തെളിച്ചു ഞങ്ങളിരുന്ന പാറക്കൂട്ടങ്ങള്‍ ഡയനാമിറ്റ് വച്ച് തകര്‍ത്തു ഇവര്‍ ഫ്ളാറ്റുണ്ടാക്കി. ഇപ്പോള്‍ അവരുണ്ടാക്കിയ പൊത്തിന്റെ അകത്ത് അവരും പുറത്തു ഞങ്ങളും ഇരിക്കുന്നു. ഞങ്ങളുടെയിടം നിങ്ങളെടുത്തു, നിങ്ങളുടേത് ഞങ്ങളും. അതിനെന്തിനാന്നെ വഴക്കും വയ്യാവേലീം? 

അരിതിന്നു കുംഭവച്ചവര്‍ അരി തിന്നുന്ന കൊമ്പനെ വെറുക്കുന്നു. അകത്തിരുന്നു നിങ്ങള്‍ ജീവിതശൈലീ ലേപങ്ങള്‍ പുരട്ടി ഗുളികന്മാരായി വാഴുന്നു. പുറത്തിരുന്നാലും ഞങ്ങള്‍ പറക്കുന്നു, വിശക്കുമ്പോള്‍ കൊത്തിപ്പെറുക്കുന്നു. ഉദയവും അസ്തമയവും മഞ്ഞും തണുപ്പും ഋതുഭേദങ്ങളുമൊക്കെയറിഞ്ഞു നക്ഷത്രങ്ങളായി മാറുന്നു. നിങ്ങളോ...?

താങ്ക് ഗോഡ്, വി ആര്‍ നോട്ട് ഗുളികന്‍സ് ലൈക് യു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios