Asianet News MalayalamAsianet News Malayalam

Malayalam Short Story : ശലഭദൂരങ്ങള്‍, കെ പ്രദീപ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  കെ പ്രദീപ് എഴുതിയ ചെറുകഥ

chilla malayalam  short story by K Pradeep
Author
First Published Apr 19, 2023, 8:30 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan


ഓര്‍മ്മകള്‍ പാസഞ്ചര്‍ ട്രെയിന്‍ പോലെയാണ്. അത് ചിലയിടങ്ങളില്‍ ദീര്‍ഘനേരം പിടിച്ചിടുന്നു. 

ഞാന്‍ കയറിയ വണ്ടിയും അതുപോലെയായിരുന്നു. മൂന്ന് എക്‌സ്പ്രസ് ട്രെയിനുകള്‍ കടന്നു പോകേണ്ട നേരമത്രയും തിക്കോടി സ്റ്റേഷനില്‍ അത് കാത്തു നിന്നു.

എനിക്കും തിരക്കില്ല. 

ഈ ദിവസം ഞാന്‍ ആകെ ചെയ്യാന്‍ പോകുന്നത് ട്രെയിനിലിരിക്കുക, എന്റെ വീടായിരുന്ന ഇടത്തിന് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോവുക- ഇത് രണ്ടും മാത്രമാണ്.

കനത്ത രണ്ട് മഴകള്‍ക്കിടയില്‍ വെയില്‍  തെളിഞ്ഞ നേരം. 

മഴ വരുന്ന വഴിയിലേക്ക് വിരല്‍ച്ചില്ലകള്‍ നീട്ടി  വളര്‍ന്നു നിന്ന മരങ്ങളെ ആ നേരം ഞാന്‍ ശ്രദ്ധിച്ചില്ല. മഴമൂര്‍ച്ഛകളില്‍ തളര്‍ന്ന പുല്‍നാമ്പുകളെ- അതിനിടയിലൂടെ പറക്കുന്ന മഞ്ഞയും വെള്ളയും ശലഭങ്ങളെ - നോക്കിയിരുന്നു.

ജീവിതവും ഇതുപോലെയാണ്- എനിക്ക് തോന്നി.

കനത്ത രണ്ട് മഴയ്ക്കിടയില്‍ തെളിയുന്ന വെയിലില്‍ നാം താണ്ടുന്ന ശലഭദൂരങ്ങള്‍. പറക്കാനുള്ള അത്യുത്സാഹം. ചിരികള്‍. ആഹ്‌ളാദങ്ങള്‍. ചെന്നിരിക്കുന്ന  ചെടിപ്പച്ച.  കമ്മല്‍ പൂക്കളുടെ കടുംമഞ്ഞ. വെയില്‍ വീണ മഴത്തുള്ളികള്‍.

എന്റെ അമ്മയ്ക്കും ഇതുപോലെ ഒരു കമ്മലുണ്ടായിരുന്നു. കമ്മല്‍ പൂവ് പോലെ ഒരു കാതില്‍ വേണമെന്ന് പറഞ്ഞു വാങ്ങിച്ചത്. അതിന് പക്ഷേ ചുവന്ന ഇലകളായിരുന്നു.

എന്റെ ശേഖരത്തിലുമുണ്ട് ഇപ്പോള്‍ ഒരു പാട് കാതിലുകള്‍- മയിലുകള്‍, ഇലകള്‍, പക്ഷിക്കൂടുകള്‍, പച്ചമുന്തിരികള്‍.

അമ്മ അതൊന്നും കണ്ടിട്ടില്ല.

കണ്ടിട്ടുണ്ടെങ്കില്‍ പറയുമായിരുന്നു: 'നിനക്ക് ഇതിനൊക്കെ പകരം സ്വര്‍ണ്ണത്തിന്റെ കാതില് വല്ലതും വാങ്ങിച്ചു വെച്ചൂടെ? ലച്ചൂന് ഭാവിയിലേക്ക്?' 

ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ മഴയും തുടങ്ങി. 

ഞാന്‍ എന്റെ വശത്തെ ഗ്ലാസ് വിന്‍ഡോ വലിച്ചു താഴ്ത്തി.

എന്റെ തൊട്ടുമുന്നിലെ വിന്‍ഡോസീറ്റിലിരുന്നയാള്‍ മഴ നനയാന്‍ തീരുമാനിച്ച പോലെ. അല്ലെങ്കില്‍ മഴ പെയ്യുന്നുണ്ടെന്ന് ശ്രദ്ധിയ്ക്കാത്തത് പോലെ. 

ആ മഴ എന്നെയും നനയ്ക്കുന്നുണ്ട്. 

ഞാന്‍ ഒരല്പം മാറിയിരുന്നു. 

അയാളോട് ഒന്നും ചോദിച്ചില്ല.

ചിലര്‍ മഴ നനയുകയാണ്- എന്നാല്‍  മഴയില്‍ തണുക്കുകയാണ് ചിലര്‍; മുന്‍പേ വെന്തുപോയവര്‍.

ഒരിയ്ക്കല്‍ വീടായിരുന്ന ഇടത്തെക്കുറിച്ച് ഞാന്‍ വീണ്ടും ഓര്‍ത്തു തുടങ്ങി.

ആരും മരിച്ചു പോകുന്നുണ്ടാവില്ല-ഞാന്‍ സ്വയം പറഞ്ഞു: 'അവര്‍ നമ്മെ കാത്തിരിക്കുന്ന ഇടങ്ങള്‍ മാറുന്നു എന്നേയുള്ളൂ.'

ഓരോ സ്റ്റേഷനിലും വണ്ടി നിര്‍ത്തുകയും യാത്ര തുടരുകയും ചെയ്യുന്നു. എന്നാല്‍ ഈ ദിവസം ഈ നേരം കയറാന്‍ ആളുകള്‍ അധികമില്ല. അവരുടെ യാത്രാ നേരം മറ്റൊന്നായിരിക്കും. അതെനിക്കറിയാം.  അതുകൊണ്ടാണ് ഞാന്‍ ഈ വണ്ടി ഈ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത്.

വന്നുകയറിയവര്‍ മഴ നനഞ്ഞ നിലമുള്ള ഞങ്ങളുടെ ബോഗിയില്‍ നിന്നില്ല. അവര്‍ മറ്റ് ഇരിപ്പിടങ്ങളിലേക്ക് അകന്നു പോയിക്കൊണ്ടിരുന്നു.

ഞാന്‍ അയാളെ നോക്കി. ഞങ്ങള്‍ക്കിടയില്‍ മറ്റെന്തോ സാമ്യതകളുണ്ട്. മഴ പോലെ അല്ലെങ്കില്‍ ദുഃഖമോ മരണമോ പോലെ സത്യമായ എന്തോ ഒന്ന്.

എന്താകാം?

എനിക്ക് ചോദിക്കണമെന്ന് തോന്നി. നിറയെ മിണ്ടണമെന്ന്.

അപരിചിതര്‍ എനിക്ക് എന്നും  പ്രിയപ്പെട്ടവരാണ്. ഞാനും അവരും ഒറ്റയ്ക്കാണെങ്കില്‍ പ്രത്യേകിച്ചും. എന്നെ അറിയാത്ത ഒരാളുടെ മുന്നില്‍ ഞാന്‍ വാക്കുകളുടെ നിറഞ്ഞ ജലാശയമാണ്. ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് ഉറപ്പുള്ള ഒരാള്‍ക്ക് സ്‌നേഹത്തിന്റെ ഭാഷയുമാണ്.

ഒരിടത്ത്, അടുത്ത പുഴ കടന്ന് ഒരിടത്ത്, ട്രെയിന്‍ അതിന്റെ വേഗം കുറയ്ക്കുന്ന നേരത്ത്, ഞാന്‍ ജാലകത്തിന്റെ  പുറത്ത് വിരല്‍ ചൂണ്ടി, ഇങ്ങനെ അയാളോട് പറഞ്ഞു:

'അതാണ് എന്റെ വീട്.  എന്റെ അമ്മ മരിച്ചുപോയിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷായി. സുനാമിക്ക് ശേഷം വന്ന ആ ജൂണില്‍ - അന്ന് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ഈ നാട്ടിലേ ഉണ്ടായിരുന്നില്ല... തിളച്ചു മറിയുന്ന ഒരു വേനലില്‍ നിന്ന് ഒരു വിമാനമിറങ്ങി നേരേ ഇവിടെ എത്തി. ആ നേരം മഴയുണ്ടായിരുന്നില്ല. പക്ഷേ പകലിനും ഇരുട്ടായിരുന്നു.

'ഒന്ന് കരഞ്ഞൂടെ നിനക്ക്' എന്ന് ആരൊക്കെയോ ചോദിച്ചു. അമ്മയോടൊപ്പം പോയ ഏതോ മരണവീട് ഞാന്‍ ഓര്‍ത്തു. ആളുകള്‍ നിലത്തു വീണ് അലറിക്കരഞ്ഞു കൊണ്ടിരുന്ന ഒരു നേരം. എനിക്ക് ഭയം തോന്നി. എന്തിനാണ് ഇതുപോലെയെന്ന് അമ്മയോട്  ഞാന്‍ ചോദിച്ചു.

അമ്മ പറഞ്ഞു: ഈ നേരം, ഇങ്ങനെ ഉച്ചത്തില്‍ കരയണം. ഒരുപാട് ഉറക്കെ കേള്‍ക്കുന്ന കരച്ചിലുകള്‍. മരിച്ചു പോയ ആള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ തുറക്കുന്ന താക്കോലുകള്‍ ആണ്. പ്രിയപ്പെട്ടവരാണല്ലോ ഇങ്ങനെ കരയുക. ഒരു പാട് പേര്  ഒരുപാട് ഉച്ചത്തില്‍ കരയുമ്പോള്‍  മരിച്ചു ചെല്ലുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വലിയ സ്ഥാനം കിട്ടും. ഒരുപാട് പേരുടെ പ്രിയപ്പെട്ട ആളായിരുന്നു എന്ന സ്ഥാനം...'

ഞാന്‍ അയാളോട് ചോദിച്ചു: 'അമ്മ എന്നെ വിട്ട് ഒരു സ്വര്‍ഗ്ഗത്തിലേക്കും പോകേണ്ട എന്ന് പറയാനാണോ ഞാന്‍ അന്ന് കരയാതിരുന്നത്?'

അയാള്‍ ഒന്നും പറഞ്ഞില്ല.

ഉള്ളില്‍ അയാള്‍ കരയുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഒരു പക്ഷേ എന്നേക്കാള്‍ ഉച്ചത്തില്‍. തകര്‍ന്നു പോയവരുടെ കരച്ചിലുകള്‍ അങ്ങനെയാണ്. അതിന് ശബ്ദമേ ഉണ്ടാകില്ല.

ആ നേരം  യൂണിഫോമിട്ട കുറെയധികം കുട്ടികള്‍ കയറി ഞങ്ങളുടെ അടുത്തെല്ലാം ഇരുന്നു. അവിടെ ഇരിക്കാനാകുന്നതിലും അധികമിരട്ടി കുട്ടികള്‍. ഏതോ പരീക്ഷ കഴിഞ്ഞ പോലെ അവരുടെ കയ്യില്‍ ചോദ്യക്കടലാസുകള്‍ ഉണ്ടായിരുന്നു.

അമ്മ ഉത്തരക്കടലാസുകള്‍ നോക്കിയിരുന്ന ഒരു കാലം ഞാനോര്‍ത്തു.

സ്വാതന്ത്ര്യസമരങ്ങളുടേയും  ലോകമഹായുദ്ധങ്ങളുടേയും വിപ്ലവങ്ങളുടേയും ചരിത്രം നിറഞ്ഞ ഉത്തരക്കടലാസുകള്‍.  നോക്കി നോക്കി അമ്മയ്ക്ക് ഉറക്കം വരും. അമ്മ ഉറങ്ങിയിരുന്ന അവധിക്കാലത്തെ ഉച്ചനേരങ്ങള്‍.

കണ്ണ് തുറന്നപ്പോള്‍ ഞങ്ങളുടെ ട്രെയിന്‍ ഷൊര്‍ണ്ണൂര്‍. അവസാനത്തെ സ്റ്റേഷന്‍. ആളൊഴിഞ്ഞ ബോഗി.

'ഇറങ്ങുന്നില്ലേ?'-ഞാന്‍ അയാളോട് ചോദിച്ചു.

'കളനാട് എത്തിയോ?'

'കളനാടോ?' ഇത് ഷോര്‍ണ്ണൂരാണ്

മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനിന് പകരം തെക്കോട്ടുള്ള ട്രെയിനിലാണ് അയാള്‍ കണ്ണൂര്  നിന്ന് കയറിയതെന്ന് എനിക്ക് മനസ്സിലായി.

'നിങ്ങള് ഇടയ്ക്കുള്ള സ്റ്റേഷനൊന്നും ശ്രദ്ധിച്ചില്ലേ?'-പുറത്തിറങ്ങി നടക്കുമ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു.

'ഇല്ല.. ഞാന്‍ ഒന്നും കണ്ടില്ല. എനിക്ക് ഒന്നും ഓര്‍മ്മയില്ല. ഇന്ന് രാവിലെ എന്റെ അമ്മ മരിച്ചു.
ഞാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു.'  

ഏത് ട്രെയിനും അമ്മ മരിച്ച വീട്ടിലേക്ക് തന്നെ എത്തിക്കുമെന്ന് കരുതി മുന്നില്‍ കണ്ട ഒരു ബോഗിയില്‍ കയറി ഇരുന്ന ഒരാളോടെന്നപോലെ എനിക്ക് അയാളോട് അനുകമ്പ തോന്നി.

എനിക്കും മറ്റൊന്നും ചെയ്യാനില്ല.  കണ്ണൂരേക്ക് മടങ്ങുകയല്ലാതെ.

ഞാന്‍ അയാള്‍ക്കും കൂടി ഒരു ടിക്കറ്റെടുത്തു. നാലാമത്തെ പ്ലാറ്റ്ഫോമില്‍ അയാളുടെ ഒപ്പം നേത്രാവതിയ്ക്ക് കാത്തിരുന്നു.

അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നു. മാഹി വരെ ഉറങ്ങി. 

വെയിലോ മഴയോ ഇല്ല.

പുഴയ്ക്ക് കുറുകെ കറുത്ത ആകാശം. 

നിറയെ പച്ചകള്‍.

അത് കഴിഞ്ഞ് തലശ്ശേരിയിലെ കടല്‍, കണ്ടല്‍ക്കാടുകള്‍. തുരുത്തുകള്‍.

ഇരുട്ടിയിട്ടില്ല, പകലുമല്ല.

'ഇവിടെ ഞാന്‍ ഇറങ്ങും...'

അയാളെ ഉണര്‍ത്തിയിട്ട് ഞാന്‍ പറഞ്ഞു.

കുറച്ചു നേരം അയാള്‍ ഒന്നും പറഞ്ഞില്ല.

ഞാന്‍ എഴുന്നേറ്റു. പെട്ടെന്ന് അയാളും. 

എന്നിട്ട് ചോദിച്ചു: 'നിങ്ങള്‍ എന്റെ കൂടെ വരുമോ? അമ്മ മരിച്ചു കിടക്കുന്നിടത്തേക്ക് ഒറ്റയ്ക്ക് പോകാന്‍ പേടിയാകുന്നു.'

അദൃശ്യനായ ഒരു മനുഷ്യനാണ് ചില നേരങ്ങളില്‍ മഴ.

അങ്ങനെ ഒരാള്‍ അവിടെയുണ്ടെന്ന്- ആ മനുഷ്യന്റെ വിരലുകള്‍ തണുത്തതാണെന്ന് - നമുക്ക് അറിയാനാകും.

ഒരു കാറ്റ് വെറുതെ  ഒന്ന് തൊട്ടാല്‍ മതി അയാള്‍ കരഞ്ഞു പോകും എന്നും. 

' ഇല്ല, വരാനാകില്ല.'

ഞാന്‍ സൗമ്യമായി പറഞ്ഞു: 'വീട്ടില്‍ എന്റെ മക്കള്‍ കാത്തിരിക്കുന്നുണ്ട്. അവരെ വിഷമിപ്പിക്കുന്നത് എന്റെ അമ്മയ്ക്കു ഇഷ്ടമാകില്ല.'
 

Follow Us:
Download App:
  • android
  • ios