Asianet News MalayalamAsianet News Malayalam

Malayalam Poems: ദാഹം, ഡോ രമ്യാ രാജ് ആര്‍ എഴുതിയ മൂന്ന് കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ രമ്യാ രാജ് ആര്‍ എഴുതിയ മൂന്ന് കവിതകള്‍

chilla malayalam  poem by Dr Remya Raj
Author
First Published Apr 16, 2024, 4:25 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  poem by Dr Remya Raj

 

ദാഹം
(സിദ്ധാര്‍ഥന്)

കൊരുത്തു പോയതു കൊണ്ടാണ്,
കൊളുത്തി വലിച്ചതു കൊണ്ടാണ്
മഷി പടര്‍ത്തുന്നത്.

വലിഞ്ഞു മുറുകിയ ഞരമ്പുകള്‍ പിടഞ്ഞത്
മുഷ്ടി ചുരുട്ടി ഉയര്‍ത്തിപ്പിടിക്കാനായിരുന്നില്ല,
ദാഹം... ഒടുങ്ങാത്ത ദാഹം.

ഇന്ന് ഞാന്‍ ആ ദാഹത്തിന്റെ പക്വതയില്‍
അലിഞ്ഞമര്‍ന്നു!

എനിക്കു പിന്നില്‍ 
ഒടുങ്ങാത്ത ദാഹം പേറി
കനത്ത മരവിപ്പിനെ വലിച്ചു കുടിച്ച്
ഇരമ്പിയാര്‍ത്തു വരുന്ന
രക്തപ്പച്ചയില്ലാത്ത,
വിശന്നൊട്ടിയ നാവുകളില്ലാത്ത,
ഭ്രാന്തമായ ഭാഷയില്‍ സംവദിക്കുന്ന,
മനുഷ്യഗന്ധം പേറുന്ന
ഇരുകാല്‍പ്പിറവികളുടെ
രൂപക്കൂടുകളില്‍ 
എന്റെ ലയനം അപൂര്‍ണ്ണമാകുന്നു.

ഞാന്‍ വീണ്ടും
ദാഹനീരിന്റെ കൂച്ചുവിലങ്ങുകളില്‍
ഉഴറിയലയുന്നു.
ആത്മബന്ധങ്ങളുടെ രോദനങ്ങളില്‍
വേച്ചു വീഴുന്നു.
ഒന്നും ഉണര്‍വ്വിലേക്ക് കൂപ്പു കുത്തുന്നില്ല.


പേറ് 

ഉരുട്ടിയാല്‍ പറന്നിറങ്ങുകയും
പരത്തിയാല്‍ ഉരുണ്ടിറങ്ങുകയും ചെയ്യുന്ന
താന്തോന്നികളാണ് എന്റെ കവിതകള്‍.
ജനിച്ച നിമിഷം മുതല്‍ വാചാലമാകുന്ന
ഇഴയടുപ്പമില്ലാത്ത വലക്കണ്ണികള്‍,
ഒറ്റത്തഴപ്പായയില്‍
ഒരു പുതപ്പിന്നടിയില്‍
പിടിച്ചു കിടത്താനാഞ്ഞാല്‍
കുതറിത്തെറിക്കുന്ന
തല്ലുകൊള്ളികള്‍.

ഇന്നലെ രണ്ടെണ്ണത്തിനെ എറിഞ്ഞിട്ടു,
ഓര്‍ക്കാപ്പുറത്ത്
അടിയേറ്റതു കൊണ്ടാവാം
അനുസരണയോടെ വീണു കിടന്നു.
നുറുക്കുവിദ്യകള്‍ ഒന്നും വേണ്ടിവന്നില്ല.
കൊഴിഞ്ഞു വീണ പച്ചിലകള്‍ പോലെ
നിലം പറ്റിക്കിടന്നു.
തൃപ്തിയോടെ അവയെ നോക്കി
പാല്‍ ചുരത്തി
മറുപിള്ളയെ പുറത്തേക്ക്
ഉന്തിയിട്ട്
പുറം തിരിഞ്ഞു കിടന്നു.


കൂട്

മഴയ്ക്കും മുമ്പേ
കൊയ്തെറിഞ്ഞ
വിളഞ്ഞ മത്സ്യങ്ങള്‍
അവന്റെ കണ്ണുകളില്‍ തിളങ്ങി നിന്നു.
അവയുടെ പിന്നില്‍
അവള്‍ രണ്ട് ആഴമുള്ള
കുളങ്ങള്‍ പണിതു.

വേനല്‍ച്ചൂട് കൂടി വരുമ്പോഴൊക്കെയും
അവള്‍ അവയില്‍ ആണ്ടു കിടന്നു,
പടവുകളില്‍ ഒതുക്കുകല്ലുകളില്ലാത്ത
മുങ്ങാങ്കുഴിയിടാന്‍ മാത്രം കഴിയുന്ന കുളങ്ങള്‍,
അതും അവള്‍ ഇരട്ടകളായി വേര്‍പിരിയുമ്പോള്‍
മുട്ടില്ലാതിരിക്കാന്‍ രണ്ടെണ്ണം.
 


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios