ആങ്ങളയായി കൂടെയുണ്ടായിരുന്ന വിഷ്ണു അറിയാതെ സുഗതകുമാരി എങ്ങനെ പോവാനാണ്!  ഇന്ന് പകല്‍, മൂന്നാലു വര്‍ഷത്തെ മറവിരോഗത്തിനു വിരാമമിട്ട്, അമ്മമലയാളത്തിന്റെ ഓര്‍മ്മകളില്‍ സ്വയം അടയാളപ്പെടുത്തി അദ്ദേഹം വിടപറയുമ്പോള്‍, അതറിയാന്‍ സുഗതകുമാരിയുമില്ല. ഉണ്ടായിരുന്നുവെങ്കില്‍, രണ്ടു സഹോദരിമാരുടെ വിയോഗം തീര്‍ത്ത കടലിളക്കങ്ങളുടെ നാളുകളിലെന്നോണം ആടിയുലഞ്ഞുപോയേനെ ടീച്ചര്‍. 

 

സുഗതകുമാരിയുടെ കാലില്‍ തൊട്ടുവന്ദിക്കുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി

 

പോയവര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലൊന്നില്‍, കൊവിഡ് 19 രോഗത്തെ തുടര്‍ന്നുള്ള രോഗപീഡകള്‍ക്കൊടുവില്‍, സുഗതകുമാരി വിടപറയുമ്പോള്‍, ഓര്‍മ്മയുടെ വാതിലുകളാകെ അടഞ്ഞ നിലയില്‍ മറവിയില്‍ പൂണ്ടുകിടക്കുകയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. കേരളമാകെ ടീച്ചറുടെ വിയോഗത്തില്‍ കരയുമ്പോള്‍, അദ്ദേഹം ഒന്നുമറിയാതെ നിശ്ശബ്ദം കിടന്നു. കൂടെപ്പിറക്കാതെ പോയ പെങ്ങളായി കരുതിയ സുഗത കുമാരിയുടെ വിയോഗവാര്‍ത്തയുടെ നടുക്കം അദ്ദേഹത്തെ അറിയിക്കാതെ കുടുംബം നോക്കി. എന്നിട്ടും ആരും പറയാതെ, ഒന്നും കാണാതെ അദ്ദേഹമറിഞ്ഞിരിക്കണം ആ അഭാവം. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മകള്‍ അദിതിയുടെ ഓര്‍മ്മയില്‍ ആ അനുഭവമുണ്ട്. 

'ടീച്ചര്‍ പോയ ഡിസംബര്‍ 23 മുതല്‍, അച്ഛന്‍ മൗനത്തിലാണ്. ഉണര്‍ന്നുകിടക്കും, ഭക്ഷണവും വെളളവുമൊക്കെ കൊടുക്കുന്നതു കഴിക്കും... പക്ഷേ, പതിവുപോലെ 'സാവിത്രീ' എന്ന് അമ്മയെ വിളിക്കുന്നില്ല. അവ്യക്തമെങ്കിലും ഇടയ്ക്കൊക്കെ പതിവുള്ള അന്വേഷണങ്ങളോ ആവശ്യങ്ങളോ ഇല്ല. തികച്ചും ശൂന്യമായ നോട്ടത്തിനപ്പുറം, മറ്റു പ്രതികരണങ്ങള്‍ ഒന്നുമില്ല. എന്റെ മകള്‍ എന്നോടു ചോദിച്ചു: ''അമ്മയ്ക്കു തോന്നുന്നുണ്ടോ, മുത്തശ്ശനോടു പറയാതെ സുഗതച്ചേച്ചി പോകും എന്ന്? ചേച്ചി വന്നിട്ടുണ്ടാകും, യാത്ര പറഞ്ഞിട്ടുണ്ടാകും; മുത്തശ്ശന്‍ എല്ലാം അറിഞ്ഞിട്ടും ഉണ്ടാകും!''

അത് സത്യമായിരുന്നു. ചെറുപ്പം മുതലേ, ആങ്ങളയായി കൂടെയുണ്ടായിരുന്ന വിഷ്ണു അറിയാതെ സുഗതകുമാരി എങ്ങനെ പോവാനാണ്!  ഇന്ന് പകല്‍, മൂന്നാലു വര്‍ഷത്തെ മറവിരോഗത്തിനു വിരാമമിട്ട്, അമ്മമലയാളത്തിന്റെ ഓര്‍മ്മകളില്‍ സ്വയം അടയാളപ്പെടുത്തി അദ്ദേഹം വിടപറയുമ്പോള്‍, അതറിയാന്‍ സുഗതകുമാരിയുമില്ല. ഉണ്ടായിരുന്നുവെങ്കില്‍, രണ്ടു സഹോദരിമാരുടെ വിയോഗം തീര്‍ത്ത കടലിളക്കങ്ങളുടെ നാളുകളിലെന്നോണം ആടിയുലഞ്ഞുപോയേനെ ടീച്ചര്‍. 

തൈക്കാട് ശാസ്താക്ഷേത്രത്തിനടുത്തുള്ള വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ 'ശ്രീവല്ലിയില്‍' വീട്ടില്‍നിന്നും കഷ്ടിച്ച് ഒരു കിലോ മീറ്റര്‍ ദൂരമേ ഉള്ളൂ, നന്ദാവനം ബോധേശ്വരന്‍ ലെയിനിലെ സുഗതകുമാരി ടീച്ചറുടെ വീടായ വരദയിലേക്ക്. എന്നാല്‍, ഒട്ടുമുണ്ടായിരുന്നില്ല ആ വീടുകളിലെ മനുഷ്യര്‍ തമ്മിലുള്ള അകലം.  മൂന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ള സുഗതകുമാരിയുടെ കുടുംബത്തിലെ ആണ്‍തരിയായാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി പരിഗണിക്കപ്പെട്ടിരുന്നത്. 'കര്‍മ്മം കൊണ്ട് സഹോദരനാണ്' താനെന്ന് അദ്ദേഹം പറയുമായിരുന്നു.കവിതയെഴുതുന്ന രണ്ട് മക്കളാണ് തനിക്കെന്നാണ് സുഗതകുമാരിയുടെ പിതാവ് ബോധേശ്വരന്‍ പറഞ്ഞിരുന്നത്. വിഷ്ണുവിനോട് ആലോചിക്കാതെ കുടുംബത്തിലെ ഒരു കാര്യങ്ങളും ചെയ്തിരുന്നില്ല, ടീച്ചറിന്റെ അമ്മ കാര്‍ത്യായനി ടീച്ചര്‍. 

 

സുജാതാ ദേവി, ഹൃദയകുമാരി, സുഗതകുമാരി'കര്‍മ്മം കൊണ്ട് സഹോദരി, കവിതയില്‍ അമ്മ'

സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനും ആത്മീയ, രാഷ്ട്രീയ, ദാര്‍ശനിക, സാമൂഹ്യ മേഖലകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളുമായിരുന്നു സുഗതകുമാരി ടീച്ചറിന്റെ അച്ഛന്‍ ബോധേശ്വരന്‍. സംസ്‌കൃത പണ്ഡിതയും കോളജ് അധ്യാപികയുമായിരുന്നു അമ്മ പ്രൊഫ. കാര്‍ത്യായനിയമ്മ. പില്‍ക്കാലത്ത് അധ്യാപികയും സാഹിത്യ പണ്ഡിതയുമായി പേരെടുത്ത ഹൃദയകുമാരി ആയിരുന്നു മൂത്തകുട്ടി. കവിയാവാന്‍ പിറന്ന ഒരാളായിരുന്നു സുഗതകുമാരി. കവിതയിലേക്കും ആത്മീയതയിലേക്കും പില്‍ക്കാലത്ത് നടന്നുപോയൊരാളായിരുന്നു ഇളയകുട്ടി സുജാതാ ദേവി. അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു, ആഴത്തില്‍ പരസ്പരം ചേര്‍ന്നുനിന്ന ഇവര്‍ മൂവരും. ആ കൂട്ടത്തിലേക്കാണ്, തിരുവല്ലയിലെ ഇരിങ്ങോലില്‍ ശ്രീവല്ലി ഇല്ലത്തെ വിഷ്ണു നാരായണന്‍ നമ്പൂതിരി എത്തുന്നത്. 

സംസ്‌കൃതമായിരുന്നു അതിലേക്കുള്ള വഴി തുറന്നത്. വേദങ്ങളിലും ഉപനിഷത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. അതേപോലൊരാളായിരുന്നു, സുഗതകുമാരി ടീച്ചറുടെ അമ്മ കാര്‍ത്യായനി ടീച്ചര്‍. സംസ്‌കൃത സാഹിത്യത്തിലും വേദോപനിഷത്തുക്കളിലും പണ്ഡിത. വ്യാകരണത്തിലും മറ്റുമുള്ള സംശയനിവാരണത്തിനായാണ് വിഷ്ണു ടീച്ചറിന്റെ അടുത്തെത്തിയത്. സാഹിത്യത്തിലും ഭാഷയിലുമുള്ള താല്‍പ്പര്യങ്ങള്‍ ഇരുവരും തിരിച്ചറിഞ്ഞു. ടീച്ചര്‍ വിഷ്ണുവിനെ മകനെപ്പോലെ കണക്കാക്കി. കവി കൂടിയായിരുന്ന ബോധേശ്വരന് അത്രയ്ക്കിഷ്ടമായിരുന്നു വിഷ്ണുവിനെ. എഴുത്തും വായനയും നിറഞ്ഞുനിന്ന ആ വീട്ടില്‍ പെട്ടെന്നു തന്നെ വിഷ്ണു ഒരംഗമായി. അവര്‍ക്ക് സംസാരിക്കാന്‍ കവിതയും സാഹിത്യവും ആത്മീയതയും മാത്രമായിരുന്നില്ല, ആകാശച്ചോട്ടിലെ മുഴുവന്‍ കാര്യങ്ങളുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കൊണ്ട് ഗാഢമായ സാഹോദര്യമായി ആ ബന്ധം വളര്‍ന്നു. നാലു പേരും വളര്‍ന്നത്, പരസ്പരം കൈത്താങ്ങായി കൊണ്ടായിരുന്നു. 

ടീച്ചറിന്റെ തറവാട്ടുവീട്ടില്‍ വിഷ്ണുവിന് ഒരു മുറി ഉണ്ടായിരുന്നു. അതിനിടയാക്കിയത് പൂജകളാണ്. 'കുഞ്ഞ്, മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചകളിലും വീട്ടില്‍വന്ന് ഗണപതിഹോമവും ഭഗവതിസേവയും നടത്തണം' എന്ന് കാര്‍ത്യായനി ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ വിഷ്ണുവിന് ആലോചിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കുളിച്ചു ശുദ്ധമായി പൂജ നടത്താന്‍ വിഷ്ണുവിന് സ്വന്തമായി ഒരു മുറി അവര്‍ നല്‍കി. പിന്നെ എക്കാലത്തും അത് വിഷ്ണുവിന്റെ മുറിയായിരുന്നു. 

പൂജാനന്തരം, പ്രസാദം തരുമ്പോള്‍, പൂജ നടത്തിയ ആളുടെ കാലില്‍ നമസ്‌കരിക്കണമെന്നാണ്. ഹൃദയയെയും സുഗതയെയും ഒരിക്കലും അതിനനുവദിച്ചിരുന്നില്ല അദ്ദേഹം. പകരം, അവരുടെ കാലുകളില്‍ നമസ്‌കരിച്ച ശേഷം, പ്രസാദം കൊടുക്കും. പില്‍ക്കാലത്ത്, മൂന്ന് വര്‍ഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെ, ഇതിനെ ചൊല്ലി ചെറിയൊരു വിവാദത്തിലും അദ്ദേഹം പെട്ടു. 

ക്ഷേത്രദര്‍ശനത്തിന് എത്തിയ സുഗതകുമാരിയുടെ കാലില്‍ മേല്‍ശാന്തിയായ വിഷ്ണുനാരായണന്‍ നമ്പൂതിരി നമസ്‌കരിച്ചപ്പോള്‍, മേല്‍ശാന്തി ഒരു നായര്‍ സ്ത്രീയുടെ കാലില്‍ നമസ്‌കരിക്കുകയോ എന്ന് ചിലര്‍ വിവാദമുണ്ടാക്കി. 'കര്‍മ്മം കൊണ്ട് മൂത്ത സഹോദരിയും കവിതയില്‍ അമ്മയുമാണ്. അമ്മയെ നമസ്‌കരിക്കുക എന്നത് എന്റെ ധര്‍മ്മമാണ്'-ഇതായിരുന്നു അദ്ദേഹം അന്ന് നല്‍കിയ മറുപടി. 

 

....................................

Read more: ഒരേ വയറ്റില്‍ പിറന്ന മൂന്ന് പെണ്‍കുട്ടികള്‍ മലയാളത്തിന്റെ പ്രിയപ്പെട്ടവരായ കഥ! 

ഹൃദയകുമാരി


'ഞാന്‍ ഷെല്ലിയും കീറ്റ്‌സുമൊക്കെ ശ്രീവല്ലഭന് വായിച്ചു കേള്‍പ്പിക്കും'
 
ഹൃദയകുമാരി ടീച്ചറും വിഷ്ണു നാരായണന്‍ നമ്പൂതിരിയും യൂനിവേഴ്‌സിറ്റി കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റില്‍ ഏറെക്കാലം സഹപ്രവര്‍ത്തകരായിരുന്നു. വായനയ്ക്കും എഴുത്തിനുമായി സമര്‍പ്പിക്കപ്പെട്ട ടീച്ചറിന്റെ ജീവിതത്തെ സ്‌നേഹാദരവുകളോടെയാണ് എക്കാലത്തും വിഷ്ണുനാരായണന്‍ നമ്പൂതിരി കണ്ടത്. പുതിയ പുസ്തകങ്ങള്‍ കിട്ടുമ്പോള്‍, അപ്പോള്‍ തന്നെ ടീച്ചര്‍ വിഷ്ണുവിനെ വിളിച്ചു പറയും, 'ഗംഭീര പുസ്തകമാണ് ഇത് വായിക്കാതെ പോവരുത്.' ടീച്ചറില്‍നിന്നും ലോകസാഹിത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ വിഷ്ണു സദാ സന്നദ്ധനായിരുന്നു. അടുത്തു കാണുമ്പോഴെല്ലാം ഇരുവരും സാഹിത്യ വിമര്‍ശനവും സിദ്ധാന്തങ്ങളുമെല്ലാം ചര്‍ച്ച ചെയ്തു. 

റിട്ടയര്‍മെന്റിനു ശേഷം, 1994-'97 കാലത്താണ് അദ്ദേഹം മൂന്നു വര്‍ഷത്തേക്ക് തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കാരായ്മ ശാന്തിയായി പോയത്. തിരുവനന്തപുരത്തുനിന്നും തിരുവല്ലയ്ക്ക് വിഷ്ണു പോയപ്പോള്‍ മൂവര്‍ക്കും വലിയ സങ്കടമായിരുന്നു. അതോടെ ഹൃദയയും സുഗതയും ആറന്‍മുളയിലെ കുടുംബ വീട്ടിലേക്കുള്ള യാത്രകള്‍ കൂട്ടി. വിഷ്ണുവിനെ കാണാതെ വയ്യ എന്നതായിരുന്നു കാരണം. ആറന്‍മുളയല്ല, തിരുവല്ലയായിരുന്നു ഇടയ്ക്കിടയ്ക്കുള്ള ആ യാത്രകളുടെ ലക്ഷ്യമെന്ന തമാശ കുടുംബത്തിലന്ന് നിലവിലുണ്ടായിരുന്നു. 

ഇടയ്ക്ക് ഹൃദയകുമാരി ടീച്ചര്‍ വിളിക്കും. 'വിഷ്ണൂ, ന്യൂമോണിയും ജലദോഷവും പനിയും വരുത്തി അവിടെ കിടപ്പിലാവല്ലേ, കുറച്ച് വെള്ളമൊക്കെ തലയില്‍ കുടയണേ'. ശാന്തിക്കാരനായിരിക്കുമ്പോള്‍, ദിവസവും നാലോ അഞ്ചോ തവണ കുളത്തില്‍ മുങ്ങണം. അതിലുള്ള ടെന്‍ഷനാണ്. മറ്റൊരിക്കല്‍, വിഷ്ണുവിനെപ്പോലൊരാള്‍ ദിവസത്തിലെ ഏറിയനേരവും ക്ഷേത്രത്തിനകത്ത് കഴിച്ചു കൂട്ടുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചു, ടീച്ചര്‍. രസകരമായിരുന്നു അതിന്റെ മറുപടി. 'ഞാന്‍ ഷെല്ലിയും കീറ്റ്‌സുമൊക്കെ ശ്രീവല്ലഭന് വായിച്ചു കേള്‍പ്പിക്കും. ഇടയ്ക്കു ഷേക്‌സ്പിയറും. ഞങ്ങള്‍ അതിനെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യും'. ഇംഗ്ലീഷ് സാഹിത്യത്തിലെ മഹാരഥന്‍മാരെ ദൈവത്തെ പോലെ കണ്ടിരുന്ന ഹൃദയകുമാരി ടീച്ചര്‍ക്ക് ആ വാക്കുകള്‍ കേട്ടതോടെ സമാധാനമായി. 

ഗ്രീക്ക് സാഹിത്യത്തിലും ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഹിമാലയത്തിലേക്ക്
പോവുന്നതിനേക്കാള്‍ പുണ്യം ഗ്രീസില്‍ പോവുന്നതാണെന്ന് തമാശ പറയുന്നത്ര അഗാധമായിരുന്നു ആ ഗ്രീക്ക് പ്രണയം. മേല്‍ശാന്തിയായിരിക്കെയാണ്, ഗ്രീസിലേക്ക് ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ക്ഷണം വരുന്നത്. മേല്‍ശാന്തി സ്ഥാനത്തു നില്‍ക്കുന്നയാള്‍ കടല്‍ കടന്നു പോവാന്‍ പാടില്ല എന്ന വിശ്വാസം ചിലര്‍ ഉയര്‍ത്തിക്കാട്ടി. വിലക്ക് ലംഘിച്ചാല്‍ സമുദായ ഭ്രഷ്ട് വരുമെന്നും മുന്നറിയിപ്പ് ഉണ്ടായി. ദേവസ്വം ബോര്‍ഡ് ഇവര്‍ക്കൊപ്പം നിന്നു. ഇതൊന്നും അദ്ദേഹത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല. ഈ പറച്ചിലിലൊരു കാര്യവുമില്ലെന്ന് വേദദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ വിശദമായ ഒരു മറുപടി ബോര്‍ഡിനു നല്‍കിയ ശേഷം, അദ്ദേഹം കടല്‍കടന്ന് പോവുക തന്നെ ചെയ്തു. അന്ന്, അതിനേറ്റവും പിന്തുണ നല്‍കിയ ഒരാള്‍ ഹൃദയകുമാരി ടീച്ചറായിരുന്നു. 

ഗാന്ധിയന്‍ ആശയങ്ങളില്‍ അടിയുറച്ചു ജീവിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍, സോഷ്യലിസ്റ്റ് ആശയങ്ങളിലും ഏറെ താല്‍പ്പര്യമുണ്ടായിരുന്നു. ജയപ്രകാശ് നാരായണനെയും വിനോബാ ഭാവെയെയും ഋഷിവര്യന്‍മാരായിട്ടായിരുന്നു അദ്ദേഹം കണ്ടത്. ഇടതുപക്ഷ ആശയങ്ങളില്‍ തല്‍പ്പരനായ, ആധുനികതയെ താല്‍പ്പര്യത്തോട് സമീപിച്ച ഒരാളായിരുന്നു. നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ അടിയുറച്ച വക്താവായിരുന്ന ഹൃദയകുമാരിയുമായി ഗൗരവകരമായ രാഷ്ട്രീയ സംവാദത്തിനുള്ള ഇടമുണ്ടായിരുന്നു. 

ഹൃദയകുമാരി ടീച്ചറുടെ വിയോഗത്തില്‍ ആകെ ഉലഞ്ഞുപോയിരുന്നു അദ്ദേഹം. അവസാനമായി ഒരു നോക്കുകാണാന്‍ വന്ന അദ്ദേഹം അന്ന് ടീച്ചറിനു മുന്നില്‍ ഏറെ നേരം പൂര്‍ണ്ണനമസ്‌കാരത്തില്‍ കിടന്നു. സമീപത്തുണ്ടായിരുന്ന സുഗതകുമാരി, അദ്ദേഹത്തിന്റെ തോളില്‍ ചാഞ്ഞ് കരയുന്ന ദൃശ്യങ്ങള്‍ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

 

ഹൃദയകുമാരി ടീച്ചറുടെ വിയോഗത്തില്‍ ഉലഞ്ഞുപോയ സുഗതകുമാരിയെ ആശ്വസിപ്പിക്കുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി
 

അസാധാരണമായ സാഹോദര്യം

കവിതയില്‍നിന്നും സാമൂഹ്യപ്രവര്‍ത്തനത്തിലേക്കും പരിസ്ഥിതി രാഷ്ട്രീയത്തിലേക്കുമെല്ലാം തിരിഞ്ഞ സുഗതകുമാരിയുടെ എല്ലാ അവസ്ഥകളിലും അവര്‍ക്കൊപ്പമുണ്ടായിരുന്നു അദ്ദേഹം. ടീച്ചറിന്റെ കവിതകളെ  ആഴത്തിലറിഞ്ഞ്, ഇഷ്ടപ്പെട്ടിരുന്ന ഒരു വായനക്കാരന്‍ അദ്ദേഹത്തിലുണ്ടായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ സമയത്ത് പലപ്പോഴും തന്റെ ആശങ്കകള്‍ അദ്ദേഹം പങ്കുവെച്ചു. അപകടങ്ങളിലേക്ക് ചെന്നു ചാടരുതെന്ന് പലപ്പോഴും മുന്നറിയിപ്പ് നല്‍കി.  'ഇതൊക്കെ മതിയാക്കരുതോ' എന്ന് ശബ്ദമുയര്‍ത്തി. നിരന്തര ഓട്ടങ്ങള്‍ക്കിടെ ആരോഗ്യം തകര്‍ന്ന് ആശുപത്രിയിലാവുന്ന സമയത്ത്, ''അതൊക്കെ, പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്ക് ദൈവം തരുന്ന നിര്‍ബന്ധിത വിശ്രമദിനങ്ങളാണ്'' എന്ന് ശകാരിച്ചു. 

എങ്കിലും ആപല്‍ ഘട്ടങ്ങളില്‍ അദ്ദേഹം ടീച്ചറിനെ തനിച്ചാക്കിയില്ല. സൈലന്റ് വാലി മുന്നേറ്റത്തിന് തുടക്കമിട്ട പ്രകൃതിസംരക്ഷണ സമിതിയുടെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രക്ഷോഭകാലത്ത് അതിന്റെ ജോയന്റ് സെക്രട്ടറി. പ്രകൃതിക്കും മരങ്ങള്‍ക്കും വേണ്ടി സുഗതകുമാരി നാടാകെ കവിത ചൊല്ലി നടന്നപ്പോള്‍ ഒപ്പം അദ്ദേഹവുമുണ്ടായിരുന്നു. സമരമുന്നണിയില്‍ അദ്ദേഹം നിര്‍ഭയം നിലയുറപ്പിച്ചു. 

'തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മഹാഗണിമരങ്ങള്‍ക്ക് പിന്തുണയായ 'ചിപ്‌കോ' സമരകാലത്ത്, സുഗതകുമാരിക്കെതിരായുള്ള ആരോപണങ്ങളും അപവാദങ്ങളും കോളേജിന്റെ മതിലില്‍ പതിച്ചു കണ്ടത് സഹിക്കാതെ, ശുണ്ഠിയോടെ, ദേഷ്യത്തോടെ, സൈക്കിളിന്മേലിരുന്നുതന്നെ വലിച്ചു കീറിക്കളഞ്ഞ' അച്ഛനെ വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അദിതി ഓര്‍ക്കുന്നുണ്ട്.  

സുഗതകുമാരിയുടെ ഭര്‍ത്താവ് ഡോ. കെ വേലായുധന്‍ നായരുമായും  ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. ജവഹര്‍ ബാലഭവനില്‍ 'തളിര്' എഡിറ്ററായി ജോലി ചെയ്യുന്ന കാലത്ത്, വൈകുന്നേരങ്ങളില്‍ ഭര്‍ത്താവുമൊത്ത് ടീച്ചര്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍പോവും. അന്ന് വഴുതക്കാടായിരുന്നു അദ്ദേഹം താമസം. കവികളുടെയും എഴുത്തുകാരുടെയുമൊക്കെ കേന്ദ്രമായിരുന്ന ആ വീട് സാഹിത്യ, സാംസ്‌കാരിക ചര്‍ച്ചകളുടെയും ഒരിടമായിരുന്നു. 

വ്യക്തിപരമായ സങ്കടങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും സുഗതകുമാരി ടീച്ചര്‍ മുറിഞ്ഞുവീഴുമ്പോള്‍ താങ്ങി നിര്‍ത്താന്‍ എന്നുമദ്ദേഹം ഉണ്ടായിരുന്നു. താങ്ങാനാവാത്ത വിഷമങ്ങളുടെ നേരത്ത് വായിക്കാന്‍, സ്വന്തം കൈപ്പടയില്‍ അദ്ദേഹം എഴുതിക്കൊടുത്ത ദുര്‍ഗാസ്തവം ടീച്ചര്‍ എന്നും സൂക്ഷിച്ചു. 'ജീവിതം എന്നു പറയുന്ന വലിയ യുദ്ധഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇതുവേണം' എന്നു പറഞ്ഞായിരുന്നു അദ്ദേഹം അത് നല്‍കിയത്. 

 

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ എണ്‍പതാം പിറന്നാളിന് സുഗതകുമാരി എത്തിയപ്പോള്‍
 

മറവിരോഗത്തിന്റെ പിടിയിലായ വിഷ്ണു നാരായണന്‍ നമ്പൂതിരിയെ കാണാന്‍, ആവുന്ന നേരത്തെല്ലാം സുഗതകുമാരി പോവുമായിരുന്നു. നടക്കാനാവുന്ന കാലത്തുടനീളം ആ കാലുകള്‍ വിഷ്ണുവിന്റെ വീട്ടിലേക്ക് നീണ്ടു. ഓര്‍മ്മകള്‍ മാഞ്ഞുപോവുന്ന അവസ്ഥയില്‍നിന്നും കവിയെ തിരിച്ചുപിടിക്കാന്‍ ആവുന്നതു ചെയ്തു. കവിയുടെ എണ്‍പതാം പിറന്നാളിന് സുഗതകുമാരിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, ടീച്ചറിന്റെ 84-ാം പിറന്നാളിന് അദ്ദേഹത്തിന് പോവാനായില്ല. പകരം മകള്‍ അദിതിയും അപര്‍ണയും പതിവുപോലെ മാമ്പഴപ്പുളിശ്ശേരിയുമായി ടീച്ചറുടെ വീട്ടിലെത്തി. 

2014 -ലാണ് ഹൃദയകുമാരി ടീച്ചര്‍ വിടപറഞ്ഞത്. 2018 -ല്‍ സുജാതദേവി യാത്രയായി. ഈ രണ്ടു വിയോഗങ്ങളിലും ആടിയുലഞ്ഞ സുഗതകുമാരി ടീച്ചര്‍ ഈ വര്‍ഷം തുടങ്ങുന്നതിന് തൊട്ടുമുമ്പായി പോയി. കൃത്യം രണ്ടു മാസം കഴിഞ്ഞ്, ആ കൂട്ടുകെട്ടിലെ അവസാനത്തെ ആളുമിതാ വിടപറഞ്ഞിരിക്കുന്നു. അസാധാരണമായ ഒരു സാഹോദര്യത്തിന്റെ ഏട് കൂടിയാണ്, ഇതോടെ അടഞ്ഞുപോവുന്നത്.