പിന്നീട് അതും കണ്ണടച്ചു. ഇതോടെ കോളനിയിലെ ആളുകള്‍ വീണ്ടും ഇരുട്ടിലായി. പദ്ധതി പ്രവര്‍ത്തിക്കുന്നില്ലെന്നറിഞ്ഞ പഞ്ചയത്ത് നന്നാക്കാനായി ഒരാളെ കോളനിയിലേക്ക് വിട്ടു. എന്നാല്‍ വന്നയാള്‍ പാനലുമായി പോയിട്ട് പിന്നീടിതുവരെ തിരിച്ചെത്തിയിലെന്ന് പൊക്കിളന്‍ പറഞ്ഞു. പൊക്കിളന്‍റെ വീട്ടിലാണ് കോളനിയിലേക്കുള്ള സോളാറിന്‍റെ ബാറ്ററികളും മറ്റ് അനുബന്ധ സാധനങ്ങളും ഇപ്പോഴും ഉള്ളത്. സോളാറിന്‍റെ ബാറ്ററിയും മറ്റും ഒറ്റമുറി വീട്ടിലുള്ളതിനാല്‍ പൊക്കിളന്‍ പലപ്പോഴും വീടിന് പുറത്താണ് കിടക്കുന്നത്..... കാസർകോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തില്‍ 600 ഏക്കർ വനഭൂമിയിലെ കോളനിയെക്കുറിച്ച് സുധീഷ് പുങ്ങംചാല്‍ എഴുതുന്നു. 

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ വില്ലേജിൽപ്പെട്ട 600 ഏക്കർ വനഭൂമിക്ക് നടുവില്‍ ആരാലും അറിയാതെ നാല് കുടുംബങ്ങള്‍. പാരമ്പര്യമായി കൈമാറിക്കിട്ടിയ ഭൂമിയില്‍ മൂന്നാല് തലമുറയായി ഇവര്‍ ഇവിടെത്തന്നെ ജീവിക്കുന്നു. മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള അധികൃതരുടെ ആവശ്യത്തിന് ഇവര്‍ക്ക് താല്പര്യമില്ല. തലമുറകാളായി ഉണ്ടാക്കിയ ഭൂമിയും വിളകളും ഉപേക്ഷിച്ച് പുതിയൊരു സ്ഥലത്ത് ഇനിയൊരു ജീവിതം ഏങ്ങനെ സാധ്യമാകുമെന്ന് ഇവര്‍ ചോദിക്കുന്നു. 

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലടിച്ച പേമാരിയോ പ്രളയമോ ഇവര്‍ അറിഞ്ഞിട്ടില്ല. ' ഇത്തവണ മഴ കൂടുതലുണ്ടായിരുന്നു'. അത് മാത്രമാണ് പൊക്കിളന് (68) മഴയെക്കുറിച്ച് പറയാനുണ്ടായിരുന്നത്. കാസർകോട് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട പള്ളത്തുംമല പള്ളിക്കളം കോളനിയിലാണ് പൊക്കിളനും മറ്റ് മൂന്ന് കുടുംബങ്ങളും താമസം. പൊക്കിളനെ കൂടാതെ കരിന്തളൻ (68), ഭാര്യ കാരിച്ചി (58), കൃഷ്ണൻ (57), ഭാര്യ തമ്പായി (48), ബാലകൃഷ്ണൻ (56), എന്നിവരാണ് ആരോടും പരാതി പറയാതെ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ വർഷങ്ങളായി ഈ കൊടിയ വനത്തിന് നടുവിൽ ജീവിക്കുന്നത്.

ഇത്രയും ദൂരം സഞ്ചരിക്കേണ്ടത് കൊണ്ട് പുറത്തുനിന്ന് ആരും കോളനിയിലേക്ക് വരാറില്ല. പുറത്തേക്കും അധികമാരും ഇറങ്ങാറില്ലെന്ന് കരിന്തളന്‍ പറഞ്ഞു. പലപ്പോഴും കാട്ടുകിഴങ്ങും പഴവും ചക്കയും ഒക്കെ ഉള്ളത് കൊണ്ട് റേഷന്‍ മുടങ്ങിയാലും പട്ടിണി കിടക്കേണ്ടി വരാറില്ലെന്ന് മാത്രം. എന്നാല്‍, ആശുപത്രിയില്‍ പോകുന്നതിനാണ് ഏറ്റവും ബുദ്ധിമുട്ട്. ഇത്രയും ദൂരം യാത്രച്ചെയേണ്ടത് കൊണ്ട് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആശുപത്രിയിലെത്തും മുമ്പ് ആള് മരിക്കും. മരിച്ചാല്‍ കത്തിക്കാന്‍ കഴിയില്ല. അതിന് വനത്തില്‍ നിന്ന് വിറകെടുക്കാന്‍ വനപാലകര്‍ അനുവദിക്കില്ല എന്നത് തന്നെ കാരണം. പിന്നെ കുഴിച്ചിടുകയാണ് ഏക നിവര്‍ത്തി. 

പട്ടികജാതി സംവരണമായതിനാല്‍ പള്ളികുളം കൂടി ഉൾപ്പെടുന്ന പള്ളത്തുമല വാർഡിൽ നിന്നു ജയിച്ച എം.രാധാമണിയാണ് ബാളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്. രാധാമണി പഞ്ചായത്ത് പ്രസിഡന്‍റായതിന് ശേഷം, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളനിയിലെ നാല് കുടുംബങ്ങള്‍ക്കായി ഹൈടെൻഷൻ സോളാർ പദ്ധതി അനുവദിച്ചു. ആഘോഷപൂര്‍വ്വം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തോളം സോളാര്‍ രാത്രി വെളിച്ചം നല്‍കിയിരുന്നു. 

പിന്നീട് അതും കണ്ണടച്ചു. ഇതോടെ കോളനിയിലെ ആളുകള്‍ വീണ്ടും ഇരുട്ടിലായി. പദ്ധതി പ്രവര്‍ത്തിക്കുന്നില്ലെന്നറിഞ്ഞ പഞ്ചയത്ത് നന്നാക്കാനായി ഒരാളെ കോളനിയിലേക്ക് വിട്ടു. എന്നാല്‍ വന്നയാള്‍ പാനലുമായി പോയിട്ട് പിന്നീടിതുവരെ തിരിച്ചെത്തിയിലെന്ന് പൊക്കിളന്‍ പറഞ്ഞു. പൊക്കിളന്‍റെ വീട്ടിലാണ് കോളനിയിലേക്കുള്ള സോളാറിന്‍റെ ബാറ്ററികളും മറ്റ് അനുബന്ധ സാധനങ്ങളും ഇപ്പോഴും ഉള്ളത്. സോളാറിന്‍റെ ബാറ്ററിയും മറ്റും ഒറ്റമുറി വീട്ടിലുള്ളതിനാല്‍ പൊക്കിളന്‍ പലപ്പോഴും വീടിന് പുറത്താണ് കിടക്കുന്നത്. 

പൊക്കിളന്‍ ഒറ്റയ്ക്കാണ് താമസം. രണ്ട് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. ഇരുവരും കുടുംബത്തോടൊപ്പം ബളാലിലാണ് താമസം. കാഴ്ച്ച കുറവുണ്ട്, കേള്‍വിക്കും പ്രശ്നമുണ്ട് പൊക്കിളന്‍ പറഞ്ഞു. പള്ളിക്കളം കോളനിയില്‍ നേരത്തെ കുട്ടികളുണ്ടായിരുന്നപ്പോള്‍ ഒരു ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോളനിയില്‍ കുട്ടികളില്ല. അതിനാല്‍ സര്‍ക്കാര്‍ പണിത കെട്ടിടം കാലപ്പഴക്കത്താല്‍ തകര്‍ന്ന് കിടക്കുകയാണ്. മരിക്കും മുമ്പെങ്കിലും കോളനിയിലെ സോളാർ ബള്‍ബുകള്‍ പ്രകാശിക്കുമെന്നാണ് ഇപ്പോഴും പൊക്കിളിന്‍ വിശ്വസിക്കുന്നത്.